Wednesday Mirror - 2025

ജീവിതത്തിന്റെ തിരക്കു വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിന് തടസ്സമാകുന്നുണ്ടോ? എങ്കില്‍...

തങ്കച്ചന്‍ തുണ്ടിയില്‍ 29-03-2017 - Wednesday

"ഒരാള്‍ വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കുകൊള്ളുന്നതിനായി യാത്ര ചെയ്യുമ്പോള്‍ ഓരോ ചുവടുവെയ്പ്പിലും മാലാഖമാര്‍ എണ്ണിത്തിട്ടപ്പെടുത്തുകയും ഈ ജീവിതത്തിലും നിത്യതയിലും അയാള്‍ക്കു വളരെ ഉന്നതമായ പ്രതിഫലം നല്‍കുക തന്നെ ചെയ്യും."

ഒരിക്കല്‍ ഇടവകയില്‍ കുര്‍ബ്ബാനയില്ലാത്തതിനാല്‍ വി. കുര്‍ബ്ബാനയ്ക്കായി അയല്‍ ഇടവകയിലേക്കുള്ള യാത്ര. പള്ളി ദൂരത്തായതിനാല്‍ വെളിച്ചം വീഴും മുന്‍പുള്ള യാത്ര. വഴിയില്‍ ഒരു വടത്തിന്‍റെ കഷണം കിടക്കുന്നതായി തോന്നിയതിനാല്‍ കാലുകൊണ്ട് തട്ടി മാറ്റിയപ്പോഴാണ്‌ അതൊരു വലിയ പാമ്പായിരുന്നുവെന്ന് മനസ്സിലായത്. ഉടന്‍തന്നെ തൊട്ടടുത്തുള്ള വീട്ടില്‍ വിളിച്ചു. അവര്‍ ലൈറ്റുമായി വന്നു. അവര്‍ പാമ്പിനെ കൊന്നു. വി. കുര്‍ബ്ബാനയ്ക്കായുള്ള ഓരോ ചുവടുവയ്പ്പിലും ഇപ്രകാരം നമുക്കു സംരക്ഷണം ലഭിക്കുന്നുണ്ട്. പലതും തിരിച്ചറിയുന്നില്ല എന്നു മാത്രം.

നിസ്സാര കാര്യങ്ങള്‍ക്ക് വി.കുര്‍ബ്ബാന മുടക്കിയെന്ന് പറയുന്നവരെക്കുറിച്ച് കേള്‍ക്കുന്നത് എനിക്ക് ഏറ്റവും വിഷമമുള്ള കാര്യമാണ് (പ്രത്യേകിച്ച് ഞായറാഴ്ച). യഥാര്‍ത്ഥത്തില്‍ നാം ഓരോ കാര്യങ്ങള്‍ക്കും നല്‍കുന്ന വില അനുസരിച്ചാണ് അതിനു നല്‍കുന്ന പ്രാധാന്യവും. വി.കുര്‍ബ്ബാനയുടെ യഥാര്‍ത്ഥ വില മനസ്സിലാക്കിയവര്‍ക്ക് വി.കുര്‍ബ്ബാന മുടക്കാനാവില്ല എന്നതാണ് വാസ്തവം. ഏത് പ്രതിസന്ധികളേയും തരണം ചെയ്യാന്‍ അവര്‍ക്കു സാധിക്കും. പണിത്തിരക്ക് പലരും പറയുന്ന കാര്യമാണ്. എന്നാല്‍ ഈ പണിത്തിരക്കിനെ തരണം ചെയ്യാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം വി.കുര്‍ബ്ബാനയാണെന്നുള്ളത് എന്‍റെ അനുഭവത്തില്‍ നിന്നും പറയാന്‍ സാധിക്കും.

ഭാര്യക്ക് രോഗമായി ഹോസ്പിറ്റലില്‍ കഴിയുന്ന സമയം. എനിക്ക് ഏറ്റവും തിരക്കുള്ള ദിവസമായിരുന്നു അന്ന്‍. എന്‍റെ ജീവിത മാര്‍ഗ്ഗമായ തൊഴില്‍ ചെയ്യണം. വീട്ടു പണികള്‍ ചെയ്യണം. പശുവിനു തീറ്റയുണ്ടാക്കണം. അന്നേ ദിവസം ആശുപത്രിയില്‍ ചെല്ലണം. രാവിലെ 3 മണിക്ക് ഉണര്‍ന്നാല്‍ മാത്രമേ ഇത്രയും തീര്‍ക്കാന്‍ സാധിക്കൂ. ഇവിടെ സാധാരണ പലരും ഉന്നയിക്കുന്ന തരത്തിലുള്ള തടസ്സങ്ങളാണെങ്കില്‍ ഒത്തിരിയുണ്ട്.

