News - 2025

സിറിയയില്‍ വീണ്ടും ക്രൂര നരഹത്യ: ബോംബ് സ്ഫോടനത്തെ തുടര്‍ന്നു ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞ് രണ്ടായി മുറിഞ്ഞു

സ്വന്തം ലേഖകന്‍ 17-03-2017 - Friday

ആലപ്പോ: സിറിയന്‍ ഭരണകൂടവും വിമതരും തമ്മില്‍ നടക്കുന്ന ആഭ്യന്തര കലാപത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളുമായി 'സിറിയന്‍ അമേരിക്കന്‍ മെഡിക്കല്‍ സൊസൈറ്റി'. രോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കും നേരെ ആക്രമണങ്ങള്‍ വര്‍ദ്ധിക്കുകയാണെന്നും ബോംബ് സ്ഫോടനത്തെ തുടര്‍ന്നു ഗര്‍ഭിണിയായ സ്ത്രീയുടെ ഉദരത്തിലെ ശിശു രണ്ടായി വേര്‍പ്പെട്ട അവസ്ഥയില്‍ കണ്ടെത്തിയെന്നും ഗൈനക്കോളജിസ്റ്റായ ഡോ. ഫരീദ വെളിപ്പെടുത്തി. ഹോസ്പിറ്റലില്‍ എത്തുവാന്‍ കഴിയാതെ രക്തസ്രാവത്തെ തുടര്‍ന്നു ഗര്‍ഭിണികളായ നിരവധി സ്ത്രീകള്‍ മരണപ്പെട്ടിട്ടുണ്ട് എന്നും ഡോ. ഫരീദ കൂട്ടിച്ചേര്‍ത്തു.

“മാരകമായി മുറിവേറ്റിട്ടുള്ള നിരവധി സ്ത്രീകളെ ഞങ്ങള്‍ ചികിത്സിച്ചിട്ടുണ്ട്. അതില്‍ ഒരു സ്ത്രീ ഞങ്ങളുടെ ചികിത്സ കാരണം രക്ഷപ്പെട്ടെങ്കിലും ബോംബ്‌ സ്ഫോടനത്തിന്റെ ആഘാതത്തില്‍ അവളുടെ ഉദരത്തിലെ ശിശു രണ്ടായി വേര്‍പ്പെട്ട അവസ്ഥയിലായിരുന്നു.” ഡോ. ഫരീദ വെളിപ്പെടുത്തി.

സര്‍ക്കാര്‍ അനുകൂല വാദികളുടെ ആക്രമണങ്ങള്‍ നിമിത്തം ആലപ്പോയിലെ ആരോഗ്യ സംരക്ഷണ മേഖല ആകെ തകരാറിലായതായി 'സിറിയന്‍ അമേരിക്കന്‍ മെഡിക്കല്‍ സൊസൈറ്റി'യിലെ ഡോക്ടര്‍മാര്‍ പറയുന്നു. ബങ്കറുകളെ നശിപ്പിക്കുന്ന ബോംബുകളും, രാസായുധങ്ങളും വഴി അവര്‍ രോഗികളേയും മെഡിക്കല്‍ സ്റ്റാഫിനേയും ഭയപ്പെടുത്തുകയാണ്. റഷ്യയുടെ ഇടപെടല്‍ നിമിത്തം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായി. കലാപം നിമിത്തം മരുന്നുകളും മറ്റ് ആവശ്യ സാധനങ്ങളും രോഗികളിലേക്ക് എത്തിക്കുവാന്‍ കഴിയുന്നില്ല. യു‌എന്‍ സംവിധാനങ്ങളും തകരാറിലായതായി അബ്ദുള്‍ഖലേക് എന്ന ഡോക്ടര്‍ പറഞ്ഞു.

യു‌എന്‍, ലോകാരോഗ്യ സംഘടന എന്നിവരുടെ സഹായത്തോടെ ഒരു ആശുപത്രി മാറ്റി സ്ഥാപിക്കുവാന്‍ ശ്രമിച്ചുവെങ്കിലും സൈന്യത്തിന്റെ ഇടപെടല്‍ നിമിത്തം ആ ശ്രമം പരാജയപ്പെട്ടതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ അനുകൂലികള്‍ ഉപരോധമേര്‍പ്പെടുത്തിയ മറ്റൊരു നഗരത്തില്‍ ഡയാലിസിസ് ആവശ്യമുണ്ടായിരുന്ന 30 രോഗികളില്‍, ജീവന്‍ രക്ഷിക്കുവാനുള്ള മരുന്നുകള്‍ എത്തിയപ്പോഴേക്കും 3 പേര്‍ മരണപ്പെട്ടതായും അദ്ദേഹം വെളിപ്പെടുത്തി.

ആലപ്പോയിലെ ഒരു ആശുപത്രിയില്‍ സിസേറിയന്‍ നടത്തികൊണ്ടിരിക്കുമ്പോള്‍ തങ്ങളുടെ ആശുപത്രിയുടെ മേല്‍ക്കൂരയില്‍ ഒരു ബോംബ്‌ പതിച്ച കാര്യം ഡോ. ഫരീദ ഭീതിയോടു കൂടിയാണ് പങ്കുവെച്ചത്. അന്താരാഷ്‌ട്ര മത സ്വാതന്ത്ര്യത്തിനുള്ള അമേരിക്കന്‍ കമ്മീഷന്റെ വിലയിരുത്തല്‍ പ്രകാരം സിറിയയിലെ ആഭ്യന്തര കലാപത്തില്‍ ഏതാണ്ട് നാല് ലക്ഷത്തോളം ആളുകള്‍ മരണപ്പെടുകയും, 11 ദശലക്ഷത്തിലധികം ആളുകള്‍ ഭവന-രഹിതരാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. 5 ദശലക്ഷത്തോളം പേര്‍ അഭയാര്‍ത്ഥികളായി പലായനം ചെയ്തു.

6.6 ദശലക്ഷത്തോളം പേര്‍ ഭവനരഹിതരായി ഇപ്പോഴും സിറിയയില്‍ തുടരുകയാണ്. ഭരണകൂടത്തിന്റെ കീഴില്‍ നിരവധി ക്രിസ്ത്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും, സാമൂഹിക പ്രവര്‍ത്തകരും, മതനേതാക്കളും കൊല്ലപ്പെട്ടതായും കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് കൂടാതെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദ സംഘടന മത ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ യുദ്ധം പ്രഖ്യാപിച്ചതോടു കൂടി സിറിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലുള്ള നിരവധി ക്രിസ്ത്യാനികളും യസീദികളും ഭീതിയില്‍ കഴിയുകയാണ്. അതേ സമയം സര്‍ക്കാര്‍ ഉപരോധമേര്‍പ്പെടുത്തിയ നാല് നഗരങ്ങളില്‍ ഐക്യരാഷ്ട്ര സംഘടനയുടെ സഹായം എത്തിക്കുവാന്‍ കഴിയുന്നില്ലായെന്നത് സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കുന്നു.


Related Articles »