News - 2025

സ്വിസ് കാവല്‍ഭടന്മാര്‍ വിശ്വാസത്തെ സേവിക്കാന്‍ വിളിക്കപ്പെട്ടവര്‍: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 08-05-2017 - Monday

വത്തിക്കാന്‍: ലോകത്തിന്‍റെ ശക്തികള്‍ക്കെതിരെയുള്ള യഥാര്‍ത്ഥ പ്രതിരോധമായ വിശ്വാസത്തെ സേവിക്കാനാണ് വത്തിക്കാനിലെ സ്വിസ് കാവല്‍ഭടന്മാര്‍ വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ഫ്രാന്‍സിസ് പാപ്പ. മെയ് 6 ശനിയാഴ്ച വത്തിക്കാനില്‍ സ്വിസ് കാവല്‍ സേനാംഗങ്ങളെയും അവരുടെ കുടുംബാംഗങ്ങളെയും സംബോധന ചെയ്തു സംസാരിക്കുകയായിരിന്നു മാര്‍പാപ്പാ.

1527 മെയ് 6ന് റോം കവര്‍ച്ചചെയ്യപ്പെട്ട അവസരത്തില്‍ ജീവന്‍ ത്യജിച്ച് മാര്‍പാപ്പായ്ക്കു സംരക്ഷണമുറപ്പാക്കിയ സ്വിസ് കാവല്‍ഭടന്മാരെ അനുസ്മരിച്ച ദിനത്തിലാണ് മാര്‍പാപ്പ പ്രസ്താവന നടത്തിയത്. മാര്‍പാപ്പായ്ക്ക് സംരക്ഷണമേകുന്നതിന് ജീവന്‍ വിലയായി നല്‍കുകയെന്ന വീരോചിത കൃത്യത്തിന്‍റെ ആവശ്യമില്ലെങ്കിലും അതില്‍ നിന്ന് ഒട്ടും കുറവല്ലാത്ത മറ്റൊരു ത്യാഗപ്രവൃത്തി ചെയ്യാനാണ് സ്വിസ് കാവല്‍ഭടന്മാര്‍ വിളിക്കപ്പെട്ടിരിക്കുന്നത്. അതായത്, വിശ്വാസത്തിന്‍റെ ശക്തിക്ക് സേവനം ചെയ്യാന്‍ അവര്‍ വിളിക്കപ്പെട്ടിരിക്കയാണ്.

ഈ ലോകത്തിന്‍റെ അധിപന്‍, നുണകളുടെ പിതാവ് സാത്താന്‍ അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചു ചുറ്റിനടക്കുകയാണ്. യേശുവിലുള്ള വിശ്വാസത്താലും രക്ഷയുടെ വചനത്താലും താങ്ങപ്പെട്ട് ശക്തരും വീരന്മാരും ആയിരിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണ് സ്വിസ് ഭടന്മാര്‍. വത്തിക്കാനില്‍ ഇവര്‍ നടത്തുന്ന സുപ്രധാന സേവനം ക്രിസ്തുവിന്‍റെ ധീര പോരാളികളായി വളരാനുള്ള ഒരവസരമാണെന്നും മാര്‍പാപ്പ പറഞ്ഞു.

More Archives >>

Page 1 of 173