News - 2025
കരുണയുടെ വെള്ളി വീണ്ടും ആവര്‍ത്തിച്ച് ഫ്രാന്‍സിസ് പാപ്പയുടെ അപ്രതീക്ഷിത സന്ദര്‍ശനം
സ്വന്തം ലേഖകന്‍ 21-05-2017 - Sunday
വത്തിക്കാന്‍ സിറ്റി: കരുണയുടെ ജൂബിലി വര്‍ഷത്തിലെ 'കാരുണ്യ വെള്ളി' വീണ്ടും ഓര്‍മ്മിപ്പിച്ച് കൊണ്ട് പരിശുദ്ധ പിതാവിന്‍റെ അപ്രതീക്ഷിത സന്ദര്‍ശനം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച (19/05/17) വത്തിക്കാനില്‍ നിന്ന് 35 കിലോമീറ്ററോളം തെക്കു പടിഞ്ഞാറു മാറി സ്ഥിതിചെയ്യുന്ന സ്റ്റെല്ല മേരിസ് ഇടവകയിലെ പന്ത്രണ്ടോളം വീടുകളില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയ മാര്‍പാപ്പ വീടുകള്‍ വെഞ്ചിരിക്കുകയായിരിന്നു.
ഇടവകകളില്‍ ആണ്ടിലൊരിക്കല്‍, പതിവുള്ള ഭവനാശീര്‍വ്വാദകര്‍മ്മം സാധാരണ ഇടവകവികാരിയോ, ആ ഇടവകയില്‍ സേവനമനുഷ്ഠിക്കുന്ന മറ്റേതെങ്കിലും വൈദികനോ ആണ് നിര്‍വ്വഹിക്കാറുള്ളത്. എന്നാല്‍, പതിവുപോലെ ഭവനാശീര്‍വ്വാദത്തിന് ഒരു വൈദികന്‍ എത്തുമെന്ന മുന്നറിയിപ്പുണ്ടായിരുന്നതനുസരിച്ച് അതിനായി കാത്തുനിന്നിരുന്ന കുടുംബങ്ങള്‍ മാര്‍പാപ്പയുടെ വരവില്‍ സ്തബ്ധരാകുകയായിരിന്നു.
വീടുകള്‍ വെഞ്ചരിച്ച മാര്‍പാപ്പാ കുടുംബങ്ങൾക്ക് ജപമാല സമ്മാനമായി നല്കി. ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കണമെന്നും, കെട്ടിടത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന നിശബ്ദത പാലിക്കണമെന്ന അറിയിപ്പ് താന്‍ പാലിച്ചുവെന്നും മാർപാപ്പ സരസരൂപത്തില്‍ പറഞ്ഞു. റോമിന്‍റെ പ്രാന്ത പ്രദേശത്ത് വസിക്കുന്ന കുടുംബങ്ങളോടുള്ള സാമീപ്യത്തിന്‍റെ അടയാളമാണ് മാർപാപ്പായുടെ ഭവനസന്ദര്‍ശനമെന്ന് വത്തിക്കാന്‍ പ്രസ്സ് ഓഫീസ് പത്രക്കുറിപ്പില്‍ രേഖപ്പെടുത്തി.