News - 2024
ക്രിസ്തുവിനെ പ്രഘോഷിക്കുക, വിശ്വാസികളുടെ എണ്ണത്തെ കുറിച്ചു ഉത്കണ്ഠ അരുത്: ഫ്രാൻസിസ് മാർപാപ്പ
സ്വന്തം ലേഖകന്‍ 27-03-2017 - Monday
മിലാൻ: വെല്ലുവിളികളെ ഭയപ്പെടുകയല്ല, കീഴടക്കുകയാണ് വേണ്ടതെന്നും സമർപ്പിത സമൂഹത്തിന്റെയും വിശ്വാസികളുടെയും എണ്ണത്തെക്കുറിച്ച് ഉത്കണ്ഠാകുലരാകരുതെന്നും ഫ്രാൻസിസ് പാപ്പ. മിലാൻ സന്ദർശനവേളയിൽ കത്തീഡ്രലിൽ നടന്ന സംവാദത്തില്‍, സുവിശേഷ പ്രഘോഷണത്തിന്റെ ആവശ്യകതയനുസരിച്ച് ദൗത്യം ഏറ്റെടുക്കാനുള്ള അംഗസംഖ്യ കുറഞ്ഞു വരികയാണെന്ന ഉർസലിൻ സിസ്റ്റർ പൗല പഗോണിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഫ്രാൻസിസ് മാർപാപ്പ.
ഭൂരിപക്ഷമുള്ള സമൂഹത്തിൽ നിറഞ്ഞ് ക്രിസ്തുവിന്റെ സ്വാധീനം ഉളവാക്കുക എന്നതാണ് ക്രൈസ്തവ ദൗത്യം. പരിശുദ്ധാത്മാവിനാൽ പൂരിതരായ അപ്പസ്തോലന്മാർ സമയത്തിന്റെ ആവശ്യകതയനുസരിച്ച് പുളിമാവ് പോലെ വർദ്ധിച്ച് ലോകത്തിന്റെ പ്രകാശവും ഉപ്പുമായി തീർന്നു. മാവ് പുളിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന യീസ്റ്റിനോടാണ് മാർപ്പാപ്പ ക്രൈസ്തവരുടെ എണ്ണത്തെയും ദൗത്യത്തെയും ഉപമിച്ചത്.
ദൈവത്തെ അന്വേഷിക്കുന്ന സമൂഹത്തിന്റെ വിശ്വാസജീവിതത്തെയും മനസ്സിനെയും ഊർജസ്വലമാക്കുന്നതിന് പ്രതിസന്ധികൾ ആവശ്യമാണ്. കാളയെ കൊമ്പിൽ പിടിച്ച് നിയന്ത്രണ വിധേയമാക്കുന്ന പോലെയാകണം പ്രതിസന്ധികളെ തരണം ചെയ്യേണ്ടത്. കണ്ടുമുട്ടുന്നവരോടെല്ലാം സന്തോഷത്തോടെ സുവിശേഷം പങ്കുവെക്കണം. സുവിശേഷവത്കരണ പരിശ്രമങ്ങൾ വേണ്ടത്ര ഫലം പുറപ്പെടുവിക്കുന്നില്ല എന്ന ഫാ.ഗബ്രിേയലേ ഗ്യോയയുടെ പ്രസ്താവനയ്ക്ക് മറുപടി നൽകികൊണ്ടാണ് മാർപ്പാപ്പ ഇപ്രകാരം പറഞ്ഞത്.
യേശുവിനു വേണ്ടി വലയിറക്കുക എന്ന ദൗത്യം ഏറ്റെടുത്തിരിക്കുന്നവരാണ് സുവിശേഷ പ്രഘോഷകർ. എന്നാൽ, ദൈവമാണ് വലയിൽ നിറയുന്ന മീനുകളെ ശേഖരിക്കുന്നത്. അതിനാൽ തന്നെ എണ്ണത്തെക്കുറിച്ചുള്ള വ്യഗ്രത നല്ലതല്ലായെന്നും മാർപാപ്പ ഓർമ്മിപ്പിച്ചു. പരിശുദ്ധാത്മാവിന്റെ മാർഗ്ഗ നിർദേശങ്ങൾക്ക് ഊന്നൽ നൽകാനും മററുള്ളവരുടെ വേദനയെ കാണാൻ കഴിയാതെ പോകുന്ന സമൂഹത്തിൽ പ്രത്യാശയുടെ കിരണങ്ങൾ ഉണർത്താനും പരിശ്രമിക്കണം.
സഭാംഗങ്ങളായ നാം സമൂഹത്തിന്റേതായ ദൗർബല്യങ്ങൾ മനസ്സിലാക്കി അവയെ അനുഗ്രഹമാക്കുമ്പോഴാണ് നമ്മുടെ ദൗത്യം പൂർത്തിയാകുന്നത്. മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. സാൻ വിട്ടോർ ജയിലിൽ വിചാരണ നേരിടുന്ന തടവുകാരെ സന്ദർശിച്ച മാർപാപ്പ മിലാനിലെ അതിരൂപതാ പ്രേഷിത പ്രവർത്തകരോട് സംസാരിക്കുവാനും സമയം കണ്ടെത്തി.