News - 2024

വിശുദ്ധവാരത്തിലെ അഭൂതപൂർവമായ തീർത്ഥാടക പ്രവാഹത്തെ സ്വീകരിക്കാൻ ജറുസലേം ഒരുങ്ങി

സ്വന്തം ലേഖകന്‍ 09-04-2017 - Sunday

ജറുസലേം: ഇന്ന് ആരംഭിക്കുന്ന വിശുദ്ധവാരത്തിലെ അഭൂതപൂർവമായ തീർത്ഥാടക പ്രവാഹത്തെ സ്വീകരിക്കാൻ ജറുസലേം ഒരുങ്ങി. വിവിധ ക്രൈസ്തവ സഭാവിഭാഗങ്ങൾ ഒരേദിവസം തന്നെ ഈസ്റ്റർ ആഘോഷിക്കുന്നതിനാൽ ഈ വർഷം വൻപിച്ച ജനത്തിരക്കാണ് ജറുസലേമിൽ പ്രതീക്ഷിക്കുന്നത്.

ഈസ്റ്റർ ആഘോഷങ്ങൾക്ക് പുറമേ, വിവിധ സഭാ വിഭാഗങ്ങൾ ഒന്നിച്ച് പുനരുദ്ധാരണം പൂർത്തിയാക്കിയ ഈശോയുടെ കല്ലറ സന്ദർശിക്കാനും വിശ്വാസികൾ ജറുസലേമിലേക്ക് ഒഴുകിയെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ജറുസലേം ഓർത്തഡോക്സ് വക്താവ് ഇസ മുസൈയ്യ അറിയിച്ചു. പുനരുദ്ധാരണത്തിനു ശേഷം, മാർച്ച് 22 നാണ് കല്ലറ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്.

1979 മുതൽ ജറുസലേം സന്ദർശനത്തിന് വിലക്ക് നേരിടുന്ന ഈജിപ്ഷ്യൻ കോപ്റ്റിക്ക് വിഭാഗക്കാർക്ക് ജറുസലേം സന്ദർശനാനുമതി ലഭിച്ചതിനാൽ പതിനയ്യായിരത്തോളം വരുന്ന ഈജിപ്ഷ്യൻ തീർത്ഥാടകരെയും ഈ വർഷം പ്രതീക്ഷിക്കുന്നതായി ഫ്രാൻസിസ്കൻ വൈദികനായ ഫാ. ഇബ്രാഹിം ഹാൾട്ടാസ് പറഞ്ഞു.

"കുടുതൽ തീർത്ഥാടക തിരക്ക് അനുഭവപ്പെടുമെന്നതിനാൽ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ജറുസലേമിൽ ഒരുക്കിയിരിക്കുന്നത്. യഹൂദരുടെ പെസഹാ ആഘോഷ ദിവസങ്ങളിൽ പാലസ്തീൻ നിവാസികളെയും മറ്റു സ്ഥലങ്ങളിൽ നിന്ന് വരുന്ന തീർത്ഥാടകരെയും ഗാസയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കുന്ന പതിവുണ്ട്. എന്നാൽ സംയോജിതമായി ആഘോഷിക്കുന്ന ഈ വർഷത്തെ ഈസ്റ്റർ ചടങ്ങുകളിൽ, ഏപ്രിൽ 15 ഒഴികെയുള്ള വിശുദ്ധവാര ചടങ്ങുകളിൽ ജനങ്ങൾക്കെല്ലാം പങ്കെടുക്കാൻ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്", പാലസ്തീൻ നിയമവക്താവ് ബർണാഡ് സാബല്ല വ്യക്തമാക്കി.

വലിയ ജനത്തിരക്കിലും ഈ വർഷത്തെ ഈസ്റ്റർ ആഘോഷങ്ങൾ കൂടുതൽ നിറപ്പകിട്ടാർന്നതായിരിക്കും എന്ന പ്രതീക്ഷയാണ് വിവിധ സഭാ നേതാക്കൾ പങ്കുവെച്ചത്.


Related Articles »