Wednesday Mirror - 2025
വൈദികനോട് ചില പാപങ്ങള്‍ പറഞ്ഞാല്‍ അദ്ദേഹം എന്തു കരുതും...!
തങ്കച്ചന്‍ തുണ്ടിയില്‍ 26-04-2017 - Wednesday
"ഒരാള്‍ തന്‍റെ സര്‍വ്വ സമ്പത്തും ദരിദ്രര്‍ക്ക് വീതിച്ചു കൊടുക്കുന്നതിലും ലോകം മുഴുവന്‍ തീര്‍ത്ഥാടനം നടത്തുന്നതിലും കൂടുതല്‍ ഗുണം ഒരു വിശുദ്ധ കുര്‍ബ്ബാനയില്‍ ഭക്തിപൂര്‍വ്വം പങ്കെടുക്കുന്നതാണ്. തന്നെയുമല്ല അത് അന്യഥ ആകാന്‍ സാധ്യമല്ല. എന്തുകൊണ്ടെന്നാല്‍ ഈ ലോകത്തിലുള്ള യാതൊന്നിനും വിശുദ്ധ കുര്‍ബ്ബാനയുടെ അനന്തമായ മൂല്യം ഇല്ല." (വി. ബര്‍ണ്ണാര്‍ദ്).
കൂദാശകളുടെ കൂദാശയായ വി. കുര്‍ബ്ബാനയില്‍ ഭക്തിപൂര്‍വ്വം പങ്കെടുക്കുമ്പോള്‍ നമ്മുടെ ജീവിതത്തില്‍ അത്ഭുതങ്ങള്‍ സംഭവിക്കുന്നു. ദിവ്യകാരുണ്യ അത്ഭുതങ്ങളെപ്പറ്റി കേള്‍ക്കുമ്പോള്‍ നാം അത്ഭുതപ്പെടാറുണ്ട്. ഈ അത്ഭുതങ്ങള്‍ നമ്മിലും സംഭവിക്കാന്‍ തടസ്സമായി നില്‍ക്കുന്ന പലതുമുണ്ട്. അത് തിരിച്ചറിയുക ആവശ്യമാണ്. പാപമാണ് ദൈവകൃപ നമ്മിലേക്ക് വരുവാനുള്ള പ്രധാന തടസ്സം. ദൈവമനുഷ്യ ബന്ധത്തില്‍ അകല്‍ച്ചയുണ്ടാകുന്നത് പാപം ചെയ്യുമ്പോഴാണ്. ദിവ്യബലിയില്‍ നമുക്ക് പാപമോചനം ലഭിക്കുന്നു.
"മകനേ നീ പാപം ചെയ്തിട്ടുണ്ടോ. ഇനി ചെയ്യരുത്. പഴയ പാപത്തില്‍ നിന്നുള്ള മോചനത്തിനായി പ്രാര്‍ത്ഥിക്കുക. സര്‍പ്പത്തില്‍ നിന്നെന്നപോലെ പാപത്തില്‍ നിന്ന് ഓടിയകലുക." (പ്രഭാ. 21:1-2) ധ്യാന സെന്‍ററിലൊക്കെ അത്ഭുതങ്ങള്‍ കൂടുതലുണ്ടാകുന്നത് കുമ്പസാരത്തിനു ശേഷമാണല്ലോ. "കത്തോലിക്കാ സഭയുടെ കുമ്പസാരക്കൂട്ടില്‍ ഞാനൊരു അത്ഭുതം കണ്ടു. പാപാന്ധകാരത്തില്‍ വലയുന്നവര്‍ വലിയ സന്തോഷത്തോടെ തിരിച്ചു പോകുന്നു." (കാര്‍ഡിനല്‍ ന്യൂമാന്‍).
