News

സ്വപ്നം കാണാനും വെല്ലുവിളികൾ ഏറ്റെടുക്കാനും വിശുദ്ധ യൗസേപ്പിതാവ് നമ്മെ പ്രാപ്തരാക്കട്ടെ: ഫ്രാൻസിസ് മാര്‍പാപ്പ

സ്വന്തം ലേഖകന്‍ 21-03-2017 - Tuesday

വത്തിക്കാൻ: സ്വപ്നം കാണാനും വെല്ലുവിളികൾ നിറഞ്ഞ ദൗത്യങ്ങൾ ഏറ്റെടുക്കാനും വിശുദ്ധ യൗസേപ്പ് നമ്മെ, വിശിഷ്യ യുവജനങ്ങളെ പ്രാപ്തരാക്കട്ടെയെന്ന് ഫ്രാൻസിസ് മാര്‍പാപ്പ. ഇന്നലെ രാവിലെ സാന്താ മാർത്തയിൽ ദിവ്യബലി മധ്യേ നൽകിയ വചന സന്ദേശത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

മാര്‍ച്ച് 19 നാണ് വിശുദ്ധ യൗസേപ്പിന്‍റെ തിരുന്നാള്‍ ആചരിക്കപ്പെടുന്നതെങ്കിലും, ഇക്കൊല്ലം ആ ദിനം നോമ്പുകാലത്തിലെ ഞായറാഴ്ചയായിരുന്നതിനാല്‍ അത് ആരാധനക്രമപരമായി ഇരുപതാം തിയതി തിങ്കളാഴ്ചയിലേക്കു മാറ്റിയിരുന്നു. ഈ പശ്ചാത്തലത്തില്‍, ഇന്നലെ രാവിലെ സാന്താ മാർത്തയിൽ ദിവ്യബലി മധ്യേ, 'പ്രതിസന്ധികള്‍ക്കു മുന്നില്‍ ദൈവത്തില്‍ ഉറച്ചു വിശ്വസിച്ചുകൊണ്ട്, ദൈവിക പദ്ധതി നിശബ്ദമായി നിര്‍വ്വഹിച്ച യൗസേപ്പിതാവിന്‍റെ സവിശേഷതകള്‍' അനുസ്മരിച്ചു കൊണ്ട് സന്ദേശം നൽകുകയായിരുന്നു മാർപാപ്പ.

മൗനമായി ദൈവത്തെ അനുസരിക്കുന്ന മനുഷ്യന്‍, അലിവുള്ള വ്യക്തി, വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയുന്നവൻ, ദൈവരാജ്യം ഉറപ്പാക്കുന്നവന്‍, ദൈവമക്കള്‍ എന്ന സ്ഥാനം നമുക്കായി ഉറപ്പിക്കുന്നവന്‍, സ്വപ്നം കാണാനും അത് യാഥാർത്ഥ്യമാക്കാനും കഴിവുള്ള മനുഷ്യന്‍ എന്നിങ്ങനെയുള്ള വിശേഷണങ്ങളാണ് ഫ്രാൻസിസ് പാപ്പാ വി. യൗസേപ്പിനു നല്കുന്നത്.

നമ്മുടെ ബലഹീനതകളില്‍ നിന്നും, നമ്മുടെ പാപങ്ങളില്‍ നിന്നുപോലും ഏറെ നല്ല കാര്യങ്ങള്‍ക്ക് ജന്മമേകാന്‍ കഴിവുള്ളവനാണ് വിശുദ്ധ യൗസേപ്പെന്നും; നമുക്ക് രക്ഷയേകുകയെന്ന ദൈവത്തിന്‍റെ സ്വപ്നത്തിന്‍റെ സൂക്ഷിപ്പുകാരനായ ഈ തച്ചന്‍, അതിനാല്‍ത്തന്നെ മഹാത്മാവാണെന്നും, നിശബ്ദനും അദ്ധ്വാനിയും സ്വപ്നം കാണാന്‍ കഴിയുന്നവനും ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രേഷ്ഠമായ കാര്യങ്ങള്‍ നാം സ്വപ്നം കാണുമ്പോള്‍ നമ്മെക്കുറിച്ചുള്ള ദൈവത്തിന്റെ സ്വപ്നത്തോടു നമ്മൾ കൂടുതൽ അടുക്കുകയാണെന്നും ഫ്രാൻസിസ് പാപ്പാ ഉദ്ബോധിപ്പിച്ചു.


Related Articles »