News - 2025

സ്പെയിനില്‍ ക്രിസ്തുവിന്റെ തിരുശേഷിപ്പിന് നേരെ സാത്താനിക ആക്രമണം

സ്വന്തം ലേഖകന്‍ 10-05-2017 - Wednesday

മാഡ്രിഡ്: സ്പാനിഷ് ആശ്രമത്തിൽ ക്രിസ്തുവിന്റെ മുഖം തുടച്ച തിരുകച്ച സൂക്ഷിക്കുന്ന ചില്ലുപേടകം പൈശാചിക സന്ദേശങ്ങൾ കൊണ്ട് വികൃതമാക്കപ്പെട്ടു. മെയ് 7ന് രാവിലെ അലിസാൻറയിലെ വൈദികനാണ് ദേവാലയത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന തിരുശേഷിപ്പിന്റെ ചില്ലു പേടകത്തിന് മുകളിൽ സാത്താൻ സംഖ്യയായ 666 എന്ന് എഴുതിയിരിക്കുന്നതും തലകീഴായ പൈശാചിക കുരിശ് സ്ഥാപിച്ചിരിക്കുന്നതും കണ്ടെത്തിയത്. കുരിശിന്റെ വഴി ചൊല്ലുന്ന പതിനാല് സ്ഥലങ്ങളിലെ ചില രൂപങ്ങളിലും പൈശാചിക കുരിശ് സ്ഥാപിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

ദേവാലയത്തിലെ ക്യാമറകളിൽ നിന്നു ലഭിച്ച തെളിവുകൾ പ്രകാരം സംഭവത്തിന് പിന്നില്‍ ഒരു യുവതിയാണെന്നാണ് പോലീസ് നിഗമനം. ദേവാലയത്തിൽ പ്രവേശിച്ചയുടനെ തിരുശേഷിപ്പിന്റെ ചില്ലു പേടകം, മുനയുള്ള ഉപകരണം കൊണ്ട് തകർക്കാൻ നോക്കുന്നതും ശ്രമം വിഫലമായതിനെത്തുടർന്ന് ചില്ലിന് മേൽ 666 എന്ന് എഴുതിയിടുന്നതും ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. തുടർന്ന് ദേവാലയത്തിൽ നിന്ന് പ്രാർത്ഥനാ പുസ്തകവും ആരാധനാക്രമങ്ങൾ രേഖപ്പെടുത്തുന്ന പുസ്തകവും കവർച്ച ചെയ്തു.

ഗാഗുല്‍ത്തായിലേക്കുള്ള യേശുവിന്റെ അവസാന യാത്രയിൽ വേറോനിക്ക മിശിഹായുടെ തിരുമുഖം തുടച്ചുയെന്ന് കരുതപ്പെടുന്ന കച്ച, എ‌ഡി 536 മുതൽ അലിസാൻറയിലെ ദേവാലയത്തിൽ വിശുദ്ധവാരത്തിനു ശേഷം വരുന്ന രണ്ടാം ഞായറാഴ്ച മുതല്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. ഈ സാഹചര്യത്തെ മുന്നില്‍ കണ്ട് സാത്താന്‍ സേവക ദേവാലയത്തില്‍ എത്തുകയായിരിന്നുവെന്നാണ് അനുമാനം.

അക്രമത്തെ തുടർന്ന് രൂപതാ മെത്രാൻ ജീസസ് മുർഗുയിയും വികാരി ജനറാളും ആശ്രമത്തിലെ സന്യസ്തരെ സന്ദർശിക്കുകയും ആശ്രമത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ വിപുലീകരിക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. അക്രമിയുടെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിക്കണമെന്ന്‍ രൂപത ആഹ്വാനം ചെയ്തു. തിരുശേഷിപ്പ് വൈകൃതമാക്കപ്പെട്ട സാഹചര്യത്തെ പ്രതി അതിനോടുള്ള സ്നേഹത്തിലും ഭക്തിയിലും അഭാവം ഉണ്ടാകരുതേ എന്ന അപേക്ഷയും രൂപത പുറത്തിറക്കിയ പ്രസ്താവന കുറിപ്പിൽ സൂചിപ്പിക്കുന്നുണ്ട്.

More Archives >>

Page 1 of 174