News
മാർ തോമസ് തറയിൽ അഭിഷിക്തനായി
സ്വന്തം ലേഖകന്‍ 24-04-2017 - Monday
ചങ്ങനാശേരി: പൗരാണികമായ സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ ആയിരകണക്കിനു വിശ്വാസികളെ സാക്ഷിയാക്കി പുതുഞായറാഴ്ച ദിനത്തിൽ ചങ്ങനാശ്ശേരി അതിരൂപതയുടെ സഹായമെത്രാനായി മാർ തോമസ് തറയിൽ അഭിഷിക്തനായി. മെത്രാഭിഷേക ചടങ്ങിൽ മാർ പെരുന്തോട്ടവും തുടർന്ന് മാർ ജോസഫ് പൗവത്തിലും സന്നിഹിതരായ ബിഷപ്പുമാരും പുതിയ മെത്രാന് സ്നേഹചുംബനം നൽകി അഭിനന്ദനം അറിയിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടിനു മർത്ത്മറിയം കബറിടപ്പള്ളിയിൽ രൂപതാ മുൻ മേലധ്യക്ഷന്മാരുടെ കബറിടങ്ങളിൽ പുഷ്പാർച്ചനയ്ക്കു ശേഷം സഭാ മേലധ്യക്ഷന്മാരും വൈദികരും പ്രദക്ഷിണമായി നിയുക്ത മെത്രാനെ മദ്ബഹയിലേക്ക് ആനയിച്ചു. മാർ തോമസ് തറയിൽ രക്തസാക്ഷികളുടെ തിരുശേഷിപ്പു വണങ്ങിയതോടെ മെത്രാഭിഷേക കർമങ്ങൾ തുടങ്ങി. മാർ ജോസഫ് പൗവത്തിൽ, മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ സഹകാർമികരായി. മുഖ്യകാർമികനായിരുന്ന ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം സ്ഥാനചിഹ്നങ്ങളായ മുടിയും അംശവടിയും നൽകി.
സങ്കീർത്തന വായനകളും കാനോനകളും ആലാപനങ്ങളും സ്തുതിപ്പുകളുംകൊണ്ടു ഭക്തിമുഖരിതമായിരുന്ന ചടങ്ങിൽ കെസിബിസി ചെയർമാൻ ആർച്ച്ബിഷപ് ഡോ. സൂസപാക്യം തിരുവചനസന്ദേശം പങ്കുവച്ചു. ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ റവ. ഡോ. ജോസഫ് മുണ്ടകത്തിൽ ആർച്ച് ഡീക്കനായ ചടങ്ങിൽ സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പുറപ്പെടുവിച്ച നിയമന ഉത്തരവ് ചാൻസലർ റവ. ഡോ. ടോം പുത്തൻകളം വായിച്ചു.
മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയ വൈസ് ചാൻസലർ ഫാ. സെ ബാസ്റ്റ്യൻ വാണിയപ്പുരയ് കകലി ന്‍റെ സാന്നിധ്യത്തിൽ മുഖ്യകാർമികനും നവാഭിഷിക്തനും ഒപ്പു വച്ചതോടെ അഭിഷേക ചടങ്ങ് പൂർത്തിയായി. സിബിസിഐ അധ്യക്ഷൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, ക്നാനായ അതിഭദ്രാസനത്തിന്റെ ആർച്ച്ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പൊലീത്ത എന്നിവർ പ്രസംഗിച്ചു. കൊല്ലം, അമ്പൂരി, തിരുവനന്തപുരം ഫൊറോനകൾ ഉൾപ്പെടുന്ന തെക്കൻ മിഷന്റെ ചുമതലയാണു പുതിയ സഹായമെത്രാനു നൽകിയിട്ടുള്ളത്.
![](/images/close.png)