News - 2025
ആസിയ ബീബിയുടെ അപ്പീല്‍ അടുത്തമാസം പരിഗണിക്കും
സ്വന്തം ലേഖകന്‍ 11-02-2017 - Saturday
ലണ്ടന്‍: പാക്കിസ്ഥാനില്‍ മതനിന്ദാ കുറ്റം ചുമത്തി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിഞ്ഞ എട്ടു വര്‍ഷത്തോളമായി ജയിലില്‍ കഴിയുന്ന ക്രൈസ്‌തവ യുവതി ആസിയ ബീബി നല്‍കിയ അപ്പീല്‍ രാജ്യത്തെ പരമോന്നത കോടതി മാര്‍ച്ചില്‍ പരിഗണിക്കുമെന്ന് ബ്രിട്ടനിലെ പാക് ഹൈകമ്മീഷന്‍ അറിയിച്ചു. ബ്രിട്ടിഷ് പാകിസ്ഥാനി ക്രിസ്‌ത്യന്‍ അസോസിയേഷന്‍ സംഘിപ്പിച്ച പ്രതിഷേധ മാര്‍ച്ചിനു മുമ്പായിരുന്നു പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധി ഇതറിയിച്ചത്.
ക്രൈസ്‌തവര്‍ അടക്കമുള്ള മതന്യൂനപക്ഷങ്ങളെ കൊന്നൊടുക്കുവാന്‍ അധികൃതര്‍ കാണിക്കുന്ന പക്ഷപാതപരമായ സമീപനത്തിനെതിരായി ശക്തമായ പ്രതിഷേധ റാലി തുടരുമെന്ന് അസോസിയേഷന്‍ നേതാവ് വില്‍സന്‍ ചൗധരി പറഞ്ഞു. ഡൗണിംഗ് സ്‌ട്രീറ്റിലേക്കു കഴിഞ്ഞ ആഴ്ച നടത്തിയ മാര്‍ച്ചില്‍ ലണ്ടന്‍ നഗരത്തിലെ വിവിധഭാഗങ്ങളില്‍ നിന്നായി പാകിസ്ഥാനികളും അല്ലാത്തവരുമായി നൂറുകണക്കിനാളുകള്‍ പങ്കെടുത്തിരിന്നു. ആസിയായുടെ മോചനത്തിന് ബ്രിട്ടന്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും കോടതിയില്‍ നീതി ലഭിക്കുമെന്ന് ഉറപ്പാക്കണമെന്നുമായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.
പാക്കിസ്ഥാനിലെ നിര്‍ധനരായ ക്രൈസ്‌തവര്‍ നേരിടുന്ന മതപീഢനങ്ങള്‍ ഇനിയും ലോകത്തിന്റെ ശ്രദ്ധയില്‍ പെടുന്നില്ലെന്നു പ്രതിഷേധക്കാര്‍ പറഞ്ഞു. ആസിയക്കെതിരെ മതനിന്ദ ആരോപിച്ച് പരാതി നല്‍കിയത് ഒപ്പം ജോലി ചെയ്‌തിരുന്ന തൊഴിലാളി തന്നെയായിരുന്നു. ആസിയയോടുണ്ടായിരുന്ന വ്യക്തിപരമായ വൈരാഗ്യമായിരുന്നു ഇതിനു പ്രേരണയായത്. ആസിയായുടെ നിരപരാധിത്വം മനസ്സിലാക്കാന്‍ പോലും മുതിരാതെ കോടതി ഏകപക്ഷിയമായി വധശിക്ഷക്കു ഉത്തരവിടുകയായിരുന്നു.
