News - 2024

മാഞ്ചസ്റ്റര്‍ ആക്രമണം: ഫ്രാന്‍സിസ് പാപ്പ ദുഃഖം രേഖപ്പെടുത്തി

സ്വന്തം ലേഖകന്‍ 24-05-2017 - Wednesday

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ അരീനയില്‍ നടന്ന ഐ‌എസ് ചാവേര്‍ ആക്രമണത്തില്‍ വേദന രേഖപ്പെടുത്തി കൊണ്ട് ഫ്രാന്‍സിസ് പാപ്പ. ആക്രമണത്തിന് വിധേയരായ എല്ലാവരോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതായും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതായി മാര്‍പാപ്പയുടെ സാന്ത്വനസന്ദേശത്തില്‍ പറയുന്നു.

ഉറ്റവരുടെ വിയോഗത്തില്‍ വേദനിക്കുന്നവരുടെ ദുഃഖം താന്‍ ഉള്‍ക്കൊള്ളുന്നു. ദൈവം അവരെ സമാശ്വസിപ്പിക്കട്ടെ, എത്രയും വേഗം ദൈവീക സമാധാനവും സാന്ത്വനസ്പര്‍ശവും അവിടത്തെ ജനങ്ങള്‍ക്ക് ലഭ്യമാകട്ടെ. പാപ്പാ സന്ദേശത്തില്‍ കുറിച്ചു. മാര്‍പാപ്പയ്ക്ക് വേണ്ടി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയട്രോ പരോളിനാണ് ഇന്നലെ (മെയ് 23) മാഞ്ചെസ്റ്ററിലേയ്ക്ക് സാന്ത്വനസന്ദേശം അയച്ചത്.

ബ്രിട്ടനിലെ ഏറ്റവും വലിയ ഇൻഡോർ വേദിയായ മാ‍ഞ്ചസ്റ്റർ അരീനയിൽ തിങ്കളാഴ്ച രാത്രി 10.33ന് (ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ 3.03) ആയിരുന്നു ചാവേർ ബോംബ് സ്ഫോടനം. മാഞ്ചസ്റ്ററിൽ സംഗീതപരിപാടിക്കെത്തിയ ജനക്കൂട്ടത്തിനുനേരെ നടന്ന ഐ‌എസ് ചാവേർ ഭീകരാക്രമണത്തിൽ 22 പേരാണ് കൊല്ലപ്പെട്ടത്. 59 പേർക്കു പരുക്കേറ്റു. പോപ്പ് ഗായിക അരിയാന ഗ്രാൻഡെയുടെ സംഗീതപരിപാടി കഴിഞ്ഞു പുറത്തിറങ്ങിയ ആളുകൾക്കിടയിൽ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു.


Related Articles »