കൊച്ചി: കാരുണ്യത്തിന്റെയും സഹോദര സ്‌നേഹത്തിന്റെയും മഹനീയ മാതൃക തീര്‍ത്ത് കന്യാസ്ത്രീ തന്റെ സഹോദരിയായ കന്യാസ്ത്രീയ്ക്കു വൃക്ക ദാനം ചെയ്തു. ചങ്ങനാശേരിയിലെ ഹോളി ക്വീന്‍സ് പ്രോവിന്‍സ് അംഗം സിസ്റ്റര്‍ ഡോണ റോസാണ് സഹോദരിയും കോട്ടയം തെള്ളകം കാര്‍മല്‍ സദനത്തിലെ അംഗവുമായ സിസ്റ്റര്‍ അനിത ജോസിന് വൃക്ക നല്‍കിയത്.
സിസ്റ്റര്‍ അനിതയുടെ ജീവന്‍ രക്ഷിക്കാന്‍ വൃക്ക മാറ്റിവയ്ക്കലല്ലാതെ മറ്റു മാര്‍ഗമൊന്നുമില്ലെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയതോടെ മൂത്ത സഹോദരിക്കായി വൃക്ക ദാനം ചെയ്യാന്‍ സിസ്റ്റര്‍ ഡോണ റോസ് തയാറാകുകയായിരിന്നു. കൊച്ചി മരടിലെ വി.പി.എസ്. ലേക്‌ഷോര്‍ ആശുപത്രിയില്‍ നടന്ന വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായിരിന്നു. ശസ്ത്രക്രിയയ്ക്കുശേഷം സിസ്റ്റര്‍ ഡോണ റോസ് ബുധനാഴ്ച ഡീസ്ചാര്‍ജായി. ഐ.സി.യുവില്‍ സുഖം പ്രാപിച്ചുവരുന്ന സിസ്റ്റര്‍ അനിതാ ജോസിനെ ഉടനെ തന്നെ മുറിയിലേക്കു മാറ്റും.
വി.പി.എസ്. ലേക്‌ഷോര്‍ ആശുപത്രിയിലെ നെഫ്രോളജി വിഭാഗം ഡയറക്ടര്‍ ഡോ. എബി എബ്രഹാം, യൂറോളജി വിഭാഗം മേധാവി ഡോ. ജോര്‍ജ് പി. ഏബ്രഹാം, അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. മോഹന്‍ എ. മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണു ശസ്ത്രക്രിയകള്‍ നടത്തിയത്. ഇക്കഴിഞ്ഞ 12നാണ് ശസ്ത്രക്രിയ നടന്നത്.