News - 2025
ഇറ്റലിക്കാരനായ സര്‍ജനടക്കം എട്ടുപേര്‍ വിശുദ്ധരുടെ ഗണത്തിലേക്ക്
സ്വന്തം ലേഖകന്‍ 28-02-2017 - Tuesday
വത്തിക്കാന്‍ സിറ്റി: രോഗപീഢകളാല്‍ ജീവിതകാലം മുഴുവന്‍ സഹനം ഏറ്റുവാങ്ങിയപ്പോഴും ശുശ്രൂഷാ ജീവിതം നയിച്ച ഇറ്റലി സ്വദേശിയായ ഡോക്ടര്‍ വിക്ടര്‍ ഉള്‍പ്പെടെ എട്ടു പേരെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്താന്‍ ആവശ്യമായ നടപടികള്‍ വത്തിക്കാന്‍ ആരംഭിച്ചു. നാമകരണ തിരുസംഘത്തിന്റെ മേധാവി ആഞ്ചലോ അമാട്ടോയെ നേരില്‍ കണ്ടായിരുന്നു പരിശുദ്ധ പിതാവ് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിന് വേണ്ടിയുള്ള നടപടി ക്രമങ്ങള്‍ക്ക് അനുമതി നല്‍കിയത്.
1944-ല്‍ ഇറ്റലിയില്‍ ജനിച്ച വിക്‌ടര്‍ ട്രാന്‍സനെല്ലി വിദഗ്‌ദനായ ഒരു സര്‍ജനായിരുന്നു. ഭാര്യ ലിയയുമൊത്തുള്ള ദാമ്പത്യത്തില്‍ ഒരു മകന്‍ ഉണ്ടായെങ്കിലും ഏഴു കുട്ടികളെക്കൂടി ഇവര്‍ ദത്തെടുത്തു പോറ്റി. മകന്റെ ജനനം മുതല്‍ മാറാരോഗങ്ങളുടെ പിടിയിലമര്‍ന്ന് ദുരിത ജീവിതം നയിക്കുമ്പോഴും മറ്റു രോഗികളെ ശുശ്രൂക്ഷിക്കാനും ചികിത്സിക്കാനുമായിരുന്നു ഡോ. വിക്ടര്‍ ട്രാന്‍സെല്ലി വ്യാപൃതനായിരുന്നത്.
ഇക്കാലത്ത് ഭാര്യയും സ്‌നേഹിതരും ചേര്‍ന്ന് വിവിധ പ്രതിസന്ധികളില്‍ പെടുന്ന സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും സഹായം നല്‍കാനുമായി 'അല്ലെ ഖുറെസ് ഡി മാമ്രി' 'എന്ന പ്രസ്ഥാനം ആരംഭിച്ചിരിന്നു. വിശ്വാസ വഴിയില്‍ ജൂതവേരുകളുളള വിക്ടര്‍ സെന്റ് മാര്‍ട്ടിന്‍ എക്യുമിനിക്കല്‍ സെന്റര്‍ കേന്ദ്രികരിച്ചാണ് 1980-കളില്‍ സേവനം ചെയ്‌തിരുന്നത്. 1998 ജൂണ്‍ 24 ന് അമ്പത്തിനാലാം വയസ്സിലാണ് ഡോ. വിക്ടര്‍ എന്ന ധന്യ ജീവിതം ലോകത്തോട് വിട പറഞ്ഞത്.
സലേഷ്യന്‍ വൈദികനായ ഫാ. ടൈറ്റസ് സിമെനാണ് വിശുദ്ധരുടെ ഗണത്തിലേക്കു ഉയര്‍ത്തുവാന്‍ നിര്‍ദേശം ലഭിച്ചിരിക്കുന്ന മറ്റൊരു പുണ്യാത്മാവ്. 1915- ല്‍ സ്ലോവാക്യയിലെ ബ്രട്ടിസ്ലാവയിലാണ് അദ്ദേഹത്തിന്റെ ജനനം. റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ സര്‍വ്വകലാശാലയിലെ പഠനത്തിനു ശേഷം 1940-ല്‍ ഫാ. ടൈറ്റസ് വൈദിക പട്ടം സ്വീകരിച്ചു. 1950-ല്‍ ജന്മനാടായ ചെക്കോസ്ലോവാക്യയില്‍ തിരിച്ചത്തിയപ്പോള്‍ കമ്മ്യൂണിസ്‌റ്റ് ഭരണകൂടം അദ്ദേഹത്തെ വത്തിക്കാന്റെ ചാരനെന്ന ആരോപണം ഉന്നയിച്ച് 25 വര്‍ഷത്തെ തടവ് ശിക്ഷിച്ച് ജയിലിലടച്ചു.
12 വര്‍ഷത്തിന് ശേഷം 1964-ല്‍ ഫാ. ടൈറ്റസ് സിമെനെ അധികൃതര്‍ ജയില്‍ മോചിതനാക്കി. ജയിലില്‍ കൊടിയ പീഢനങ്ങള്‍ക്ക് വിധേയനായ വൈദീകന്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 1969 ജനുവരി എട്ടിന് അന്തരിച്ചു. ഫാ. ടൈറ്റസ് സിമനിന്റെ മരണം രക്തസാക്ഷിത്വമായിട്ടാണ് വിശ്വാസികള്‍ കണക്കാക്കുന്നത്.
പെറുവിലെ ചച്ചയാപോയാസ് ബിഷപ്പായിരുന്ന ഒട്ടാവിയോ ഓര്‍ട്ടിസ് അരിയിട്ടെ(1878-1958), കോണ്‍ഗ്രിഗേഷന്‍ ഓഫ് സിസ്റ്റേഴ്‌സ് ഓഫ് ദ ഡിവൈന്‍ പാസ്റ്റര്‍ സ്ഥാപകന്‍ ജസ്യൂട്ട് പുരോഹിതനായ ഫാ. ആന്റോണിയോ റെപിസോ മാര്‍ട്ടിനെസ് ഡി ഓര്‍ബെ (1856-1929), അന്ധര്‍ക്കും മൂകര്‍ക്കും വിദ്യാഭ്യാസം നല്‍കുന്നത് ലക്ഷ്യമാക്കിയുള്ള സഭയടക്കം രണ്ട് കോണ്‍ഗ്രിഗേഷനുകള്‍ സ്ഥാപിച്ച വൈദികന്‍ ഫാ. അന്റോണിയോ പ്രൊവൊളോ (1801-1842), മിഷ്ണറി വര്‍ക്കേഴ്‌സ് ഓഫ് ദ സേക്രട്ട് ഹാര്‍ട്ട് ഓഫ് ജീസസ് സ്ഥാപകയായ മരിയ ഓഫ് മെര്‍സി സബസാസ് ടെരെരോ (1911-1993), ഹാന്‍ഡ് മെയ്‌ഡ് ഓഫ് ചാരിറ്റി സഭാംഗമായ സിസ്റ്റര്‍ ലൂസിയ (1909-1954) എന്നിവരാണ് നാമകരണത്തിന് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്ന മറ്റുള്ളവര്‍.
![](/images/close.png)