News - 2025

അരുണാചല്‍ പ്രദേശിലും മണിപ്പൂരിലും ക്രൈസ്തവ വിശ്വാസികളുടെ എണ്ണത്തിൽ വൻവർദ്ധനവ്

സ്വന്തം ലേഖകന്‍ 13-03-2017 - Monday

ഇറ്റാനഗര്‍: വടക്കുകിഴക്കന്‍ സംസ്ഥാനമായ അരുണാചല്‍ പ്രദേശിലും, മണിപ്പൂരിലും ക്രൈസ്തവരുടെ എണ്ണത്തില്‍ ശക്തമായ വളര്‍ച്ചയെന്ന്‍ കണക്കുകള്‍. സര്‍ക്കാരിന്റെ ഔദ്യോഗിക സെന്‍സെസ് കണക്കുകളാണ് ഇതു സംബന്ധിക്കുന്ന വിവരങ്ങള്‍ വ്യക്തമാക്കിയത്. 1971-ല്‍ ക്രൈസ്തവരുടെ ജനസംഖ്യ വളര്‍ച്ച വെറും ഒരു ശതമാനമായിരുന്നു. എന്നാല്‍ 2011-ലെ കണക്കുകള്‍ പ്രകാരം ഇത് 30 ശതമാനത്തില്‍ അധികമായി വളര്‍ന്നു.

മണിപ്പൂരിലും സമാന സാഹചര്യമാണ് നിലനില്‍ക്കുന്നത്. 1961-ല്‍ 19 ശതമാനത്തിന്റെ വളര്‍ച്ച മാത്രമുണ്ടായിരുന്ന മണിപ്പൂരിലെ ക്രൈസ്തവരുടെ ജനസംഖ്യ 2011-ല്‍ 41 ശതമാനമായി കുതിച്ചുയര്‍ന്നു. അരുണാചല്‍ പ്രദേശുകാരനായ കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജുവിന്റെ വിവാദ പ്രസ്താവനയെ തുടര്‍ന്നാണ് പല ദേശീയ മാധ്യമങ്ങളും സര്‍ക്കാര്‍ കണക്കുകള്‍ തന്നെ ചൂണ്ടികാട്ടി ക്രൈസ്തവരുടെ എണ്ണത്തിലെ വ്യക്തമായ കണക്ക് പുറത്തു കൊണ്ടുവന്നിരിക്കുന്നത്.

ഇന്ത്യയിലെ ഹൈന്ദവരുടെ എണ്ണം കുറയുന്നത്, ഹൈന്ദവ വിശ്വാസത്തിലേക്ക് മറ്റു മതസ്ഥരെ മതം മാറ്റുവാന്‍ ഹിന്ദുകള്‍ ശ്രമിക്കാത്തതു മൂലമാണെന്ന വിവാദ പ്രസ്താവനയാണ് അടുത്തിടെ കിരണ്‍ റിജിജു നടത്തിയത്. ഇതിനെ തുടര്‍ന്നാണ് അരുണാചല്‍ പ്രദേശിലും, വടക്കു കിഴക്കന്‍ മേഖലയിലെ പ്രധാന സംസ്ഥാനമായ മണിപ്പൂരിലുമുള്ള മതവിശ്വാസികളുടെ എണ്ണം ദേശീയ മാധ്യമങ്ങള്‍ ജനസംഖ്യ കണക്കെടുപ്പിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചത്.

അതേ സമയം ഇരുസംസ്ഥാനങ്ങളിലെയും ക്രൈസ്തവ ജനസംഖ്യ കൂട്ടിയാല്‍ ഭാരതത്തിന്റെ ജനസംഖ്യയുടെ 0.3 ശതമാനം മാത്രമേ വരികയുള്ളു. 1961-ല്‍ മണിപ്പൂരില്‍ 19 ശതമാനം ക്രൈസ്തവ വിശ്വാസികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. 2011-ലെ കണക്കുകള്‍ പ്രകാരം സംസ്ഥാന ജനസംഖ്യയുടെ പകുതി ഭാഗവും ക്രൈസ്തവരാണ്. സമാന സഹചര്യം തന്നെയാണ് അരുണാചല്‍ പ്രദേശിലും നിലനില്‍ക്കുന്നത്.

മേഖലയിലുള്ള ക്രൈസ്തവരില്‍ ഭൂരിഭാഗവും ഉന്നതവിദ്യാഭ്യാസം നേടിയിട്ടുള്ളവരാണ്. അതേ സമയം ക്രൈസ്തവരുടെ എണ്ണം മേഖലയില്‍ വര്‍ദ്ധിക്കുവാനുള്ള പ്രധാനകാരണങ്ങളിലൊന്ന്, വിവിധ പ്രദേശത്തു നിന്നുമുള്ള ക്രൈസ്തവര്‍ കുടിയേറി പാര്‍ക്കുന്നതിനാലാണെന്നും നിരീക്ഷകര്‍ ചൂണ്ടികാണിക്കുന്നു.


Related Articles »