ഒന്നാമത്തെ തടസ്സം ഇടവക പള്ളിയില്‍ കുര്‍ബ്ബാന ഇല്ല. വെളുപ്പിന് 4 മണിക്ക് പണികളെല്ലാം തീര്‍ത്ത് പശുവിനെ കറന്നു. പാല്‍ സൊസൈറ്റിയില്‍ കൊണ്ടു വച്ചിട്ട് 30 മിനിറ്റ് നടന്ന്‍ ചെന്ന് ബസ്സില്‍ കയറി പള്ളിയില്‍ ചെന്ന് കുര്‍ബ്ബാനയില്‍ പങ്കെടുത്തു. അതിനുശേഷം ഹോസ്പിറ്റലില്‍ പോയി. അവിടുത്തെ കാര്യങ്ങളും തീര്‍ത്ത് വീട്ടില്‍ വന്നു. ബാക്കി പണികള്‍ തീര്‍ത്താണ് ഉറങ്ങാന്‍ കിടന്നത്. എന്നാല്‍ 3 മണിക്ക് എഴുന്നേറ്റപ്പോള്‍ തന്നെ ആദ്യത്തെ തടസ്സം ശക്തമായ മഴയും കാറ്റും ആയിരുന്നു. വൈദ്യുതിയും ഉണ്ടായിരുന്നില്ല. പശുവിനെ കറക്കണമെങ്കിലും വീട്ടുപണി ചെയ്യാനും വെളിച്ചമില്ല. വീട്ടു പണി ഒരുതരത്തില്‍ തീര്‍ത്തു. ഒരു ചെറിയ പെന്‍ ടോര്‍ച്ച് വായില്‍ കടിച്ചു പിടിച്ചു കൊണ്ടാണ് പശു കറവ തീര്‍ത്തത്.

ഇനി രണ്ടാമത്തെ തടസ്സം, 30 മിനിറ്റ് നടന്ന്‍ നാലുമുക്ക് എന്ന സ്ഥലത്ത് ചെന്നപ്പോഴാണ് അറിയുന്നത് അന്ന്‍ ബസ് ഇല്ലെന്നുള്ള കാര്യം. കോട്ടയം വണ്ടിക്കു കയറി ഇരട്ടയാറില്‍ ഇറങ്ങാനായിരുന്നു എന്‍റെ പദ്ധതി (കോട്ടയം ജില്ലയിലേക്കുള്ള ഒരു ബസ്സും ഓടുന്നുണ്ടായിരുന്നില്ല. കാരണം മുല്ലപ്പെരിയാര്‍ വിഷയം അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തുന്നതിനായി ആ റൂട്ടില്‍ ഒരു ബസ്സും ഓടുന്നില്ലായിരുന്നു. ഈ വിവരം അവിടെ ചെന്നപ്പോഴാണ് ഞാന്‍ അറിയുന്നത്. ആ ദിവസങ്ങളില്‍ തിരക്കായിരുന്നതിനാല്‍ ഈ വിവരം ഞാനറിഞ്ഞിരുന്നില്ല).

ഇരട്ടയാര്‍ വരെ നടന്നു പോയി ബലിയര്‍പ്പിക്കുക എന്നത് വലിയൊരു തടസ്സമായിരുന്നു.

ഈ തടസ്സങ്ങളെല്ലാം അതിജീവിച്ച് അന്നര്‍പ്പിച്ച ബലിയുടെ വില വലുതായിരുന്നു. തമ്പുരാന്‍ അന്നെനിക്കിട്ടത് വലിയ മാര്‍ക്കായിരുന്നു. പിന്നീടുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും അത്ഭുതം ദര്‍ശിക്കാന്‍ എനിക്ക് സാധിച്ചു. അതെ. "എന്നെ ശക്തിപ്പെടുത്തുന്നവനിലൂടെ അന്നത്തെ എല്ലാക്കാര്യങ്ങളും" (ഫിലി. 4:13) ചെയ്യാന്‍ ദൈവകൃപ നല്‍കി. ഇവിടെ എനിക്കു നല്‍കുവാനുള്ള സന്ദേശം ഇതാണ്. തടസ്സങ്ങളിലേക്ക് നോക്കി വിലപിക്കേണ്ടവരല്ല നാം. തടസ്സങ്ങളിലേക്ക് നോക്കി വിലപിക്കുന്നവര്‍ക്ക് എന്നും ഓരോ തടസ്സങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കും.