"ഒരു മനുഷ്യന്‍ മൂലം പാപവും പാപം മൂലം മരണവും ലോകത്തില്‍ പ്രവേശിച്ചു" (റോമ. 5:12). "ഒരിക്കലും പാപം ചെയ്യാത്തവനായ ക്രിസ്തു മാത്രം" (ഹെബ്രാ. 4:15). മനുഷ്യന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളിലും പാപത്തിന്‍റെ അംശം ഉണ്ട്. മനുഷ്യന്‍റെ വീഴ്ചയെക്കുറിച്ചു പറയുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം പാപത്തിന് മനുഷ്യന്‍റെ ഉത്ഭവത്തോളം പഴക്കം ഉണ്ടെന്നാണ്. പാപം മനുഷ്യന്‍റെ സൃഷ്ടിയില്‍ നിന്ന്‍ ഉടലെടുത്തതല്ല. മറിച്ച് അവന് നല്കപ്പെട്ട സ്വാതന്ത്ര്യത്തിന്‍റെയും ഇച്ഛാശക്തിയുടെയും ഫലമായി ഉടലെടുത്തതാണ്. അതിനാല്‍ ഇത് മനുഷ്യന്‍റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന്‍ ഉടലെടുത്തു എന്നതിലുപരി അവന്‍റെ ചിന്തയില്‍ നിന്ന്‍ ദൈവം പഠിപ്പിച്ച സത്യങ്ങളുടെ നിഷേധത്തില്‍ നിന്നും ദൈവം നല്‍കിയതിലുമധികം നേടിയെടുക്കണമെന്ന ആഗ്രഹത്തില്‍ നിന്നും ഉടലെടുത്തതാണ്.
"പാപം ചെയ്യുക എന്നത് മാനുഷികമാണ്. ക്ഷമിക്കുക എന്നത് ദൈവികവും" (അലക്സാണ്ടര്‍ പോപ്പ്). പാപം ചെയ്ത് ദൈവത്തില്‍ നിന്നകന്ന നമുക്ക് കുറ്റങ്ങള്‍ ഏറ്റുപറഞ്ഞ് ദൈവത്തിലേയ്ക്കടുക്കാം എന്നതാണ് കത്തോലിക്കാ സഭയില്‍ നമുക്കായി കരുതി വച്ചിരിക്കുന്ന മഹാഭാഗ്യമെന്നു കാര്‍ഡിനല്‍ ന്യൂമാന്‍ കാണുന്നതും ഇതു കൊണ്ടായിരിക്കാം. പാപങ്ങളുടെ ഏറ്റുപറച്ചില്‍ പാപമോചനത്തിനുള്ള പ്രധാന പടിയാണ്. പ്രവാചകന്മാരും വിശുദ്ധരുമൊക്കെ നമ്മോടു പറയുന്നതും അതാണ്, "കുറ്റം ഏറ്റു പറഞ്ഞ് കര്‍ത്താവിന്‍റെ അടുത്തേക്ക് തിരിച്ചു വരിക". (ഹോസിയ 14:2).
എല്ലാ കൂദാശകളുടെയും കൂദാശയായ പരിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കാന്‍ നമുക്ക് യോഗ്യത ലഭിക്കുന്നതും കുമ്പസാരമെന്ന കൂദാശയിലൂടെയാണ്. പരിശുദ്ധ കുര്‍ബ്ബാനയുടെ ആരംഭത്തില്‍ നാം ഇപ്രകാരം പാടാറില്ലേ. "അനുരഞ്ജിതരായ് തീര്‍ന്നീടാം". അതെ അനുരഞ്ജനവും കൃപാജീവിതവുമായി വളരെ ബന്ധമുണ്ട്. കുമ്പസാരം പാപത്തിനുള്ള ലൈസന്‍സായി കരുതിയിരുന്ന കാലവും ഉണ്ടായിരുന്നു. ഉദാഹരണമായി ചില പാപങ്ങള്‍ ചെയ്യാന്‍ ആഗ്രഹം വരുമ്പോള്‍ കുമ്പസാരിക്കാതെ ആ പാപം കൂടി ചെയ്തിട്ട് കുമ്പസാരിക്കാം എന്ന്‍ കരുതിയിരുന്ന കാലം.
