News - 2025
മ്യാന്‍മറില്‍ ആറ് വര്‍ഷത്തിനിടെ തകര്‍ത്തത് അറുപതോളം ക്രൈസ്‌തവ ദേവാലയങ്ങള്‍
സ്വന്തം ലേഖകന്‍ 09-02-2017 - Thursday
ഹനോയ്: ക്രൈസ്‌തവര്‍ നിരന്തരം പീഢിപ്പിക്കപ്പെടുന്ന മ്യാന്‍മറില്‍ 2011 മുതല്‍ കാച്ചിന്‍ സംസ്ഥാനത്തു മാത്രം തകര്‍ക്കപ്പട്ടത് അറുപതോളം ദേവാലയങ്ങള്‍. ഇത് സംബന്ധിക്കുന്ന റിപ്പോര്‍ട്ട് 'ക്രക്സ് നൌ' എന്ന മാധ്യമമാണ് പുറത്തുവിട്ടത്. മതപീഢനങ്ങള്‍ ഭയന്ന് ക്രൈസ്‌തവര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് സാധാരണക്കാര്‍ ചൈനയിലേക്കു കുടിയേറുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 10,000ത്തിലേറെ പേര്‍ അതിര്‍ത്തി പട്ടണമായ മാന്‍ഹായില്‍ അഭയം തേടി. അതേ സമയം അഭയാര്‍ത്ഥികള്‍ കടക്കാതിരിക്കാന്‍ ചൈന അതിര്‍ത്തിയില്‍ ഗവണ്‍മെന്‍റ് പട്ടാളത്തെ വിന്യസിപ്പിച്ചിരിക്കുകയാണ്. ഇതുമൂലം 2,000 പേര്‍ കുടുങ്ങി ക്കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
മ്യാന്‍മറിലെ 5.69 കോടി ജനങ്ങളില്‍ 88 ശതമാനവും ബുദ്ധമത വിശ്വാസികളാണ്. ആറ് ശതമാനം ക്രിസ്‌ത്യാനികളും നാല് ശതമാനം ഇസ്ലാം മതവിശ്വാസികളുമാണ് രാജ്യത്തുള്ളത്. തീവ്ര ബുദ്ധമത വിശ്വാസികളുടെ അതിക്രമങ്ങളും പീഢനങ്ങളും മ്യാന്‍മറിലെ ക്രൈസ്‌തവരേയും മുസ്ലിമുകളേയും ഇടതടവില്ലാതെ വേട്ടയാടിക്കൊണ്ടിരിക്കയാണ്.
അടുത്തിടെ ഷാന്‍ സംസ്ഥാനത്തിലെ കത്തോലിക്ക ദേവാലയവും അതിനോടു ചേര്‍ന്നുള്ള വിദ്യാലയവും മ്യാന്‍മര്‍ പട്ടാളം ബോംബിട്ട് നശിപ്പിച്ചുവെന്ന വാര്‍ത്ത പരന്നിരിന്നു. ഇത് റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് സഹായങ്ങള്‍ ചെയ്‌തു കൊടുത്തു എന്നാരോപിച്ച് രണ്ടു കത്തോലിക്ക വൈദികരെ അധികൃതര്‍ പിടിച്ചു കൊണ്ടു പോയി. ഇവരെപ്പറ്റി യാതൊരു വിവരവും ലഭ്യമല്ലായെന്നാണ് സഭാവൃത്തം പറയുന്നത്. കഴിഞ്ഞ ക്രിസ്‌തുമസ് തലേന്നായിരുന്നു ഇരുവരുടേയും തിരോധാനം.
മ്യാന്‍മറില്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള പീഢനങ്ങള്‍ ഓരോ ദിവസവും വര്‍ദ്ധിച്ചു വരികെയാണ്. പീഢനകഥകള്‍ പുറംലോകം അറിയാതിരിക്കാന്‍ മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും കനത്ത നിയന്ത്രണത്തിലാണെന്ന റിപ്പോര്‍ട്ടുണ്ട്. പുതിയ ദേവാലയങ്ങള്‍ നിര്‍മ്മിക്കുന്നതിന് അനുമതിയില്ലെന്നതിനു പുറമെ, സര്‍ക്കാര്‍ വൃത്തങ്ങള്‍ ക്രൈസ്തവ ദേവാലയങ്ങള്‍ അഗ്നിക്കിരയാക്കിയും ബോംബിട്ടും നശിപ്പിക്കുന്നതും മ്യാന്‍മറില്‍ പതിവ് സംഭവമായി മാറിയിരിക്കുകയാണ്.
