News

ദിവസവും ജപമാലചൊല്ലുന്ന ദൈവശാസ്ത്രജ്ഞൻ: മുന്‍ മാർപാപ്പാ ബെനഡിക്ട് പതിനാറാമന് അടുത്ത മാസം 90 വയസ്സ് തികയുന്നു

സ്വന്തം ലേഖകന്‍ 21-03-2017 - Tuesday

റോം: എമരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ പാപ്പാക്ക് അടുത്ത മാസം 90 വയസ്സ് തികയുന്നു. വാക്കറിന്റെ സഹായം കൂടാതെ നടക്കുവാന്‍ കഴിയുകയില്ല എന്നതൊഴിച്ചാല്‍ അദ്ദേഹത്തിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ല. വത്തിക്കാന്‍ റേഡിയോയുമായുള്ള ഒരു അഭിമുഖത്തില്‍ മുന്‍ പാപ്പായുടെ ഏറ്റവും അടുത്ത സഹായിയും ജെര്‍മ്മന്‍ മെത്രാപ്പോലീത്തയുമായ കര്‍ദ്ദിനാള്‍ ജ്യോര്‍ഗ് ഗാന്‍സ്വൈന്‍ പറഞ്ഞതാണിക്കാര്യം.

ബെനഡിക്ട് പതിനാറാമന്റെ പ്രൈവറ്റ് സെക്രട്ടറിയും, അദ്ദേഹത്തിന്റെ വസതിയുടെ മുഖ്യ മേല്‍നോട്ടക്കാരനുമാണ് കര്‍ദ്ദിനാള്‍ ജ്യോര്‍ഗ് ഗാന്‍സ്വൈന്‍. അദ്ദേഹത്തിന് കാര്യമായ ഓര്‍മ്മക്കുറവോ മറ്റ് പ്രശ്നങ്ങളോ ഇല്ലെന്നും, അദ്ദേഹം വായിക്കുകയും, സംഗീതം ആസ്വദിക്കുകയും, പ്രാര്‍ത്ഥിക്കുകയും തന്റെ സന്ദര്‍ശകരെ സ്വീകരിക്കുകയും ചെയ്യുന്നുണ്ടെന്നും കര്‍ദ്ദിനാള്‍ ഗാന്‍സ്വൈന്‍ പറഞ്ഞു.

“ബെനഡിക്ട് ഇപ്പോഴും ഒരു നല്ല വായനക്കാരനാണ്. എല്ലാ ദിവസവും അദ്ദേഹം ജപമാല ചൊല്ലികൊണ്ട് അല്‍പ്പനേരം നടക്കാറുണ്ട്”. അടിസ്ഥാനപരമായി ഒരു ദൈവശാസ്ത്രജ്ഞനാണെങ്കിലും എല്ലാ വിഷയങ്ങളെക്കുറിച്ചും അദ്ദേഹം വായിക്കാറുണ്ടന്നും കര്‍ദ്ദിനാള്‍ കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ വാക്കുകള്‍ പ്രകാരം ബെനഡിക്ട് പതിനാറാമൻ ഇപ്പോഴും TV കാണുകയും വാര്‍ത്തകള്‍ കേള്‍ക്കുകയും ചെയ്യുന്നുണ്ട്.

അദ്ദേഹത്തിന്റെ 93 വയസ്സുള്ള മൂത്ത സഹോദരനായ മോണ്‍സിഞ്ഞോര്‍ ജോര്‍ജ് റാറ്റ്സിംഗര്‍ വരുമ്പോള്‍ അദ്ദേഹം ജെര്‍മ്മന്‍ വാര്‍ത്ത കേള്‍ക്കുകയും അല്ലാത്തപ്പോള്‍ ഇറ്റാലിയന്‍ വാര്‍ത്ത കേള്‍ക്കുകയുമാണ്‌ പതിവെന്നും, ‘എല്‍ ഒസ്സെര്‍വേറ്റോറെ’ എന്ന വത്തിക്കാന്‍ ദിനപത്രമാണ്‌ പ്രധാനമായും അദ്ദേഹം വായിക്കാറുള്ളതെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.

അദ്ദേഹത്തിന്റെ സന്ദര്‍ശകരെ കുറിച്ച് ചോദിച്ചപ്പോള്‍ “വിവിധ രാജ്യങ്ങളില്‍ നിന്നും, വിവിധ പ്രായത്തിലുള്ളവരും, വിവിധ ജോലി ചെയ്യുന്നവരായ നിരവധി ആളുകള്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാറുണ്ട്” എന്നാണ് പറഞ്ഞത്. അവരില്‍ ചിലര്‍ നീണ്ടകാലമായി അദ്ദേഹത്തിന്റെ സുഹൃത്തുക്കളും എന്നാല്‍ മറ്റു ചിലര്‍ ആദ്യമായി കാന്നുന്നവരാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍ പാപ്പായുടെ ആരോഗ്യത്തിന്റെ രഹസ്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ “ദിവസംതോറും പാലിക്കാറുള്ള കൃത്യനിഷ്ഠ” എന്നാണ് കര്‍ദ്ദിനാള്‍ ഗാന്‍സ്വൈന്‍ പറഞ്ഞത്. ഓരോ ദിവസവും പ്രഭാതത്തിൽ അദ്ദേഹം വി. കുര്‍ബ്ബാനയോടെ തന്റെ ദിവസം ആരംഭിക്കുന്നു. കര്‍ദ്ദിനാള്‍ ഗാന്‍സ്വൈന്‍ തുടര്‍ന്നു “എല്ലാ ഞായറാഴ്ചയും, അത്മായ വനിതകളുടെ ഒരു കൂട്ടായ്മയായ ‘മെമോറെസ് ഡോമിനി’ യിലെ അംഗങ്ങള്‍ക്കും തന്റെ വസതിയില്‍ ഉള്ളവര്‍ക്കുമായി വി. കുര്‍ബ്ബാന മദ്ധ്യേ അദ്ദേഹം ഒരു ചെറിയ പ്രസംഗം പറയും".

അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ പുസ്തകമായി പ്രസിദ്ധീകരിക്കുവാനുള്ള വല്ല പദ്ധതിയും ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഇപ്പോള്‍ അതിനുള്ള പദ്ധതികള്‍ ഒന്നും തന്നെ ഇല്ല എന്നാണ് കര്‍ദ്ദിനാള്‍ ഗാന്‍സ്വൈന്‍ പറഞ്ഞത്.


Related Articles »