വിശുദ്ധ അമ്മ ത്രേസ്യായുടെ വാക്കുകള്‍ ശ്രദ്ധിക്കുക, "ഇന്നു നാം പ്രാര്‍ത്ഥന ഒഴിവാക്കുന്നു. കാരണം ഇന്നു നമുക്ക് തലവേദന ഉണ്ട്. നാളെ പ്രാര്‍ത്ഥന ഒഴിവാക്കുന്നു. കാരണം ഇന്നലെ തലവേദന ഉണ്ടായിരുന്നു. പിറ്റേന്ന് നാം പ്രാര്‍ത്ഥന ഒഴിവാക്കുന്നു. കാരണം തലവേദന ഉണ്ടാകുമെന്ന് നാം ഭയപ്പെടുന്നു." ഇത് വായിക്കുന്ന സുഹൃത്തുക്കളേ, ബലിയര്‍പ്പണത്തിന് നാം കൊടുക്കുന്ന വിലയനുസരിച്ചായിരിക്കും നമുക്ക് ലഭിക്കുന്ന മാര്‍ക്കും. സാഹചര്യങ്ങള്‍ എല്ലാം അനുകൂലമാണെങ്കില്‍ മാത്രം കുര്‍ബ്ബാനയില്‍ പങ്കെടുക്കാമെന്നുള്ള ചിന്താഗതിയോട് എനിക്ക് യോജിപ്പില്ല. പ്രതികൂലമാകുന്ന സാഹചര്യങ്ങളെ അനുകൂലമാക്കിത്തീര്‍ക്കാന്‍ ദൈവകൃപയില്‍ ആശ്രയിച്ചാല്‍ നമുക്കാകും.

പ്രതികൂലങ്ങളെ തരണം ചെയ്ത് മറ്റു പല കാര്യങ്ങളും നാം ചെയ്യാറില്ലേ? നമ്മുടെ ശരീരത്തിനു സുഖം നല്‍കുന്ന, ലോകം നല്‍കുന്ന സുഖത്തിനു പിന്നാലെ ഓടാന്‍ വേണ്ടി നാമെന്തെല്ലാം ത്യാഗങ്ങള്‍ സഹിക്കാറുണ്ട്. സമ്പാദിച്ചു കൂട്ടാനും മക്കള്‍ക്ക് നല്ല ഭാവി ഉറപ്പു വരുത്താനും എത്ര ത്യാഗം സഹിക്കാനും നാം തയ്യാറാണ്. എന്നാല്‍ ആത്മാവിനു വേണ്ടി, നിത്യജീവനുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ പലര്‍ക്കും പല തടസ്സങ്ങള്‍. ലോകം നല്‍കുന്നതെല്ലാം നാം ഇവിടെ ഉപേക്ഷിച്ചേ തീരൂ.

"അസ്ഥിരമല്ലോ ഭുവനവുമതിലെ ജഡികാശകളും നീര്‍പ്പോളകള്‍ പോല്‍ എല്ലാമെല്ലാം മാഞ്ഞടിയുന്നു." (മരിച്ചടക്കിനു പാടുന്ന ഗാനം). അതെ, നിത്യത തന്നെ വേണം നാം മുറുകെ പിടിക്കാന്‍. നിത്യജീവനും പരിശുദ്ധ കുര്‍ബ്ബാനയുമായി വലിയ ബന്ധമുണ്ട്. "എന്‍റെ ശരീരം ഭക്ഷിക്കുകയും രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വിശ്വസിക്കും" (യോഹ. 6:57). വിശുദ്ധ കുര്‍ബ്ബാനയില്‍ നാം ഈശോയുമായി ഒന്നാകുന്നു. ഈശോ നമ്മോട് ഇപ്രകാരം പറയുന്നു: "ഞാന്‍ പിതാവു മൂലം ജീവിക്കുന്നു. അതുപോലെ എന്നെ ഭക്ഷിക്കുന്നവന്‍ ഞാന്‍ മൂലം ജീവിക്കും" (യോഹ. 6:6-7). നമ്മുടെ നിത്യജീവന്‍റെ അപ്പമായ ഈശോയെ നമുക്ക് മുറുകെ പിടിക്കാം.

(തുടരും)

വിശുദ്ധ കുര്‍ബാന- സകല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം - ഭാഗം I വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാൻ ഈശോയോട് സമയം ചോദിച്ചു വാങ്ങിയപ്പോൾ- ഭാഗം II വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുര്‍ബാനയില്‍ 'ആമ്മേന്‍' പറയുമ്പോള്‍...! ഭാഗം III വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുർബ്ബാന സ്വീകരിക്കുന്ന നാം എതിര്‍ സാക്ഷ്യം നല്‍കാറുണ്ടോ? - ഭാഗം IV വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »