News - 2024
യേശുവിനെ പ്രതി എല്ലാം ഉപേക്ഷിക്കുന്നവര്‍ക്ക് അവിടുന്ന് സര്‍വ്വതും തിരികെ നല്‍കും: ഫ്രാന്‍സിസ് മാര്‍പാപ്പ
സ്വന്തം ലേഖകന്‍ 01-03-2017 - Wednesday
വത്തിക്കാന്‍ സിറ്റി: യേശുവിനെ അനുഗമിച്ച് അവിടുത്തെ പ്രതി എല്ലാം ഉപേക്ഷിക്കുന്നവര്‍ക്ക്, സര്‍വ്വതും തിരികെ ലഭിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പേപ്പല്‍ വസതിയായ സാന്താ മാര്‍ത്തയില്‍ വിശുദ്ധ ബലി അര്‍പ്പണത്തിനിടെ നടത്തിയ പ്രസംഗത്തിലാണ് പരിശുദ്ധ പിതാവ് ഇങ്ങനെ പറഞ്ഞത്. സമ്പത്തിനേയും പണത്തേയും തെരഞ്ഞെടുക്കാതെ, ദൈവത്തെ തെരഞ്ഞെടുക്കുവാനും പാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തു. വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷം പത്താം അധ്യായത്തിലെ 28 മുതല്‍ 31 വരെയുള്ള വാക്യങ്ങളാണ് പാപ്പ തന്റെ പ്രസംഗത്തിനായി തെരഞ്ഞെടുത്തത്.
"നോമ്പിന്റെ ദിനങ്ങളില്‍ ദൈവവുമായുള്ള ബന്ധത്തെ കുറിച്ചും, സമ്പത്തിനോടുമുള്ള നമ്മുടെ ബന്ധത്തെ കുറിച്ചും ധ്യാനിക്കുന്നത് നല്ലതായിരിക്കും. ധനികനായ യുവാവ് ക്രിസ്തുവിന്റെ അരികിലേക്ക് വരുന്നതും, സമ്പത്തെല്ലാം ഉപേക്ഷിച്ച് തന്നെ അനുഗമിക്കുക എന്ന് പറയുമ്പോള്‍ ദുഃഖിതനായി മടങ്ങി പോകുന്നതിനെ കുറിച്ചും നാം വചനത്തിലൂടെ വായിച്ചു. ക്രിസ്തു തന്നെ പറയുന്നത് ധനവാന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കുന്നതിലും എളുപ്പം ഒട്ടകം സൂചികുഴിയിലൂടെ കടക്കുന്നതാണ് എന്നതാണ്".
ക്രിസ്തുവിനെ അനുഗമിക്കുന്നവര്‍ക്ക് എന്താണ് ലഭിക്കുന്നതെന്ന പത്രോസിന്റെ ചോദ്യത്തിന് യേശു നല്‍കുന്ന മറുപടിയെ പാപ്പ തന്റെ പ്രസംഗത്തില്‍ വിശദീകരിച്ചു. അവിടുത്തെ പ്രതിയും സുവിശേഷത്തെപ്രതിയും ഭവനത്തെയോ സഹോദരന്‍മാരെയോ സഹോദരിമാരെയോ മാതാവിനെയോ പിതാവിനെയോ മക്കളെയോ കൃഷിയിടങ്ങളെയും ത്യജിക്കുന്നവര്‍ക്ക് നൂറിരട്ടി തിരികെ ലഭിക്കുമെന്ന യേശുവിന്റെ വാക്കിനേ പാപ്പ തന്റെ പ്രസംഗത്തില്‍ ചൂണ്ടികാട്ടി.
സമ്പത്തിനെ ഉപേക്ഷിച്ച് ക്രിസ്തുവിന്റെ പിന്നാലെ പോകുന്നവരെ കാത്ത് വിവിധ കഷ്ടതകള്‍ ഉണ്ടെന്ന കാര്യവും ഫ്രാന്‍സിസ് പാപ്പ പ്രസംഗത്തിലൂടെ ഓര്‍മ്മിപ്പിച്ചു. "ധനികനായ യുവാവ് പരാജയപ്പെട്ട് മടങ്ങുന്ന സ്ഥലത്ത് പലരും സമ്പത്തിനെ ഉപേക്ഷിച്ച് ക്രിസ്തുവിന്റെ പിന്നാലെ പോകുന്നുണ്ട്. അവര്‍ക്ക് പലപ്പോഴും പല പീഡനങ്ങളും ക്ലേശങ്ങളും നേരിടേണ്ടി വരും. എന്നാല്‍ സന്തോഷമുള്ള ഹൃദയത്തിന്റെ ഉടമകളായ അവര്‍, എല്ലാ പ്രതിസന്ധികളേയും തരണം ചെയ്യും. പത്രോസ് തന്നെ ഇതിന്റെ നല്ല ഉദാഹരണമാണ്. നിരവധി വിശുദ്ധരും ഇതേ മാതൃകയാണ് നമുക്ക് കാണിച്ചു നല്‍കുന്നത്". പരിശുദ്ധ പിതാവ് കൂട്ടിച്ചേര്‍ത്തു.