News - 2025
ലോകത്തിന് വിശ്വാസ ദീപം പകര്‍ന്ന 78 പേര്‍ കൂടി വിശുദ്ധ പദവിയിലേക്ക്
സ്വന്തം ലേഖകന്‍ 25-03-2017 - Saturday
വത്തിക്കാന്‍: തങ്ങളുടെ പ്രവര്‍ത്തികളും ആഴമായ വിശ്വാസവും വഴി ജീവിതം ധന്യമാക്കിയ 78 പേരെ വാഴ്ത്തപ്പെട്ടവരുടെയും വിശുദ്ധരുടെയും ഗണത്തിലേക്ക് ഉയര്‍ത്തുവാന്‍ വത്തിക്കാന്‍ തീരുമാനിച്ചു. നാമകരണനടപടികള്‍ക്കായുള്ള തിരുസംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ആഞ്ചലൊ അമാട്ടോ ഫ്രാന്‍സീസ് പാപ്പായുമായി നടത്തിയ കൂടികാഴ്ചയ്ക്ക് ശേഷമാണ് പുതിയ പ്രഖ്യാപനങ്ങള്‍ സംഘം പുറപ്പെടുവിച്ചത്.
1739-ല്‍ മരണപ്പെട്ട കപ്പൂച്ചിന്‍ പുരോഹിതനായ വാഴ്ത്തപ്പെട്ട ആഞ്ചെലോ ഡാ അക്രിയുടെ മാധ്യസ്ഥത്തില്‍ നടന്ന അത്ഭുതം അംഗീകരിച്ചതിനെ തുടര്‍ന്നു ഉടനെ തന്നെ അദ്ദേഹത്തെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തൂം. സ്പെയിനിലെ ആഭ്യന്തര കലാപത്തില്‍ കൊല്ലപ്പെട്ട ‘കോണ്‍ഗ്രിഗേഷന്‍ ഓഫ് മിഷന്‍’ അംഗങ്ങളായ ജോസ് ഫെര്‍ണാണ്ടസ് സാഞ്ചസിന്റേയും അദ്ദേഹത്തിന്റെ 32 സഹചാരികളുടേയും, അത്മായരായ 6 സഹായികളുടേയും രക്തസാക്ഷിത്വവും വത്തിക്കാന്‍ അംഗീകരിച്ചു. ഇവരെ അധികം വൈകാതെ തന്നെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തും.
1970-ല്‍ മരണപ്പെട്ട ബ്രസീല്‍ സ്വദേശിയായിരുന്ന മാര്‍സിന റാപരേല്ലി, 1924-ല്‍ മരണപ്പെട്ട കപ്പൂച്ചിന്‍ പുരോഹിതനായ ഡാനിയെലേ ഡാ സമരാടെ (ഫെലിസ് റോസ്സിനി), 1986-ല്‍ മരണപ്പെട്ട ഡാനിയേല സനെട്ടാ എന്നിവര്‍ വണക്കത്തിന് യോഗ്യരാണെന്ന് വത്തിക്കാന്‍ സ്ഥിരീകരിച്ചു.
1529-ല്‍ മരണപ്പെട്ട കൗമാരപ്രായക്കാരായ അന്റോണിയോ, ജുവാന്‍ ക്രിസ്റ്റോബാല്‍ എന്നീ മെക്സിക്കന്‍ സ്വദേശികളായ രക്തസാക്ഷികളുടേയും, 1645-ല്‍ ബ്രസീലില്‍ വെച്ച് കൊല്ലപ്പെട്ട ആന്‍ന്ദ്രേ ഡി സോവെറല്‍, അംബ്രോസിയോ ഫ്രാന്‍സിസ്കോ ഫെറോ എന്നീ രൂപതാ പുരോഹിതരുടേയും, മാറ്റെയൂസ് മോറെര എന്ന ആത്മായനും സഹചാരികളായ 27 പേരുടേയും നാമാകരണ പ്രക്രിയക്കും കര്‍ദിനാള്‍മാരുടെ തിരുസംഘം അംഗീകാരം നല്‍കിയിട്ടുണ്ട്.
![](/images/close.png)