News - 2025
മധ്യകിഴക്കന്‍ യൂറോപ്പില്‍ ക്രൈസ്തവ വിശ്വാസം ശക്തിപ്രാപിക്കുന്നതായി പുതിയപഠനം
സ്വന്തം ലേഖകന്‍ 12-05-2017 - Friday
മോസ്ക്കോ: സോവിയറ്റ് യൂണിയന്റേയും കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റേയും പതനത്തിനു കാല്‍നൂറ്റാണ്ടിനു ശേഷം മധ്യ-കിഴക്കന്‍ യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ ക്രിസ്തുമതം വളര്‍ച്ചയുടെ പാതയിലെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. വാഷിംഗ്ടണ്‍ ആസ്ഥാനമായ 'പ്യൂ റിസർച്ച് സെന്റർ' ബുധനാഴ്ച പുറത്ത് വിട്ട സര്‍വ്വേ ഫലത്തിലാണ് ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ആഹ്ലാദം നല്‍കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുള്ളത്.
മധ്യ-കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ അധികാരത്തിലിരുന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ കീഴില്‍ ദൈവാരാധന അടിച്ചമര്‍ത്തി നിരീശ്വരവാദം പ്രചരിപ്പിച്ചിരിന്നുവെങ്കില്‍പോലും, തങ്ങള്‍ ഇപ്പോഴും ദൈവത്തില്‍ വിശ്വസിക്കുന്നുവെന്നും തങ്ങളുടെ ക്രിസ്തീയ പാരമ്പര്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നുവെന്നും കിഴക്കന്‍ യൂറോപ്പിലെ ആളുകള്‍ സമ്മതിച്ചതായി സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു.
കിഴക്കന്‍ യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ മിക്കതിലും മതവും ദേശീയതയും തമ്മില്‍ അടുത്തബന്ധമാണ് ഉള്ളതെന്ന് സര്‍വ്വേ ചൂണ്ടികാണിക്കുന്നു. മുന്‍ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളായിരുന്ന റഷ്യ, പോളണ്ട് എന്നിവിടങ്ങളില്‍ ഇത് വളരെ വ്യക്തമായി കാണാവുന്നതാണ്. ഒരു യഥാര്‍ത്ഥ റഷ്യക്കാരന്‍, അല്ലെങ്കില്‍ പോളണ്ട്കാരന്‍ എന്ന് പറയുമ്പോള്‍ അയാള്‍ തീര്‍ച്ചയായും ഒരു ഓര്‍ത്തഡോക്സ്‌കാരനോ അല്ലെങ്കില്‍ ഒരു കത്തോലിക്കനോ ആയിരിക്കുമെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.
പത്തു ശതമാനത്തോളം ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികള്‍ തങ്ങള്‍ ആഴ്ചതോറും പള്ളിയില്‍ പോകാറുണ്ടെന്ന്‍ സമ്മതിച്ചതായി സര്‍വ്വേയില്‍ പറയുന്നു. റഷ്യ, ഉക്രെയിന്‍, ബള്‍ഗേറിയ തുടങ്ങിയ ഓര്‍ത്തഡോക്സ് പാരമ്പര്യമുള്ള രാഷ്ട്രങ്ങളില്‍ മതവുമായുള്ള ബന്ധത്തിന്റെ തോത് ഗണ്യമായി ഉയര്‍ന്നിട്ടുണ്ടെന്ന് സര്‍വ്വേ പറയുന്നു. അതേ സമയം സര്‍വ്വേ അനുസരിച്ച് കിഴക്കന്‍ യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ ക്രിസ്തീയ വിശ്വാസികളുടെ ശതമാന നിരക്ക് വളരെ കൂടുതലാണെങ്കിലും മതവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരുടെ എണ്ണം കുറവാണ്.
1991-ലെ കണക്കുകള്‍ പ്രകാരം റഷ്യയില്‍ 37 ശതമാനവും, ഉക്രെയിനില്‍ 39 ശതമാനവും, ബള്‍ഗേറിയയില്‍ 59 ശതമാനവും ഓര്‍ത്തഡോക്സ്കാരായിരുന്നുവെങ്കില്‍ 2015 ആയപ്പോഴേക്കും റഷ്യയില്‍ 71 ശതമാനം, ഉക്രെയിനില്‍ 78 ശതമാനം, ബള്‍ഗേറിയായില്‍ 75 ശതമാനം എന്ന നിലയിലേക്ക് വിശ്വാസികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. മധ്യ യൂറോപ്പിലെ പോളണ്ട് ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളില്‍ കത്തോലിക്കാ വിശ്വാസികളാണ് കൂടുതലായുള്ളത്.
2015-ലെ കണക്കുകള്‍ പ്രകാരം പോളണ്ടിലെ 87 ശതമാനത്തോളം ജനങ്ങളും കത്തോലിക്കാ വിശ്വാസികളാണ്. അതേ സമയം ദേശീയതയുമായുള്ള ബന്ധത്തിന്റെ കാര്യത്തില്‍ ഓര്‍ത്തഡോക്സ് ഭൂരിപക്ഷ രാജ്യങ്ങളാണ് മുന്നില്‍ എന്ന കാര്യവും പ്യു റിസേര്‍ച്ച് ചൂണ്ടി കാട്ടുന്നു. ഗ്രീസ്, ബോസ്നിയ, റൊമാനിയ, മോള്‍ഡോവ, അര്‍മേനിയ, ജോര്‍ജ്ജിയ തുടങ്ങിയ രാജ്യങ്ങളിലെ 90 ശതമാനം ആളുകളും ദൈവത്തില്‍ വിശ്വസിക്കുന്നവരാണ്.
സ്വവര്‍ഗ്ഗരതി പോലെയുള്ള സാമൂഹ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള നിലപാടിന്റെ കാര്യത്തില്‍, യാഥാസ്ഥിതിക നിലപാട് പുലര്‍ത്തുന്നവരാണ് ഭൂരിഭാഗം പേരും. ഏതാണ്ട് 71 ശതമാനം പേരും സ്വവര്‍ഗ്ഗ വിവാഹത്തെ എതിര്‍ക്കുന്നവരാണ്. നിലപാടിന്റെ കാര്യത്തില്‍ ശക്തമായ എതിര്‍പ്പുമായി ഓര്‍ത്തഡോക്സ് വിഭാഗക്കാരാണ് മുന്നില്‍. നിത്യവും പ്രാര്‍ത്ഥിക്കുന്നവരുടെ കാര്യമെടുത്താല്‍ 48 ശതമാനവുമായി മൊള്‍ഡോവയാണ് ഏറ്റവും മുന്നില്‍ ഉള്ളത്.
സോവിയറ്റ് യൂണിയന്റെ പതനത്തോടെ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ ക്രിസ്തുമതം തഴച്ചു വളരുന്ന ഈ അവസരത്തിലും കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനയില്‍ ക്രിസ്ത്യാനികള്‍ അടിച്ചമര്‍ത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ചൈനയിലെ ക്രൈസ്തവര്‍ ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ രാഷ്ട്രമാകുമെന്നാണ് കഴിഞ്ഞ വര്‍ഷം വന്ന പഠന ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. 'ഒഎംഎഫ് ഇന്‍ര്‍നാഷണല്‍' എന്ന സ്ഥാപനം നടത്തിയ പഠനത്തിലാണ് 2030-ല്‍ ചൈന ലോകത്തെ ഏറ്റവും വലിയ ക്രൈസ്തവ രാജ്യമാകുമെന്ന്‍ കണ്ടെത്തിയിരിക്കുന്നത്.
![](/images/close.png)