News - 2025

അമേരിക്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ ആയിരകണക്കിന്‌ ആളുകള്‍ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു

സ്വന്തം ലേഖകന്‍ 19-04-2017 - Wednesday

വാഷിംഗ്ടണ്‍: അമേരിക്കയിലുടനീളമുള്ള കത്തോലിക്കാ ദേവാലയങ്ങളില്‍ ഏപ്രില്‍ 15-ന് നടത്തിയ ഈസ്റ്റര്‍ ജാഗരണ പ്രാര്‍ത്ഥനകളില്‍ ആയിരകണക്കിന് പേർ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. കത്തോലിക്ക വിശ്വാസം സ്വീകരിച്ചവരില്‍ യുവതീ-യുവാക്കളും, പ്രായമേറിയവരും, വിവാഹിതരും, അവിവാഹിതരും ഉള്‍പ്പെടുന്നു. ജ്ഞാനസ്നാനം കൂടാതെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും സ്ഥൈര്യലേപന സ്വീകരണവും ഇവര്‍ നടത്തി.

അമേരിക്കയിലെ 60-ഓളം രൂപതകളിലായി ആയിരകണക്കിന് പേര്‍ കത്തോലിക്ക വിശ്വാസം സ്വീകരിച്ചതായി യു‌എസ് കത്തോലിക്കാ ബിഷപ്സ് കോണ്‍ഫറന്‍സ് പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. അമേരിക്കയിലെ ഏറ്റവും വലിയ അതിരൂപതയായ ലോസ് ആഞ്ചലസില്‍ മാത്രം 1750-പേര്‍ വിശ്വാസ പരിശീലനത്തിനു കടന്ന്‍ വരികയും, 938-പേര്‍ ജ്ഞാനസ്നാനം സ്വീകരിക്കുകയും ചെയ്തു. ഗാല്‍വെസ്‌റ്റോണ്‍-ഹൂസ്റ്റണ്‍ അതിരൂപതയില്‍ 708 പേരും സീറ്റില്‍ അതിരൂപതയില്‍ 409 പേരും മിയാമിയില്‍ 214 പേരും പുതുതായി ജ്ഞാനസ്നാനം സ്വീകരിച്ചു.

വാഷിംഗ്ടണ്‍ അതിരൂപതയില്‍ 698 പേരും ഫിലാഡല്‍ഫിയയില്‍ 322 പേരും ഒക്ലാഹോമ സിറ്റിയില്‍ 368 പേരും സാന്‍ഫ്രാന്‍സിസ്കോ രൂപതയില്‍ 207 പേരും കത്തോലിക്ക വിശ്വാസത്തിലേക്ക് വന്നുയെന്നത് ശ്രദ്ധേയമാണ്. പുതുതായി സഭയിലേക്ക് ചേരുവാന്‍ വരുന്നവരുടേയും, ജ്ഞാനസ്നാനം സ്വീകരിക്കുന്നവരുടേയും ബാഹുല്യം നിമിത്തം രണ്ട് ചടങ്ങുകള്‍ നടത്തേണ്ടി വന്നതായി ബ്രൂക്ലിന്‍ രൂപതാ പത്രത്തില്‍ പറയുന്നു.

മറ്റ് മതവിശ്വാസങ്ങളില്‍ നിന്നും വന്നവര്‍ ജ്ഞാനസ്നാനം സ്വീകരിക്കുന്നതിനും, മറ്റ് ക്രിസ്തീയ സഭകളില്‍ നിന്നും വന്നവര്‍ തങ്ങളുടെ വിശ്വാസ സ്ഥിരീകരണം നടത്തുന്നതിനും ഈ വര്‍ഷത്തെ ഈസ്റ്റര്‍ ജാഗരണ പ്രാര്‍ത്ഥനകള്‍ മാറ്റിയെന്നത് ശ്രദ്ധേയമാണ്. വിശ്വാസത്തിലേക്കുള്ള തന്റെ വിളി ഇപ്പോള്‍ തനിക്ക് ശരിക്കും മനസ്സിലാക്കുവാന്‍ കഴിയുന്നുണ്ടെന്നും ദൈവവുമായി സഹകരിക്കുവാനുള്ള ഉത്തരവാദിത്വം തനിക്കുണ്ടെന്നും മെക്സിക്കോ സ്വദേശിയായ കാരി മൊറാലെസ്‌ പറഞ്ഞു. കത്തോലിക്ക സഭയെകുറിച്ച് നിരവധി തെറ്റിദ്ധാരണകള്‍ തനിക്കുണ്ടായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ തന്റെ തെറ്റിദ്ധാരണകള്‍ എല്ലാം മാറിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Related Articles »