Wednesday Mirror - 2024

വിശുദ്ധ കുര്‍ബാനയുടെ വില മനസ്സിലാക്കിയവര്‍ ഒരിക്കലും ബലി മുടക്കുകയില്ല...!

തങ്കച്ചന്‍ തുണ്ടിയില്‍ 10-05-2017 - Wednesday

ഒരിക്കല്‍ ചങ്ങനാശ്ശേരിക്കടുത്ത് അനാഥാലയത്തില്‍ ക്ലാസ്സെടുക്കാന്‍ പോയി. കുര്‍ബ്ബാന നഷ്ടപ്പെടാതിരിക്കാന്‍ വെളുപ്പിന് 4 മണിക്ക് ഉണര്‍ന്ന്‍ യാത്ര ചെയ്യേണ്ടി വന്നു. ഒരു രാത്രി അവിടെ തങ്ങി പിറ്റേന്ന് കുര്‍ബ്ബാന കഴിഞ്ഞ് പോരാനായിരുന്നു പ്ലാന്‍. എന്നെ വിളിച്ച ആള്‍ക്ക് അസൗകര്യം ഉണ്ടായതിനാല്‍ പ്ലാന്‍ ചെയ്തിരുന്നതു പോലെ കാര്യങ്ങള്‍ നടന്നില്ല. വചന പ്രഘോഷണവും ജാഗരണ പ്രാര്‍ത്ഥനയും കഴിഞ്ഞപ്പോള്‍ മൂന്ന്‍ മണി. എന്നെ വിളിച്ചയാള്‍ അവിടെ ഒരാളെ രാവിലെ കുര്‍ബ്ബാനയ്ക്ക് സൗകര്യം ഉണ്ടാക്കത്തക്ക രീതിയില്‍ ഏര്‍പ്പെടുത്തി.

എന്നെ വിളിച്ചയാള്‍ പോയി കഴിഞ്ഞപ്പോള്‍ ഏര്‍പ്പെടുത്തിയിരുന്ന ആള്‍ക്കും എന്തോ അത്യാവശ്യം വന്നു. അയാള്‍ മറ്റൊരാളെ ഏര്‍പ്പെടുത്തി ഇദ്ദേഹവും ഞാനും കൂടി 3 മണിക്ക് വണ്ടിയില്‍ കയറി സ്റ്റാന്‍ഡില്‍ എത്തി ഞങ്ങള്‍ ബസ് കാത്തുനിന്നു. ഉടനെ അയാളെ കൊണ്ടുപോകാന്‍ ഒരാള്‍ വന്നു. അദ്ദേഹം എന്നോട് പറഞ്ഞു. ഇവിടെ കാത്തിരിക്കുക. ബസ്സ്‌ വരുമ്പോള്‍ ബസ്സില്‍ കയറി കുര്‍ബ്ബാനയില്‍ സംബന്ധിക്കാനുള്ള പള്ളിയില്‍ ഇറങ്ങുക. ഞാന്‍ ഒറ്റയ്ക്കായി.

വളരെയേറെ കാത്തിരുന്നിട്ടും പറഞ്ഞ ബസ്സ്‌ വന്നില്ല. അപരിചിതമായ സ്ഥലം. ബസ്സ്‌ കാണാതായപ്പോള്‍ നടക്കാന്‍ തീരുമാനിച്ചു. പള്ളി ഏതെന്ന് അറിഞ്ഞു കൂടാ. വഴിയില്‍ ചോദിക്കാന്‍ ആളുമില്ല ഒടുവില്‍ സൈക്കിളില്‍ പത്രമെടുക്കാന്‍ വന്ന ഒരാളെ കണ്ടു. അയാള്‍ പറഞ്ഞ അറിവു വച്ച് നടന്നു. 5 മണിക്ക് ഒരു പള്ളിയുടെ മുറ്റത്തെത്തി. പള്ളി അടച്ചിട്ടിരുന്നു. അഞ്ചരയോടെ കപ്യാരു വന്നു പള്ളി തുറന്നു. അന്നെനിക്കൊരു കാര്യം മനസ്സിലായി. ബലിയുടെ വില ശരിക്കും നമുക്ക് അനുഭവപ്പെടണമെങ്കില്‍ നാം ബലിക്ക് ശരിക്കും വില കൊടുക്കാന്‍ തയ്യാറാകണം (ത്യാഗം സഹിക്കണം). പലപ്പോഴും പരിഹാസങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട്. അന്നത്തെ ബലി ത്യാഗം സഹിച്ച ബലിയായിരുന്നു.

