News - 2024

മറ്റുള്ളവരിലൂടെ നമ്മോടു സംസാരിക്കുന്ന ദൈവത്തിന്റെ സ്വരം ശ്രവിക്കുക: ഫ്രാൻസിസ് പാപ്പായും റോമൻ കൂരിയാംഗങ്ങളും ശ്രവിച്ച ധ്യാനപ്രസംഗത്തിൽനിന്ന്

സ്വന്തം ലേഖകന്‍ 09-03-2017 - Thursday

റോം: മറ്റുള്ളവരിലൂടെ നമ്മോട് സംസാരിക്കുന്ന ദൈവത്തിന്റെ സ്വരം ശ്രവിക്കാൻ നാം വിനീതഭാവം വളർത്തിയെടുക്കണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പയോടും റോമൻ കൂരിയാംഗങ്ങളോടുമായി ഫ്രാൻസിസ്കൻ വൈദികൻ ഫാ. ഗ്യൂലിയോ മിഖാലേനി. റോമിലെ അരിഷ്യയിലുള്ള പൗളിൻ വൈദികരുടെ ധ്യാനകേന്ദ്രത്തിൽ മാർപാപ്പായും കൂരിയാംഗങ്ങളും പങ്കെടുത്ത നോമ്പുകാല ധ്യാനമധ്യേയാണ്‌ ധ്യനപ്രസംഗകനായ ഫാ. ഗ്യൂലിയോ മിഖാലേനി ഇപ്രകാരം പറഞ്ഞത്.

"വി. പത്രോസിന് ലഭിച്ച ദൈവിക വെളിപ്പാട് വഴിയാണ്, യേശു മിശിഹായാണ് എന്ന വിശ്വാസ പ്രഖ്യാപനം നടത്തിയത്. അതിനാൽ പത്രോസിനെ ശ്രവിക്കാനുള്ള വിനയഭാവം നമുക്കുണ്ടോ? മറ്റുള്ളവരെക്കുറിച്ചുള്ള മുൻവിധി കൂടാതെ, നമുക്ക് അവരിലൂടെ വെളിപെടുന്ന ദൈവഹിതം തിരിച്ചറിയാൻ സാധിക്കാറുണ്ടോ എന്ന് നാം ആത്മശോധന നടത്തണം" ഫാ.മിഖാലേനി പ്രഘോഷിച്ചു.

"ദൈവരാജ്യം സ്ഥാപിതമാകാനുള്ള പ്രവർത്തനങ്ങളേക്കാൾ നമ്മുടെ വ്യക്തിപരമായ നേട്ടങ്ങൾക്കാണോ നാം പ്രാധാന്യം നൽകുന്നത്? ക്രിസ്ത്യാനികളായ നാമോരോരുത്തരും കുരിശുമെടുത്ത് യേശുവിന്റെ പാത പിന്തുടരുമ്പോൾ മാത്രമേ നമ്മെക്കുറിച്ചുള്ള ദൈവഹിതം മനസ്സിലാക്കാനും നടപ്പിലാക്കാനും സാധിക്കൂ. തന്നെത്തനെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് യേശുവിനെ അനുഗമിക്കുന്നവർക്ക് അവിടുന്ന് നിത്യജീവൻ വാഗ്ദാനം ചെയ്യുന്നു." അദ്ദേഹം പറഞ്ഞു.

"ക്രിസ്തുവിന്റെ പീഡാനുവത്തെപ്പറ്റി ധ്യാനിക്കുമ്പോൾ രണ്ടു വ്യത്യസ്ത തലങ്ങളിലൂടെയാണ് നാം കടന്നു പോകുന്നത്. യഹൂദ നിയമപ്രകാരം പെസഹാ ആചരിക്കുന്ന, സാധാരണക്കാരെ പോലെ ജീവിക്കുന്ന ഈശോയും, തിരുന്നാളിന്റെ ബാഹ്യമായ ആചാരക്രമങ്ങൾ പിന്തുടരുമ്പോഴും നിഷ്കളങ്കനായ യേശുവിനെ വധിക്കുവാൻ തയ്യാറെടുക്കുന്ന പ്രധാന പുരോഹിതന്മാരും. നിയമം വഴിയായി സ്ഥാപിതമായ വ്യക്തിപരമായ അവകാശങ്ങൾ നേടിയെടുക്കാനാണോ നാം വിശുദ്ധാചരണങ്ങളെ കൂട്ടുപിടിക്കുന്നത് എന്ന് ക്രിസ്ത്യാനികളായ നാം സ്വയം ചോദിക്കണം. നമ്മുടെ ഓരോരുത്തരുടേയും തെറ്റായ മനോഭാവമാണ് ദൈവത്തെ ശുശ്രൂഷിക്കാനുള്ള ശരിയായ കാഴ്ചപ്പാടിന് തടസ്സം നില്ക്കുന്നത്" ഫാ. മിഖാലേനി കൂട്ടിച്ചേർത്തു.

മാർച്ച് 5ന് ആരംഭിച്ച, മാർപ്പാപ്പയുടെയും റോമൻ കൂരിയാംഗങ്ങളുടെയും നോമ്പുകാല ധ്യാനം മാർച്ച് 10ന് സമാപിക്കും. വി. മത്തായിയുടെ സുവിശേഷത്തെ അടിസ്ഥാനമാക്കി യേശുവിന്റെ പീഡാനുഭവത്തേയും കുരിശുമരണത്തേയും ഉത്ഥാനത്തേയും കുറിച്ച് ധ്യാനിപ്പിക്കുവാൻ ഫ്രാൻസിസ് മാർപ്പാപ്പയാണ് ഫാ.മിഖാലേനിയെ തിരഞ്ഞെടുത്തത്.


Related Articles »