കൽപ്പറ്റ: സഹോദര വൈദികനിൽനിന്നു സംഭവിച്ച അപരാധത്തിന് മാപ്പുചോദിച്ചു മാനന്തവാടി രൂപത അടിയന്തര വൈദിക സമ്മേളനം. കൊട്ടിയൂരിൽ വൈദികന്റെ ഭാഗത്തുണ്ടായ വീഴ്ചയെ ശക്തമായി അപലപിച്ച സമ്മേളനം പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും വേദനയിൽ പങ്കുചേരുന്നതായി അറിയിച്ചു.
കൊട്ടിയൂർ സംഭവത്തിൽ ആനുപാതികമല്ലാത്ത ഇടപെടലുകൾ നടത്തിയ ചില മാധ്യമങ്ങൾ നിയമാനുസൃതമല്ലാത്ത അന്വേഷണശൈലി സ്വീകരിക്കുകയും ഒറ്റപ്പെട്ട വസ്തുതകളെ സാമാന്യവത്കരിക്കുന്ന രീതിയിൽ വാർത്താപ്രചാരണം നടത്തുകയും ചെയ്തതായി സമ്മേളനം വിലയിരുത്തി.
കൊട്ടിയൂർ സംഭവത്തിൽ രൂപതാനേതൃത്വത്തിന് മുന്നറിവുണ്ടെന്ന് വരുത്തിത്തീർക്കാനും സഭാവിശ്വാസത്തെ അവഹേളിക്കാനും സ്ഥാപനങ്ങളെ തേജോവധം ചെയ്യാനും നിക്ഷിപ്തതാത്പര്യങ്ങളോടെ ചില മാധ്യമങ്ങൾ നടത്തുന്ന ശ്രമങ്ങൾക്കെതിരേ ശക്തമായ നിയമനടപടികൾ സ്വീകരിക്കാനും പ്രതിഷേധ പരിപാടികൾ ആരംഭിക്കാനും തീരുമാനിച്ചു.
പോലീസ് അന്വേഷണത്തെ വഴിതിരിച്ചുവിടാനും സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുമുതകുന്ന വിധത്തിലുള്ള വാർത്തകൾ കെട്ടിച്ചമച്ച മാധ്യമങ്ങൾ സംഭവത്തിൽ രൂപതയ്ക്കും രൂപതാധികാരികൾക്കും പങ്കുണ്ടെന്ന് വ്യാഖ്യാനിക്കുന്നത് തികച്ചും അപലപനീയമാണെന്ന് സമ്മേളനം നിരീക്ഷിച്ചു. ഇക്കാര്യത്തിൽ തുടർ നടപടികൾക്കായി അല്മായരും വൈദികരുമടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചു.
സഭയ്ക്കും വിശ്വാസ സമൂഹത്തിനുമെതിരായ ആസൂത്രിത നീക്കങ്ങളെ ചെറുക്കുന്നതിൽ വൈദികസമൂഹം രൂപതാധ്യക്ഷനു പിന്നിൽ ഒറ്റക്കെട്ടായാണ് നിലകൊള്ളുന്നതെന്ന് വ്യക്തമാക്കി. രൂപതാനേതൃത്വത്തിന്റെ തീരുമാനങ്ങളോടും നടപടികളോടും പൂർണമായി സഹകരിക്കാനും ഏത് അടിയന്തരസാഹചര്യത്തെയും സമചിത്തതയോടെ നേരിടാനും തീരുമാനിച്ചു. സമ്മേളനത്തില്‍ ബിഷപ് മാർ ജോസ് പൊരുന്നേടം അധ്യക്ഷത വഹിച്ചു.