ഇനി മറ്റൊരു കാര്യം ആത്മീയ മേഖലയില്‍പോലും വന്നു കഴിഞ്ഞു എന്നത് ലജ്ജയോടുകൂടി തന്നെ പറഞ്ഞു കൊള്ളട്ടെ. അതായത് അറിയുന്ന അച്ഛനോട് ചില പാപങ്ങള്‍ പറഞ്ഞാല്‍ അച്ഛന്‍ എന്ത് കരുതുമെന്നുള്ള ചിന്ത. എവിടെ ഈശോ വലിയ ഉള്‍ക്കാഴ്ചകള്‍ തന്നതില്‍ പിന്നെയാണ് ആ മേഖലയില്‍ സൗഖ്യം ലഭിച്ചത്. അതായത് വൈദികനോടു പറയുവാന്‍ മടിക്കുന്ന കാര്യങ്ങളെല്ലാം അറിയുന്ന ദൈവത്തിന്‍റെ മുന്‍പില്‍ ചെലവഴിക്കാന്‍ നിനക്കെങ്ങനെ ധൈര്യം കിട്ടി. പാപങ്ങളെല്ലാം സധൈര്യം ഈശോയോട് ഏറ്റുപറഞ്ഞ് പാപമോചനം സ്വീകരിച്ചു കഴിയുമ്പോള്‍, പിന്നീട് പാപം ചെയ്യാതിരിക്കാനുള്ള കൃപയും ഈശോ നല്‍കും.
മനസ്താപപ്രകരണത്തില്‍ നാമിപ്രകാരം പ്രാര്‍ത്ഥിക്കാറില്ലേ. അങ്ങയുടെ പ്രസാദവര സഹായത്താല്‍ പാപസാഹചര്യങ്ങളെ ഉപേക്ഷിക്കുമെന്നും മേലില്‍ പാപം ചെയ്യുകയില്ലെന്നും ദൃഢമായി പ്രതിജ്ഞ ചെയ്യുന്നു. അവിടുത്തെ പ്രസാദവര സഹായത്താല്‍ നാം നിറയുകയെന്നത് പ്രധാന കാര്യമാണ്. ഇതിന് നമുക്കുള്ളതെല്ലാം നമ്മെത്തന്നെയും പൂര്‍ണ്ണമായും അവിടുത്തെ ഏല്‍പ്പിക്കണം.
കുമ്പസാരത്തിനണഞ്ഞിട്ടു അതിന്‍റെ ഇടയ്ക്ക് വലിയ പാപം പറയുന്നു വീണ്ടും കുറച്ച് ലഘുപാപങ്ങള്‍ അതിനുശേഷം ഒരു വലിയ പാപം. അഡ്ജസ്റ്റ് ചെയ്തുള്ള കുമ്പസാരം. ഇവിടെ എന്നിലെ മനുഷ്യബുദ്ധി ഇപ്രകാരമാണ് ചിന്തിച്ചത്. വേഗത്തില്‍ ചെറിയ പാപങ്ങളുടെ ഇടയ്ക്ക് വലിയ പാപങ്ങള്‍ തിരുകിക്കയറ്റി പറയുമ്പോള്‍ വൈദികന്‍ വലിയ പാപങ്ങള്‍ ഓര്‍ത്തിരിക്കുകയില്ല എന്ന തെറ്റായ ചിന്താഗതി. എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടി എളുപ്പത്തില്‍ പാപമോചനം നേടുക. ഇവിടെ എനിക്ക് കുര്‍ബ്ബാനയില്‍ എളുപ്പത്തില്‍ പാപമോചനം നേടുക. ഇവിടെ എനിക്ക് കുര്‍ബ്ബാനയില്‍ കൃപ ലഭിക്കണമെന്ന് ആഗ്രഹിച്ചാല്‍ എങ്ങനെ കൃപ ലഭിക്കും?
ഇനി മറ്റൊരു കാര്യം. ഇത്ര വലിയ പാപം ചെയ്താലും ദൈവം ക്ഷമിക്കുമെങ്കിലും ഈ പാപത്തിന് നാം പരിഹാരം ചെയ്യാന്‍ തീരുമാനമെടുക്കുകയും അത് പ്രവൃത്തിയില്‍ നമുക്കാവും വിധം നടപ്പാക്കുകയും വേണം. വൈദികന്‍ നല്‍കിയ പ്രായശ്ചിത്തത്തില്‍ എല്ലാം തീര്‍ന്നുവെന്ന് കരുതിയ കാലഘട്ടമുണ്ടായിരുന്നു. പിന്നീട് ദൈവം അത് വെളിപ്പെടുത്തിത്തരികയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തപ്പോഴാണ് ജീവിതത്തില്‍ അത്ഭുതങ്ങള്‍ സംഭവിക്കാന്‍ തുടങ്ങിയത്.
