News - 2024

ദൈവശാസ്ത്ര പരിജ്ഞാനമുള്ള അല്മായര്‍ സഭയുടെ മുതല്‍ക്കൂട്ട്: മാര്‍ സ്രാമ്പിക്കല്‍

സ്വന്തം ലേഖകന്‍ 12-02-2017 - Sunday

ബര്‍മിങ്ഹാം: ദൈവശാസ്ത്ര പരിജ്ഞാനമുള്ള അല്മായര്‍ സഭയുടെ മുതല്‍ക്കൂട്ടാണെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സിറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍. ഗ്രേറ്റ് ബ്രിട്ടണ്‍ സിറോ മലബാര്‍ രൂപതയും തലശേരി ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആന്‍ഡ് സയന്‍സും സംയുക്തമായി സംഘടിപ്പിക്കുന്ന ദൈവശാസ്ത്ര കോഴ്‌സുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സഭയുടെ അജപാലന ശുശ്രൂഷയിലും സുവിശേഷവത്കരണ പ്രവൃത്തികളിലും അല്മായര്‍ക്ക് സുപ്രധാനമായ സ്ഥാനമുണ്ടാകും. സഭാവബോധവും ദൈവശാസ്ത്ര ഉള്‍ക്കാഴ്ചകളുമുള്ള അല്മായര്‍ സഭയുടെ ചരിത്രത്തില്‍ എക്കാലത്തും നിര്‍ണായകമായ സംഭാവനകള്‍ നല്‍കുകയും സ്വാധീനം ചെലുത്തുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രൂപതാ വികാരി ജനറാള്‍ മോണ്‍. മാത്യു ചൂരപ്പോയ്കയില്‍ അധ്യക്ഷത വഹിച്ചു. റവ. ഡോ. ജോസഫ് പാംബ്ലാനി, കോഴ്‌സ് ഡയറക്ട്ടര്‍ ഫാ. ജോയി വയലില്‍., റവ. ഡോ. സെബാസ്റ്റിയന്‍ നാമറ്റത്തില്‍, സിസ്റ്റര്‍ മേരി, ഫാ. ഫാന്‍സുവ പത്തില്‍, തമ്പി ജോസ്, സിന്ധു തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. വിശുദ്ധ ഗ്രന്ഥം, ആരാധനക്രമം തുടങ്ങി പതിനാലു വിഷയങ്ങളിലും ഹീബ്രു, ഗ്രീക്ക്, സുറിയാനി തുടങ്ങിയ ഭാഷകളും പരിചയപ്പെടുത്തുന്ന ദൈവശാസ്ത്ര കോഴ്‌സില്‍ രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറോളം അല്മായര്‍ ചേര്‍ന്നിട്ടുണ്ട്.

ഫാ. ജോസഫ് പാംബ്ലാനിയുടെ നേതൃത്വത്തില്‍ റവ. ഡോ. തോമസ് പാറയടിയില്‍, റവ. ഡോ. മാത്യു ചൂരപ്പോയ്കയില്‍, റവ. ഡോ. ആന്റണി ചുണ്ടലിക്കാട്ട്, റവ. ഡോ. സെബാസ്റ്റിയന്‍ നാമറ്റത്തില്‍, സിസ്റ്റര്‍ മേരി ആന്‍ , റവ. ഡോ. ഗരേത്ത് ലേഷോണ്‍, റവ. ഡോ. ലോനപ്പന്‍ അരങ്ങാശേരി., റവ. ഡോ. മാത്യു പിണക്കാട്ട് തുടങ്ങിയവരാണ് ക്ലാസുകള്‍ നയിക്കുന്നത്. രൂപതാ മതബോധന കമ്മിഷന്‍ ചെയര്‍മാന്‍ ഫാ. ജോയി വയലില്‍ കോഴ്‌സ് ഡയറക്ടറും അനിറ്റ ഫിലിപ്പ് രജിസ്ട്രാറു സിജി സെബാസ്റ്റിയന്‍ വാധ്യാനത്ത് ഫൈനാന്‍സ് ഓഫീസറും മിസ് ലിന്‍സിയ ജോര്‍ജ് അക്കാഡമിക്ക് കോഓര്‍ഡിനേറ്ററുമായി പ്രവര്‍ത്തിക്കും.

ഡിപ്ലോമ, ബിരുദം, ബിരുദാനന്തരബിരുദം എന്നിങ്ങനെയുള്ള വിവിധ തലങ്ങളിലുള്ള കോഴ്‌സിന് വിവിധ യൂണിവേഴ്‌സിറ്റികളുടെ അംഗീകാരവുമുണ്ട്. ഗ്രേറ്റ് ബ്രിട്ടണ്‍ സിറോ മലബാര്‍ രൂപതാ നിലവില്‍ വന്ന ശേഷം ആവിഷ്‌കരിക്കുന്ന ആദ്യത്തെ പ്രമുഖ സംരംഭമാണ് ദൈവശാസ്ത്ര പഠന കോഴ്‌സ്.


Related Articles »