News - 2025
ദേവാലയ സംഗീതത്തിന് മാർഗ്ഗനിർദ്ദേശങ്ങളുമായി വിയറ്റ്നാം മെത്രാൻ സമിതി
സ്വന്തം ലേഖകന്‍ 10-05-2017 - Wednesday
ഹനോയ്: സഭയുടെ ആരാധനാക്രമത്തിനനുസൃതമായി ദേവാലയ സംഗീതത്തെ ചിട്ടപ്പെടുത്തി, വിശ്വാസികളുടെ സജീവ ഭാഗഭാഗിത്വം ഉറപ്പുവരുത്താൻ വിയറ്റ്നാം മെത്രാന്‍ സമിതി ഔദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. മെയ് 2ന് ഹോ ചി മിൻ സിറ്റിയിൽ നടന്ന ദേശീയ സെമിനാറിൽ പ്രസിദ്ധീകരിച്ച മാനദണ്ഡങ്ങളിൽ ഗാനരചയിതാക്കൾക്കുള്ള മാർഗ്ഗ നിർദ്ദേശങ്ങളും ഉൾകൊള്ളിച്ചിട്ടുണ്ട്.
സഭാ പഠനങ്ങൾക്കനുസൃതമായ നിലവാരത്തോടെ ഗാനശുശ്രൂഷകൾ ഒരുക്കുകയാണ് മാർഗ്ഗ നിർദ്ദേശങ്ങളുടെ ലക്ഷ്യമെന്ന് വിയറ്റ്നാം മെത്രാൻ സംഘത്തിലെ അംഗവും ദേവാലയ സംഗീത എപ്പിസ്കോപ്പൽ കമ്മീഷൻ തലവനുമായ ബിഷപ്പ് വിൻസന്റ് നഗുയിൻ വാൻ ബാൻ അറിയിച്ചു. രൂപതകളും ഇടവകകളും സ്വന്തം നിലയിൽ ഉപയോഗിച്ചു വന്നിരുന്ന ഗാനങ്ങളുടെ ഏകീകരണമാണ് ഇതുവഴി സാധ്യമാകുന്നത്. ശുശ്രൂഷകളിലുള്ള മാറ്റങ്ങളുടെ വിശദമായ വിവരങ്ങൾ തുടർന്ന് പരസ്യപ്പെടുത്തുമെന്ന് ബിഷപ്പ് ബാൻ കൂട്ടിച്ചേർത്തു.
വിയറ്റ്നാമിലെ ഭൂരിഭാഗം ഭക്തിഗാനങ്ങളും സഭാ നിയമങ്ങൾക്കനുസൃതമായിരുന്നില്ലായെന്ന് ഗാന രചയിതാവ് ഫാ.പീറ്റർ കിം ലോങ്ങ് വ്യക്തമാക്കി. പുതിയ നിർദ്ദേശങ്ങൾ സ്വാഗതാർഹമാണെന്ന് സംഗീതജ്ഞൻ തോമസ് അക്വീനോ ഹാം ദിനഹ് പറഞ്ഞു. തങ്ങളുടെ സംഗീത പ്രഭാവം പ്രകടമാക്കുകയെന്നതിനേക്കാൾ ദൈവത്തെ പ്രകീർത്തിക്കാനും സമൂഹത്തെ ദൈവത്തിങ്കലേക്ക് അടുപ്പിക്കാനുമായിരിക്കണം ഗാനാലാപനത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.