News - 2024

‘ബ്രദേഴ്സ് ഓഫ് ചാരിറ്റി' സ്ഥാപനങ്ങളില്‍ ദയാവധം അനുവദിക്കുവാനുള്ള നീക്കത്തിനെതിരെ കത്തോലിക്കാ മെത്രാന്മാര്‍

സ്വന്തം ലേഖകന്‍ 24-05-2017 - Wednesday

ബ്രസ്സല്‍സ്: ബെല്‍ജിയത്തിലെ ‘ബ്രദേഴ്സ് ഓഫ് ചാരിറ്റി’ സഭയുടെ കീഴിലുള്ള ആശുപത്രികളില്‍ മാനസികരോഗികള്‍ക്ക് ദയാവധം നല്കുവാന്‍ ഡോക്ടര്‍മാരെ അനുവദിക്കുമെന്ന തീരുമാനത്തെ തള്ളികളഞ്ഞുകൊണ്ട് ബെല്‍ജിയത്തിലെ കത്തോലിക്കാ മെത്രാന്‍മാര്‍. മാനസിക സ്ഥിരതയില്ലാത്ത രോഗികളെ ദയാവധത്തിനു വിധേയമാക്കുന്നത് തങ്ങള്‍ക്ക് അംഗീകരിക്കുവാന്‍ കഴിയുകയില്ലായെന്ന് മെത്രാന്‍മാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

1807-ല്‍ ഫാ. കാനന്‍ പീറ്റര്‍ ട്രീസ്റ്റ് ആണ് ബെല്‍ജിയത്തിലെ ഘെന്റില്‍ ‘ബ്രദേഴ്സ് ഓഫ് ചാരിറ്റി’ എന്ന ആത്മീയ സഭ സ്ഥാപിച്ചത്. മാനസികാരോഗ്യ മേഖലയിലെ കാരുണ്യ പ്രവര്‍ത്തനങ്ങളിലാണ് സഭയിലെ അംഗങ്ങള്‍ പ്രധാനമായും ശ്രദ്ധിക്കുന്നത്. മനോരോഗികള്‍ക്കായി ഏതാണ്ട് 15-ഓളം ചികിത്സാകേന്ദ്രങ്ങളും, 5000-ത്തോളം രോഗികളും ബെല്‍ജിയത്തില്‍ ഇവര്‍ക്കുണ്ട്.

നാഷണല്‍ യൂത്തനാസിയ കമ്മിറ്റിയുടെ കണക്കുകള്‍ പ്രകാരം ഡോക്ടര്‍മാരുടെ സഹായത്തോട് കൂടിയുള്ള മരണം നിയമവിധേയമാക്കിയതിനു ശേഷം പത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ ബെല്‍ജിയത്തില്‍ ദയാവധം വഴി തങ്ങളുടെ ജീവിതം അവസാനിപ്പിക്കുന്ന രോഗികളുടെ എണ്ണം 8 മടങ്ങായി വര്‍ദ്ധിച്ചിട്ടുണ്ട്.

2002-ലാണ് ബെല്‍ജിയത്തില്‍ ദയാവധം നിയമവിധേയമാക്കിയത്. ഇതനുസരിച്ച്, പൂര്‍ണ്ണ മാനസികാരോഗ്യമുണ്ടാകുകയും സഹിക്കുവാന്‍ കഴിയാത്ത ശാരീരികമോ മാനസികമോ ആയ സഹനങ്ങള്‍ അനുഭവിക്കുന്ന രോഗിയുടെ ആഗ്രഹപ്രകാരം ഡോക്ടര്‍ക്ക് രോഗിയുടെ ജീവിതം അവസാനിപ്പിക്കാവുന്നതാണ്‌. ഇതിനു വിധേയരാകുന്നവര്‍ ചികിത്സിച്ചു ഭേദമാക്കുവാന്‍ കഴിയാത്ത രോഗമുള്ളവരാണെങ്കില്‍ മാത്രമേ ദയാവധത്തിന് അനുവദിക്കുകയുള്ളൂ.

ചില രോഗികള്‍ കഠിനമായ യാതനയിലൂടെയാണ് കടന്നു പോകുന്നതെന്ന കാര്യം തങ്ങള്‍ അംഗീകരിക്കുന്നുവെന്ന് മെത്രാന്‍മാര്‍ തങ്ങളുടെ പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ ഇത്തരം അവസ്ഥയില്‍ നമ്മള്‍ രോഗികളെ ഉപേക്ഷിക്കുന്നതിന് പകരം അവരോട് കൂടുതല്‍ അടുക്കുകയാണ് ചെയ്യേണ്ടതെന്ന്‍ ബിഷപ്സ് സമിതി കൂട്ടിച്ചേര്‍ത്തു. ‘ബ്രദേഴ്സ് ഓഫ് ചാരിറ്റി’യുടെ തീരുമാനത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് വത്തിക്കാനും അറിയിച്ചിട്ടുണ്ട്.


Related Articles »