അടുത്ത കാലത്ത് അകലെയുള്ള ഒരു പള്ളിയില്‍ പോകും വഴി ഒരാള്‍ മുറ്റത്തുനിന്ന്‍ ഇപ്രകാരം പറഞ്ഞു. "ഒരു പുണ്യവാളനെ കാണണമെങ്കില്‍ ഇറങ്ങി വരൂ. ഒരിക്കലും കുര്‍ബ്ബാന മുടക്കാത്ത ആളാ". തിരിച്ചു വന്നപ്പോള്‍ ആ വീട്ടിലുള്ളവരുമായി സംസാരിച്ചു. എന്നെ പരിഹസിച്ചതായിരുന്നു എന്നാണു ഞാന്‍ കരുതിയത്. എന്നാല്‍ വീട്ടുകാര്‍ പറഞ്ഞപ്പോഴാണ് മനസ്സിലായത്. എന്നെ പരിഹസിച്ചതല്ല. മറിച്ച് അദ്ദേഹം ഒരു മാനസിക രോഗിയായിരുന്നു.

വിശുദ്ധ കുര്‍ബ്ബാന തുടക്കം മുതല്‍ പങ്കെടുക്കണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. ഒരിക്കല്‍ ഞാന്‍ അടുത്തുള്ള ഫൊറോന പള്ളിയില്‍ കുര്‍ബ്ബാനയ്ക്ക് പോയി. ബസ്സ്‌ താമസിച്ചതിനാല്‍ കുര്‍ബ്ബാന വചനശുശ്രൂഷയുടെ ഭാഗം പിന്നിട്ടിരുന്നു. ഞാന്‍ പള്ളി മുറിയില്‍ ചെന്ന് രണ്ടാമത്തെ കുര്‍ബ്ബാനയുണ്ടോ എന്ന്‍ തിരക്കി. ഉണ്ടെന്നറിഞ്ഞതിനാല്‍ രണ്ടാമത്തെ കുര്‍ബ്ബാനയിലും പങ്കെടുത്തു. തിരികെ വീട്ടിലേക്ക് പോകുമ്പോള്‍ വൈകിയതെന്തെന്നു ഒരാള്‍ ചോദിച്ചു. ഞാന്‍ സംഭവിച്ച കാര്യം പറഞ്ഞു. അപ്പോള്‍ കിട്ടിയ മറുപടി ഇതായിരുന്നു. "മിക്കവാറും ഉടലോടെ സ്വര്‍ഗ്ഗത്തിലേക്ക് പോകും. ഞാന്‍ ഇപ്രകാരം മറുപടി പറഞ്ഞു. ഏലിയായും ഹാനോക്കും ഒക്കെ ഉടലോടെ സ്വര്‍ഗ്ഗത്തില്‍ പോയവരല്ലേ. അങ്ങനെയെങ്കില്‍ അങ്ങനെ...'

പരിശുദ്ധ കുര്‍ബ്ബാനയിലെ വചന ശുശ്രൂഷ (വായനകള്‍) എന്നെ ഏറെ സഹായിക്കുന്നുണ്ട് (ലേഖനവും സുവിശേഷവും) ശുശ്രൂഷി ലേഖനം വായിക്കുന്നതിനു മുന്‍പ് കാര്‍മ്മികനു നേരെ തിരിഞ്ഞു ആശീര്‍വ്വാദം യാചിക്കുന്നുണ്ട്. അപ്പോള്‍ പുരോഹിതന്‍ ആശീര്‍വ്വാദം നല്‍കിക്കൊണ്ട് പറയുന്നത് നാം എത്ര പേര്‍ അര്‍ത്ഥം ഗ്രഹിക്കുന്നുണ്ട്. 'മിശിഹാ തന്‍റെ വിശുദ്ധമായ പ്രബോധനത്താല്‍ നിന്നെ ജ്ഞാനിയാക്കട്ടെ. നിന്‍റെ അധരങ്ങളില്‍ നിന്ന് പുറപ്പെടുന്ന പ്രബോധക വചനം ശ്രവിക്കുന്ന ഏവര്‍ക്കും അവിടുന്ന് തന്‍റെ കൃപാതിരേകത്താല്‍ ‍നിന്നെ നിര്‍മ്മല ദര്‍പ്പണമാക്കുകയും ചെയ്യട്ടെ. ഇനി സുവിശേഷവായന. ശുശ്രൂഷികള്‍ കത്തിച്ച തിരികളുമായി വൈദികന്‍റെ രണ്ടു വശത്തും നില്‍ക്കുന്നു. (പ്രദക്ഷിണമായി വരുന്നു).

