Events - 2025

വാല്‍സിംഹാം തിരുനാള്‍: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു; ഇത്തവണ മാര്‍ സ്രാമ്പിക്കല്‍ നേതൃത്വം നല്‍കും

ഫാ. ബിജു കുന്നയ്ക്കാട്ട് 15-05-2017 - Monday

വാല്‍സിംഹാം: അമ്മമാഹാത്മ്യത്തിന്റെ ദിവ്യ സ്തുതികള്‍ പാടിക്കൊണ്ട് ഇംഗ്ലണ്ടിന്റെ ഉഷകാലതാരം പരി. വാല്‍സിംഹാം മാതാവിന്റെ സന്നിധിയിലേക്ക് ഒരിക്കല്‍ കൂടി മക്കള്‍ ഒന്നായെത്തുന്നു. ഇത്തവണ ജൂലൈ 16-ാം തീയതി ഞായറാഴ്ച നടക്കുന്ന വാല്‍സിംഹാം തിരുനാളിന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കും.

രാവിലെ 9.30 മുതല്‍ 11.30 വരെ നടക്കുന്ന ധ്യാനശുശ്രൂഷകള്‍ക്കും ഗാനാലാപനത്തിനും സെഹിയോന്‍ യുകെയുടെ ഡയറക്ടറും രൂപതാ ഇവാഞ്ചലൈസേഷന്‍ കോര്‍ഡിനേറ്ററുമായ റവ. ഫാ. സോജി ഓലിക്കലും സെഹിയോന്‍ യുകെ ടീമും നേതൃത്വം നല്‍കും. വ്യക്തിപരമായ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കും പരി. അമ്മയുടെ സംരക്ഷണത്തിന് പ്രത്യേകമായി സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്ന ‘അടിമവയ്ക്കല്‍’ ചടങ്ങുകള്‍ക്കും രാവിലെ 11..30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ സൗകര്യമുണ്ടായിരിക്കുന്നു. ഉച്ചഭക്ഷണം കഴിക്കാന്‍ കൂടി ഈ സമയം പ്രയോജനപ്പെടുത്തണമെന്ന് സംഘാടകസമിതി അറിയിച്ചിട്ടുണ്ട്.

ചരിത്രപ്രസിദ്ധമായ ”ജപമാല പ്രദക്ഷിണം” ഉച്ചയ്ക്ക് 1.30ന് ആരംഭിക്കും. പ്രദക്ഷിണത്തിന്റെ സമാപനത്തെ തുടര്‍ന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ദിവ്യബലിയര്‍പ്പിച്ച് വചന സന്ദേശം നല്‍കും. അഭിവന്ദ്യ പിതാവിനൊപ്പം നിരവധി വൈദികരും ദിവ്യബലിയിലും മറ്റു ശുശ്രൂഷകളിലും പങ്കാളികളാവും.

മുന്‍വര്‍ഷങ്ങളിലേതുപോലെ ഇത്തവണയും ധാരാളം വിശ്വാസികള്‍ തിരുനാളില്‍ സംബന്ധിക്കാന്‍ എത്തിച്ചേരുമെന്നാണ് കണക്കാക്കുന്നത്. വിശ്വാസികള്‍ക്ക് മിതമായ നിരക്കില്‍ തിരുനാള്‍ സ്ഥലത്തുനിന്നും ഉച്ചഭക്ഷണം ലഭ്യമായിരിക്കും. കോച്ചുകളില്‍ വരുന്നവര്‍ക്കായി ബസുകള്‍ പാര്‍ക്കു ചെയ്യുവാനും സൗകര്യമുണ്ടായിരിക്കുമെന്ന് തിരുനാള്‍ കോ- ഓര്‍ഡിനേറ്ററും ഈസ്റ്റ് ആംഗ്ലിയ സീറോ മലബാര്‍ ചാപ്ലിയനുമായ റവ. ഫാ. ടെറിന്‍ മുല്ലക്കര അറിയിച്ചു.


Related Articles »