News - 2024

ഹോങ്കോങ്ങില്‍ കത്തോലിക്ക വിശ്വാസികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ്

സ്വന്തം ലേഖകന്‍ 25-02-2017 - Saturday

ഹോങ്കോങ്‌: ഹോങ്കോങ്ങിലെ കത്തോലിക്ക വിശ്വാസികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവെന്ന് പുതിയ കണക്കുകള്‍. ഹോങ്കോങ്‌ രൂപത പുറത്തിറക്കിയ ഡയറക്ടറിയിലെ വിവരങ്ങള്‍ പ്രകാരം രൂപതയില്‍ ഒരു വര്‍ഷത്തിനിടെ 5000-ല്‍ അധികം വിശ്വാസികളുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പുതിയ കണക്കുകള്‍ പ്രകാരം 5,91,000 കത്തോലിക്ക വിശ്വാസികളാണ് തെക്കൻ ചൈനക്കടലിന് അഭിമുഖമായി കിടക്കുന്ന ഹോങ്കോങില്‍ ഉള്ളത്.

ഹോങ്കോങ്ങില്‍ 98 പള്ളികളും 52 ഇടവകകളുമാണുള്ളത്‌. രണ്ട്‌ കര്‍ദ്ദിനാളന്മാരും സഹായമെത്രാനും ഉപമെത്രാനും ഓരോന്നു വീതവുമുണ്ട്‌. വിവിധ കോണ്‍ഗ്രിഗേഷനുകളില്‍ നിന്നുള്ള 220 വൈദികര്‍ അടക്കം 288 വൈദീകരാണ്‌ ഹോങ്കോങിലുള്ളത്‌. 27 കോണ്‍ഗ്രിഗേഷനുകളില്‍ പെട്ട 469 സന്യാസികളും 58 സന്യാസ സഹോദരന്മാരും 25 സ്ഥിരം ഡീക്കന്മാരും 1,558 മതാധ്യാപകരും 24 സെമിനാരി വിദ്യാര്‍ത്ഥികളും10,464 വേദോപദേശ പ്രചാരകന്മാരും ഹോങ്കോങിലുണ്ട്‌.

ആരോഗ്യ രംഗത്തെ സേവനങ്ങള്‍ക്കായി 19 ആശുപത്രികളും 26 പുനരധിവാസ കേന്ദ്രങ്ങളും കത്തോലിക്ക സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. സ്ഥലത്തെ 1,50,640 വിദ്യാര്‍ത്ഥികള്‍ക്കായി 249 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നു. ഈ സ്ഥാപനങ്ങളില്‍ 16,615 കത്തോലിക്കരായ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്‌. ഇതിനു പുറമെ 14 വൃദ്ധസദനങ്ങളും 42 കുടുംബസഹായ കേന്ദ്രങ്ങളും സഭയുടെ കീഴില്‍ സേവനനിരതമാണ്‌.


Related Articles »