News - 2025

കെയ്‌റോസ് മിഷന്‍ യൂറോപ്പില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു: തോളോടു ചേര്‍ന്ന് ബിഷപ്പ് ജോസഫ് സ്രാമ്പിക്കലും

മറിയാമ്മ ജോഷി 13-04-2017 - Thursday

മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 6 വരെ യുവജനങ്ങള്‍ക്കും കുടുംബങ്ങള്‍ക്കുമായി വെയില്‍സ് കെഫന്‍ലി പാര്‍ക്കില്‍ വച്ച് നടന്ന ധ്യാനം ആത്മീയ അഭിഷേകമായി. റെജി കൊട്ടാരം ബ്രദറിലൂടെ ദൈവം ചെയ്ത അത്ഭുതങ്ങള്‍ കണ്ട് ജനം ഏകകണ്ഠമായി സര്‍വ്വശക്തനായ ദൈവത്തെ സ്തുതിച്ചു. പരിശുദ്ധാത്മ അഭിഷേകം നിറഞ്ഞുനിന്ന ധ്യാനത്തില്‍ ബിഷപ്പ് ജോസഫ് സ്രാമ്പിക്കല്‍ നിറസാന്നിധ്യമായി.

കെയ്‌റോസ് മിഷന്റെ ആത്മീയ നേതൃത്വമായ ഫാ. അനില്‍ തോമസിന്റെ നേതൃത്വ പാടവം ഏറെ പ്രശംസനീയം തന്നെ. മഞ്ഞുമ്മേല്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ആന്‍ഡ്രൂസ് പുത്തന്‍പറമ്പില്‍ ശുശ്രൂഷയില്‍ ആദ്യാവസാനം പങ്കുചേര്‍ന്നു. നോമ്പുകാലം അനുതാപക്കൂട്ടില്‍ അണഞ്ഞ് നല്ല കുമ്പസാരം കഴിച്ച് വിശുദ്ധിയില്‍ ഉയരുവാന്‍ സഹായിക്കുന്ന അച്ചന്റെ ശുശ്രൂഷ ഏറെ മഹനീയമായിരുന്നു.

അമേരിക്കന്‍ കെയ്‌റോസ് മിഷന്‍ കോര്‍ഡിനേറ്റര്‍ ബ്രദര്‍ ബബ്‌ളു ചാക്കോയുടെ നേതൃത്വത്തില്‍ അമേരിക്കയില്‍ നിന്നും എത്തിയ യൂത്ത് ടീം യുവജന ധ്യാനം നയിച്ചു. ദൈവം തങ്ങള്‍ക്കു ചെയ്ത അത്ഭുതപ്രവര്‍ത്തികളില്‍ വിസ്മയഭരിതരായ യുവതീയുവാക്കള്‍ തങ്ങളുടെ പഴയ കാല പാപ ജീവിതം ദൂരെ എറിഞ്ഞ് അള്‍ത്താരയുടെ മുമ്പില്‍ അണിനിരന്ന് പരിശുദ്ധനായ ദൈവത്തെ സ്തുതിക്കുന്ന മഹനീയ കാഴ്ച ഹൃദയ പ്രക്ഷോപിതമായിരുന്നു.

ആത്മീയതയുടെ പശിമയുള്ള പിതാവ് വി. അന്തോണീസിന്റെ ഉള്‍ക്കാഴ്ചകളോടെ വി. കുര്‍ബാന മധ്യേ നടത്തിയ പ്രഭാഷണത്തില്‍ സര്‍വ്വാധിപനായ ദൈവത്തിന്റെ പരിമിതി കുറിക്കുന്ന സ്‌നേഹകൂദാശയായ വി. കുര്‍ബാനയുടെ ആഴങ്ങളിലേക്ക് ഹൃദയങ്ങളെ നയിച്ചു. മഹത്വപൂര്‍ണ്ണനായ കര്‍ത്താവിന്റെ രണ്ടാം വരവിന്റെ മുന്നാസ്വാദനമാണ് വി. കുര്‍ബാന. വി. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായുടെ ”സഭയും വി. കുര്‍ബാനയും” എന്ന ചാക്രിയ ലേഖനത്തെ ആസ്പദമാക്കി പിതാവ് തുടര്‍ന്നു.

വി. കുര്‍ബാനയില്‍ ‘ഞങ്ങള്‍’ എന്നും നാം ഉരുവിടുമ്പോള്‍ സൃഷ്ടിയുടെ ആരംഭം മുതല്‍ കര്‍ത്താവിന്റെ രണ്ടാം വരവുവരെയുള്ള സകല മനുഷ്യരും ഉള്‍പ്പെടുന്ന പ്രാര്‍ത്ഥനയാണ്. ഇത് ഈശോയുടെ പ്രാര്‍ത്ഥനയാണ്. ഒന്നിനേയും കുറിച്ച് ഉറപ്പ് പറയാനാവാത്ത ഈ ലോകത്ത് ഉറപ്പിച്ചു പറയാനാവുന്ന രണ്ടു കാര്യങ്ങളാണ് മരണവും സ്വര്‍ഗ്ഗരാജ്യവും. ഈശോയുടെ ശരീര രക്തങ്ങളോടു നമ്മെ അടുപ്പിക്കുന്ന ദൈവത്തിന്റെ കരുണയാണ് വിശുദ്ധ കുര്‍ബാന. കെയ്‌റോസ് സ്വീകാര്യമായ സമയം ഇതാണ്. അതുകൊണ്ട് മാനസാന്തരത്തിനു യോജിച്ച ഫലങ്ങള്‍ പുറപ്പെടുവിക്കുന്നവരായി നമുക്ക് ജീവിക്കാം. ബിഷപ്പ് പറഞ്ഞു.


Related Articles »