News - 2025

യേശുനാമത്തെ മഹത്വപ്പെടുത്താന്‍ അമേരിക്ക ഒരുങ്ങുന്നു: ദേശീയ പ്രാര്‍ത്ഥനാ ദിനാചരണം മെയ്‌ 4-ന്

സ്വന്തം ലേഖകന്‍ 29-04-2017 - Saturday

ന്യൂയോര്‍ക്ക്: “പ്രാര്‍ത്ഥനയും ധ്യാനവുമായി ദൈവത്തിലേക്ക് തിരിയുക” എന്ന ആഹ്വാനവുമായി അമേരിക്കയില്‍ വര്‍ഷംതോറും സംഘടിപ്പിക്കാറുള്ള ദേശീയ പ്രാര്‍ത്ഥനാ ദിനാചരണത്തിന്റെ ഈ വര്‍ഷത്തെ ആഘോഷം 2017 മെയ്‌ 4-ന് നടത്തപ്പെടും. അന്നേദിവസം രാജ്യത്തുടനീളം 40,000 ത്തിനും 45,000ത്തിനും ഇടക്ക്‌ പ്രാര്‍ത്ഥനാ സംഗമങ്ങള്‍ നടത്തപ്പെടും. 'നിന്റെ വലിയ നാമത്തിന്റെ മഹത്വത്തിനു വേണ്ടി' എന്നതായിരിക്കും ഈ വര്‍ഷത്തെ ദേശീയ പ്രാര്‍ത്ഥനാദിനാചരണത്തിന്റെ പ്രമേയമെന്ന്‍ നാഷണല്‍ ഡേ ഓഫ് പ്രയര്‍ ടാസ്ക്‌ ഫോഴ്സായ കൊളറാഡോ സ്പ്രിംഗ്സിന്റെ ചീഫ്‌ കമ്മ്യൂണിക്കേഷന്‍ ഓഫീസറായ ഡിയോണ്‍ എല്‍മോര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ ദേശീയ പ്രാര്‍ത്ഥനാ ദിനത്തില്‍ ഏതാണ്ട് 47,000-ത്തോളം പ്രാര്‍ത്ഥനാ സംഗമങ്ങളാണ് സംഘടിക്കപ്പെട്ടത്. ഇത് സര്‍വ്വകാല റെക്കോര്‍ഡ് ആയിരുന്നു. പ്രാര്‍ത്ഥനാ ദിനത്തില്‍ ദേവാലയങ്ങള്‍, സിനഗോഗുകള്‍ മുതലായ സ്ഥലങ്ങളിലും അല്ലാതേയും ആളുകള്‍ സംഘം ചേര്‍ന്നും, വ്യക്തിപരവുമായി പ്രാര്‍ത്ഥിക്കും. വിവിധ ക്രിസ്തീയ സഭകളെ കൂടാതെ, മറ്റ് മതങ്ങളില്‍ നിന്നുള്ളവര്‍ ഈ പ്രാര്‍ത്ഥനാദിനാചരണത്തില്‍ പങ്കെടുക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.

1952 മുതലാണ് ദേശീയ പ്രാര്‍ത്ഥനാ ദിനാചരണം ആരംഭിച്ചത്. എല്ലാ വര്‍ഷവും മെയ് മാസത്തിലെ ആദ്യത്തെ വ്യാഴാഴ്ച പ്രാര്‍ത്ഥനാ ദിനാചരണത്തിനായി മാറ്റിവെക്കണമെന്നായിരിന്നു നിര്‍ദ്ദേശം. 1952-മുതല്‍ യു‌എസ് കോണ്‍ഗ്രസ്സിന്റെ ഒരു പ്രത്യേക നിയമം വഴി ദേശീയ പ്രാര്‍ത്ഥനാ ദിനാചരണത്തിന് രണ്ട് പ്രമുഖ പാര്‍ട്ടികളില്‍ നിന്നുമുള്ള പ്രസിഡന്റുമാരുടെ പിന്തുണയും ലഭിച്ചു. പ്രാര്‍ത്ഥനാ ദിനത്തിനെതിരെ പ്രതികൂലമായ നിലപാട് സ്വീകരിച്ച് 2010-ല്‍ ഒരു ജഡ്ജി ഭരണഘടനാവിരുദ്ധമാണെന്ന് വിധിച്ചെങ്കിലും 2011-ല്‍ മൂന്ന് ജഡ്ജിമാരടങ്ങിയ പാനല്‍ ഈ വിധിയെ അസാധുവാക്കുകയുണ്ടായി.

“കര്‍ത്താവേ ശ്രവിക്കണമേ! കര്‍ത്താവേ ക്ഷമിക്കണമേ! കര്‍ത്താവേ ചെവികൊള്ളുകയും പ്രവര്‍ത്തിക്കുകയും ചെയ്യണമേ; എന്റെ ദൈവമേ അങ്ങയുടെ നാമത്തെ പ്രതി വൈകരുതേ, എന്തെന്നാല്‍ അങ്ങയുടെ നഗരവും ജനവും അങ്ങയുടെ നാമമാണല്ലോ വഹിക്കുന്നത്” എന്ന ദാനിയേല്‍ 9:19 എന്ന സുവിശേഷ ഭാഗത്തില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് “നിന്റെ വലിയ നാമത്തിന്റെ മഹത്വത്തിനു വേണ്ടി” എന്ന പ്രമേയം ഇത്തവണ സ്വീകരിച്ചിട്ടുള്ളത്‌.

ദേശീയ പ്രാര്‍ത്ഥനാ ദിനം ആരംഭിച്ചത് മുതലുള്ള എല്ലാ പ്രസിഡന്റുമാരും തങ്ങളുടെ പ്രതിനിധികളെ പ്രാര്‍ത്ഥനാ ദിനാചരണത്തിനു അയക്കുകയും ‘ദൈവത്തോടു പ്രാര്‍ത്ഥിക്കുക’ എന്ന് ആഹ്വാനം ചെയ്യുന്ന പ്രസിഡന്റിന്റെ ഒപ്പോട് കൂടിയ പ്രഖ്യാപനം വായിക്കുകയും ചെയ്യുക പതിവാണ്. ആ പതിവ് തെറ്റിക്കാതെ ഈ വര്‍ഷവും അമേരിക്കന്‍ പ്രസിഡന്റും ഫെഡറല്‍ ഭരണകൂടങ്ങളും തങ്ങളുടെ പ്രതിനിധികളെ അയക്കുകയും ദൈവത്തോട് ചേര്‍ന്ന് നില്‍ക്കുവാന്‍ അമേരിക്കന്‍ ജനതയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്ന് ഡിയോണ്‍ എല്‍മോര്‍ പറഞ്ഞു.


Related Articles »