കത്തോലിക്കാ സഭയുടെ പ്രബോധനം മനസ്സിലാക്കിയാല്‍ ഇവ വ്യക്തമാകും. 'പല പാപങ്ങളും നമ്മുടെ അയല്‍ക്കാരനെ ദ്രോഹിക്കുന്നു. ആ ദ്രോഹങ്ങള്‍ പരിഹരിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യണം. (ഉദാ. മോഷ്ടിച്ചെടുത്ത വസ്തുക്കള്‍ തിരിച്ചു കൊടുക്കുക, നഷ്ടപരിഹാരം കൊടുക്കുക). ഇതൊക്കെ കേവല നീതി ആവശ്യപ്പെടുന്നതാണ്. പാപമോചന ആശീര്‍വ്വാദം പാപത്തെ നീക്കം ചെയ്യുന്നു. പക്ഷേ പാപം ഉണ്ടാക്കിയിട്ടുള്ള എല്ലാം ക്രമരാഹിത്യങ്ങളെയും അത് പരിഹരിക്കുന്നില്ല. പാപത്തില്‍ നിന്ന് ഉയര്‍ത്തപ്പെട്ടു എങ്കിലും പാപി തന്‍റെ ആദ്ധ്യാത്മിക ആരോഗ്യം പൂര്‍ണ്ണമായി വീണ്ടെടുക്കേണ്ടിയിരിക്കുന്നു.
തന്‍റെ പാപത്തിന്‍റെ പ്രതിവിധിയായി എന്തെങ്കിലും കൂടുതലായി ചെയ്തു കൊണ്ടാണ് അത് വീണ്ടെടുക്കേണ്ടത്. അവന്‍ തന്‍റെ പാപങ്ങള്‍ക്ക് പരിഹാരം ചെയ്യണം. അല്ലെങ്കില്‍ പ്രായശ്ചിത്തം ചെയ്യണം. ഈ പരിഹാരക്രിയയെ പ്രായശ്ചിത്തം എന്ന്‍ വിളിക്കുന്നു.' (സുഖപ്പെടുത്തലിന്‍റെ കൂദാശകള്‍ 1459). യഥാര്‍ത്ഥ കുമ്പസാരം നമ്മെ ദിവ്യബലിക്ക് യോഗ്യരാക്കുന്നു. ദൈവകൃപയ്ക്ക് തടസ്സമായ മേഖലകള്‍ കണ്ടെത്തി പരിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കാം.
വിശുദ്ധ കുര്‍ബാന- സകല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം - ഭാഗം I വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാൻ ഈശോയോട് സമയം ചോദിച്ചു വാങ്ങിയപ്പോൾ- ഭാഗം II വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വിശുദ്ധ കുര്‍ബാനയില്‍ 'ആമ്മേന്‍' പറയുമ്പോള്‍...! ഭാഗം III വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വിശുദ്ധ കുർബ്ബാന സ്വീകരിക്കുന്ന നാം എതിര്‍ സാക്ഷ്യം നല്‍കാറുണ്ടോ? - ഭാഗം IV വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജീവിതത്തിന്റെ തിരക്കു വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിന് തടസ്സമാകുന്നുണ്ടോ? എങ്കില്‍...! - ഭാഗം V വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
നമ്മുടെ ജീവിതത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കു ഒന്നാം സ്ഥാനം കൊടുത്താല്‍...! - ഭാഗം VI വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വിശുദ്ധ കുര്‍ബാന സ്വീകരിച്ചാല്‍ ഞാനും ഈശോയാകില്ലേ? - ഭാഗം VII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരെ അനുകരിക്കുന്നത് നല്ലതാണ്: പക്ഷേ....! - ഭാഗം VIII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക