News
ഫാത്തിമ ശതാബ്ദിയുടെ ഭാഗമായി പത്തുലക്ഷം ജപമാല യജ്ഞത്തിന് ആഹ്വാനവുമായി കർദിനാൾ ബർക്ക്
സ്വന്തം ലേഖകന്‍ 03-05-2017 - Wednesday
സാന്‍റിയാഗോ: ഫാത്തിമായിൽ ദൈവമാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് പത്തുലക്ഷം ജപമാല ചൊല്ലി കാഴ്ചവയ്ക്കാൻ ആഹ്വാനവുമായി അമേരിക്കന്‍ കർദിനാൾ റെയ്മണ്ട് ബര്‍ക്ക്. സാന്‍റിയാഗോയിലെ കാത്തലിക് ആക്ഷൻ ഫോർ ഫെയ്ത്ത് ആൻഡ് ഫാമിലി ( കാഫ്) എന്ന സംഘടനയുടെ നേതൃത്വത്തിലുള്ള 'ഓപ്പറേഷൻ സ്റ്റോം ഹെവൻ' എന്ന സംഘടനയുടെ ജപമാല യജ്ഞത്തോട് ചേര്‍ന്ന് പ്രാര്‍ത്ഥിക്കുവാനാണ് കര്‍ദിനാളിന്റെ ആഹ്വാനം. ലോകം മുഴുവനുള്ള ക്രൈസ്തവർ എല്ലാമാസവും ഒന്നാം തിയ്യതി ജപമാലയുടെ അഞ്ചു രഹസ്യങ്ങൾ ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ 'ഓപ്പറേഷൻ സ്റ്റോം ഹെവൻ' ജപമാല യത്നത്തിലൂടെ കർദിനാൾ റെയ്മണ്ട് ബര്‍ക്ക് നേരത്തെ ആഹ്വാനം ചെയ്തിരിന്നു.
1917 മെയ് പതിമൂന്നിനാണ് പോർച്ചുഗലിലെ ഫാത്തിമായിൽ ലൂസി, ജസീന്ത, ഫ്രാൻസിസ് എന്നിവർക്ക് പരിശുദ്ധ കന്യകാമറിയം ആദ്യം പ്രത്യക്ഷപ്പെട്ടത്. ലോകത്തിൽ സമാധനമുണ്ടാകുന്നതിനും യുദ്ധം അവസാനിക്കുന്നതിനുമായി അനുദിനം കൊന്ത ചൊല്ലണം എന്ന നിർദേശമാണ് മാതാവ് അവർക്ക് നൽകിയത്. ഒന്നാം ലോകമഹായുദ്ധം അവസാനിക്കുന്നതിനായി നിരന്തരം ജപമാലയർപ്പിക്കണമെന്ന് പിന്നീടുള്ള ആറു ദർശനങ്ങളിലും മാതാവ് ആവർത്തിച്ചിരിന്നു.
സഭയിൽ ഉടലെടുക്കുന്ന തെറ്റിദ്ധാരണകൾ പരിഹരിക്കപ്പെടുക, ലോകം മുഴുവനുള്ള ജനതയ്ക്ക് പ്രത്യാശ ലഭിക്കുക, മാതാവിന്റെ വിമലഹൃദയത്തിനെതിരെ നടക്കുന്ന പാപങ്ങളെ അനുതപിക്കുവാന്‍ തയാറാകുക, പ്രലോഭനങ്ങളിൽ അകപ്പെടുന്നവർക്ക് ആത്മീയ ഉണർവ് ലഭിക്കുക, കുടുംബങ്ങളുടെ സംരക്ഷണത്തിനും തിന്മയുടെ ശക്തികൾക്കെതിരെയും ദൈവത്തിന്റെ കൃപയും പ്രകാശവും സത്യവും വർഷിക്കപ്പെടുക തുടങ്ങിയ നിയോഗങ്ങളാണ് ജപമാലയിൽ സമർപ്പിക്കുന്നത്.
ഏറ്റവും ശക്തമായ പ്രാർത്ഥനയും ദൈവത്തിലേക്ക് അടുപ്പിക്കുന്ന രക്ഷാമാർഗ്ഗവുമാണ് ജപമാലയെന്ന് കർദിനാൾ ബർക്ക് പറഞ്ഞു. ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്യാനും വിശ്വാസത്തിൽ ആഴപ്പെടാനുള്ള ഉപാധിയാണ് ജപമാല. ക്രിസ്തുവിന് സാക്ഷികളാകാനും വിശ്വാസത്തില്‍ സ്ഥിരതയോടെ മുന്നേറാനും ജപമാല കൊണ്ട് സാധിക്കും. നമ്മുടെ ഭവനങ്ങളിലും കുടുംബാംഗങ്ങളിലും ദൈവാനുഗ്രഹം പ്രാപിക്കാനും അതുവഴി ലോകം മുഴുവൻ അനുഗ്രഹിക്കപ്പെടാനും ഈ ജപമാലയത്നത്തിലൂടെ ഇടവരട്ടെയെന്നും കര്‍ദിനാള്‍ ആശംസിച്ചു.
സ്വർഗ്ഗത്തെ പ്രാർത്ഥനാപൂരിതമാക്കാനും അതുവഴി സഭയിലെ തെറ്റിധാരണകളെ അതിജീവിക്കാനും ലോകം മുഴുവൻ സത്യത്തിന്റെ പ്രകാശം പരത്താനും വേണ്ട സഹായം ക്രിസ്തുവിൽ നിന്നും പരിശുദ്ധ കന്യകാമറിയത്തിന്റേയും സകല മാലാഖാമാരുടേയും മാദ്ധ്യസ്ഥം വഴി പ്രാപിക്കുവാനാണ് ഓപ്പറേഷൻ സ്റ്റോം ഹെവൻ എന്ന ജപമാലയജ്ഞം വഴി ലക്ഷ്യമിടുന്നതെന്ന് കാഫ് സംഘടന സ്ഥാപകനായ തോമസ് മക്കാന പറഞ്ഞു.