സ്വര്‍ഗ്ഗത്തില്‍ നിന്നും ഭൂമിയിലേക്കുള്ള ആഗമനത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. കാര്‍മ്മികന്‍ സുവിശേഷമെടുത്ത് നെറ്റി വരെ ഉയര്‍ത്തിപ്പിടിച്ചാണ് വരുന്നത്. അപ്പോള്‍ ശുശ്രൂഷി നമ്മോട് ഇപ്രകാരം പറയുന്നു. നമുക്ക് ശ്രദ്ധാപൂര്‍വ്വം നിന്ന്‍ പരിശുദ്ധ സുവിശേഷം ശ്രവിക്കാം (സീറോ മലബാര്‍ ക്രമം). ശ്രദ്ധാപൂര്‍വ്വം നാം വചനം ശ്രവിക്കുമ്പോള്‍ ഈശോയാണ് നമ്മോട് സംസാരിക്കുന്നതെന്ന കാര്യം നാം മറക്കരുത്. വ്യക്തിപരമായി നാം വചനം വായിക്കുമെങ്കിലും സഭയിലൂടെയുള്ള ഈ വചനത്തിന് ഞാന്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. അതിലേതെങ്കിലും വചനങ്ങള്‍ അന്നത്തെ എന്‍റെ ധ്യാനവിഷയമായിരിക്കും.

അത് മനസ്സില്‍ ഉരുവിട്ടുകൊണ്ട് നടന്നാല്‍ വലിയ അനുഗ്രഹവും ആനന്ദവും പ്രത്യാശയുമാണ്. പ്രതിബന്ധങ്ങളെ തരണം ചെയ്യാനുള്ള ശക്തിയും എനിക്ക് ഈ വചനത്തില്‍ നിന്ന്‍ ലഭിക്കുന്നു. ഒരു കാര്യം നാം ശ്രദ്ധിക്കുക. വി. കുര്‍ബ്ബാന ആമുഖ ശുശ്രൂഷ മുതല്‍ സമാപന ശുശ്രൂഷ വരെ നാം പങ്കെടുക്കണം. അതിനുശേഷം വിടവാങ്ങല്‍ ശുശ്രൂഷയോടെയാണ് നാം പിരിയേണ്ടത്. കുര്‍ബ്ബാന അനുഭവമല്ല എന്നു പറയുന്നത് അര്‍ത്ഥമറിയാതെയും ഭക്തിയില്ലാതെയും സമര്‍പ്പണമില്ലാതെയും സജീവ പങ്കാളിത്തമില്ലാതെയുമൊക്കെ പങ്കെടുക്കുന്നതു കൊണ്ടാണ്.

"വി.കുര്‍ബ്ബാനയര്‍പ്പണം യേശുവിന്‍റെ കുരിശു മരണത്തിന്‍റെ അത്രതന്നെ അമൂല്യമായ ഒന്നാണ്" - വി. തോമസ്‌ അക്വീനാസ്.

"ലോകത്തുള്ള എല്ലാ നന്മ പ്രവൃത്തികളും ഒന്നിച്ചെടുത്താലും ഒരു വിശുദ്ധ കുര്‍ബ്ബാനയുടെ വില അതിനുണ്ടാകുന്നില്ല. എന്തെന്നാല്‍ അത് മനുഷ്യരുടെ പ്രവൃത്തിയും വി.കുര്‍ബ്ബാന ദൈവത്തിന്‍റെ കരവേലയുമാണ്"- (വി. ക്യുറെ ഓഫ് ആര്‍സ്).

.................തുടരും.................

വിശുദ്ധ കുര്‍ബാന- സകല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം - ഭാഗം I വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാൻ ഈശോയോട് സമയം ചോദിച്ചു വാങ്ങിയപ്പോൾ- ഭാഗം II വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുര്‍ബാനയില്‍ 'ആമ്മേന്‍' പറയുമ്പോള്‍...! ഭാഗം III വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുർബ്ബാന സ്വീകരിക്കുന്ന നാം എതിര്‍ സാക്ഷ്യം നല്‍കാറുണ്ടോ? - ഭാഗം IV വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ജീവിതത്തിന്റെ തിരക്കു വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിന് തടസ്സമാകുന്നുണ്ടോ? എങ്കില്‍...! - ഭാഗം V വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നമ്മുടെ ജീവിതത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കു ഒന്നാം സ്ഥാനം കൊടുത്താല്‍...! - ഭാഗം VI വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുര്‍ബാന സ്വീകരിച്ചാല്‍ ഞാനും ഈശോയാകില്ലേ? - ഭാഗം VII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരെ അനുകരിക്കുന്നത് നല്ലതാണ്: പക്ഷേ....! - ഭാഗം VIII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വൈദികനോട് ചില പാപങ്ങള്‍ പറഞ്ഞാല്‍ അദ്ദേഹം എന്തു കരുതും...! - ഭാഗം IX വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്താല്‍ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകില്ല? - ഭാഗം X വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »