Wednesday Mirror - 2025
വിശുദ്ധ കുര്‍ബാനയിലെ യേശുവിനെ തിരിച്ചറിയുന്ന ക്രിസ്ത്യാനി, നീ എത്രയോ ഭാഗ്യവാന്‍..!
തങ്കച്ചന്‍ തുണ്ടിയില്‍ 31-05-2017 - Wednesday
"ഒരാള്‍ തന്‍റെ സര്‍വ്വ സമ്പത്തും ദരിദ്രര്‍ക്ക് വീതിച്ചു കൊടുക്കുന്നതിലും ലോകം മുഴുവന്‍ തീര്‍ത്ഥാടനം നടത്തുന്നതിലും ഗുണം ഒരു വിശുദ്ധ കുര്‍ബ്ബാനയില്‍ ഭക്തിപൂര്‍വ്വം പങ്കെടുക്കുന്നതിലാണ്. തന്നെയുമല്ല അത് അന്യഥാ ആകാന്‍ സാധ്യമല്ല. എന്തുകൊണ്ടെന്നാല്‍ ഈ ലോകത്തിലുള്ള യാതൊന്നിനും വിശുദ്ധ കുര്‍ബ്ബാനയുടെ അനന്തമായ മൂല്യം ഇല്ല" - വി. ബര്‍ണാഡ്
ആത്മീയ ശുശ്രൂഷാരംഗത്ത് ഏതെല്ലാം മേഖലയില്‍ വിജയം വരിക്കാന്‍ സാധിച്ചിട്ടുണ്ടോ അവിടെയെല്ലാം എനിക്ക് ശക്തി ലഭിച്ചിട്ടുള്ളത് വി. കുര്‍ബ്ബാനയിലൂടെയാണ്. വി. കുര്‍ബ്ബാനയില്‍ നിന്നും ശക്തി സ്വീകരിക്കാന്‍ തുടങ്ങിയതില്‍ പിന്നെ ഏത് പ്രതികൂലങ്ങളെയും തരണം ചെയ്യാന്‍ കൃപ അവിടുന്ന് നല്‍കുന്നു. നമ്മുടെ ബലഹീനതയിലും മറവിയിലും അശ്രദ്ധയിലും തീരുമാനങ്ങളിലുമൊക്കെ കുര്‍ബ്ബാനയില്‍ നിന്നും ശക്തി സ്വീകരിക്കാം.
ഒരു ഉദാഹരണം. ഒരിക്കല്‍ അശ്രദ്ധ കൊണ്ട് ഒരു മറവി സംഭവിച്ചു. ജലദോഷവും ശക്തമായ തുമ്മലുമുള്ള ഒരു ദിവസം ടവ്വല്‍ എടുക്കാന്‍ മറന്നു. ചില ദിവസങ്ങളിലൊക്കെ തൂവാല ഉണ്ടായിട്ടു പോലും ഒത്തിരി അസ്വസ്ഥത ഉണ്ടായിട്ടുണ്ട്. രോഗങ്ങള്‍ മാറാന്‍ പ്രാര്‍ത്ഥിക്കുമെങ്കിലും അത്ര നിര്‍ബന്ധപൂര്‍വ്വം പ്രാര്‍ത്ഥിക്കാറില്ല. അന്നു മാത്രം ഇപ്രകാരം പ്രാര്‍ത്ഥിച്ചു. കര്‍ത്താവേ നിനക്കെല്ലാം സാധ്യമാണെന്ന് ഞാന്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നു. വി.കുര്‍ബ്ബാനയില്‍ തന്നെ ഇപ്രകാരമൊരു പ്രാര്‍ത്ഥനയുണ്ടല്ലോ. (സര്‍വ്വാധിപനാം കര്‍ത്താവേ, എന്നു തുടങ്ങുന്നത്) അതെ അവിടുന്ന് സര്‍വ്വത്തിന്‍റെയും അധിപനാണ്. ഞാന്‍ തൂവാല എടുക്കാന്‍ മറന്നതിനാല്‍ ഇന്നു ഞാന്‍ പള്ളിയില്‍ കയറുമ്പോള്‍ മുതല്‍ ഇറങ്ങുന്നതുവരെ എനിക്ക് ജലദോഷത്തിന്‍റെ (തുമ്മലിന്‍റെ) ഒരുപ്രശ്നവുമുണ്ടാകരുത്.
"കര്‍ത്താവേ നിനക്ക് മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍ കഴിയും" (മത്തായി 8:3). കുഷ്ഠരോഗിയുടെ പ്രാര്‍ത്ഥന അവിടുന്ന് കേട്ടെങ്കില്‍ എന്തുകൊണ്ട് എനിക്ക് സൗഖ്യം ലഭിച്ചു കൂടാ. ഇവിടെയൊരു അത്ഭുതം സംഭവിച്ചു. പള്ളിയില്‍ നിന്ന്‍ ഇറങ്ങുന്ന സമയം വരെയല്ല. അവിടുന്ന് എന്‍റെ തുമ്മലിന് സ്ഥിരമായി മാറ്റം വരുത്തി. എന്നും ചൂടുവെള്ളത്തില്‍ കുളിക്കുന്ന ഞാന്‍ അതിനു ശേഷം പച്ചവെള്ളത്തില്‍ കുളിക്കാന്‍ തുടങ്ങി. അതെ പൂവ് ചോദിച്ചാല്‍ പുന്തോട്ടം തരുന്നവനാണ് നമ്മുടെ ദൈവം.
ഒരിക്കല്‍ എന്‍റെ ഇടവകയില്‍ കുര്‍ബ്ബാനയില്ലാത്തതിനാല്‍ നാലുമുക്ക് പള്ളിയിലാണ് പോയത്. ധൃതിയില്‍ യാത്രയായതിനാല്‍ കുടയെടുക്കാന്‍ മറന്നു. കുര്‍ബ്ബാന തുടങ്ങിയപ്പോള്‍ മുതല്‍ ശക്തമായ മഴ, എനിക്കാണെങ്കില്‍ കുര്‍ബ്ബാന കഴിഞ്ഞ് ഉടന്‍ തന്നെ വീട്ടിലെത്തുകയും വേണം. ഞാന്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചു. കര്‍ത്താവേ, ഞാന്‍ കുടയെടുക്കാന്‍ മറന്നു പോയി എന്നെ നീ സമയത്ത് വീട്ടില്‍ എത്തിക്കണം.
കുര്‍ബ്ബാന കഴിഞ്ഞപ്പോള്‍ മഴക്ക് ശക്തി കൂടി. എല്ലാവരും പള്ളിയില്‍ നിന്ന് പോയപ്പോള്‍ കൈക്കുഞ്ഞുമായി ഒരു യുവതി എന്‍റെ അടുത്ത് വന്നു. അവരുടെ കയ്യില്‍ രണ്ടു കുടയുണ്ട്. തങ്കച്ചന്‍ ചേട്ടനാണോ. അവരുടെ ചോദ്യത്തിന് ഞാനുത്തരം അതെയെന്നു പറഞ്ഞു. ഇതാ തങ്കച്ചന്‍ ചേട്ടന് വേണ്ടി ഒരു ചേച്ചി ഒരു കുട തന്ന് വിട്ടു. ഇനി നാലുമുക്കിനു വരുമ്പോള്‍ തിരിച്ചു കൊടുത്താല്‍ മതി. ഞാന്‍ പോകും വഴി ഈ വീട്ടില്‍ കയറി കുട കൊടുത്തുവിടാന്‍ കാരണം അന്വേഷിച്ചു. അവര്‍ പറഞ്ഞു. ചേട്ടന്‍ പള്ളിയിലേക്ക് പോകുമ്പോള്‍ കൈയില്‍ കുട കണ്ടില്ല. മഴ തുടങ്ങിയപ്പോള്‍ ചേട്ടനൊരു കുട കൊടുത്തു വിടാന്‍ ഉള്ളില്‍ നിന്ന്‍ പ്രേരണ വന്നു. എനിക്ക് വരാന്‍ സമയമില്ലാത്തതിനാലാണ് അവരുടെ കൈയില്‍ കൊടുത്തു വിട്ടത്. ഇവിടെയും എന്‍റെ പ്രാര്‍ത്ഥനയ്ക്ക് ഉടന്‍ ഉത്തരം കിട്ടി.
യഥാര്‍ത്ഥത്തില്‍ നാം തിരിച്ചറിയാഞ്ഞിട്ടാണ്, ഇപ്രകാരം ഓരോ ദിവസവുമെന്നല്ല ഓരോ നിമിഷവും ഈശോ നമ്മുടെ കാര്യത്തില്‍ ഇടപെടുന്നു. നിര്‍ഭാഗ്യവശാല്‍ നാമിത് തിരിച്ചറിയുന്നില്ലെന്ന് മാത്രം. ഇനി തിരിച്ചറിഞ്ഞാല്‍ തന്നെ നാം അതിനു എത്രമാത്രം ഈശോയോടു നന്ദി പറയുന്നുണ്ട്. ബലിയര്‍പ്പണം നന്ദിയുടെ ബലിയായ് നാം എത്ര പേര്‍ അര്‍പ്പിക്കുന്നുണ്ട്. അവര്‍ണ്ണനീയമായ അങ്ങയുടെ ദാനത്തിന് സ്തുതി". നാം കുര്‍ബ്ബാനയില്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കുന്നുണ്ട്. നന്ദി ചൊല്ലി തീര്‍ക്കുവാനീ ജീവിതം പോരാ... പാടുന്നുണ്ട്. പക്ഷേ അര്‍ത്ഥമറിഞ്ഞിട്ടാണോ പാടുന്നത്. ഒരിക്കല്‍ കുര്‍ബ്ബാന സ്വീകരണ സമയത്ത് കേട്ട ഈ ഗാനം എന്നെ ആഴത്തില്‍ ചിന്തിപ്പിച്ചു.
ഒരു കോടി ജന്മമീ ഭൂമിയില്‍ തന്നാലും ഒരു കോടി നാവെനിക്കേകിയാലും
നിരവധി നന്മയാം നിന്‍ സ്തുതി പാടുവാന്‍ അടിയനിന്നാവില്ല തമ്പുരാനേ...
എത്ര അര്‍ത്ഥവത്തായ വരികള്‍... ദൈവം നമ്മുടെ മേല്‍ ചൊരിയുന്ന അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുവാന്‍ നമുക്കാവുമോ. നമുക്കതിനു വാക്കുകള്‍ ഉണ്ടോ. ഈ ജീവിതം കൊണ്ട് നമുക്കെത്രത്തോളം നന്ദി പറയാനാകും. ഇനി മുതല്‍ എല്ലാറ്റിനും നന്ദി പറയാന്‍ നമ്മള്‍ പരിശീലിക്കണം നന്ദി പറയണമെങ്കില്‍ ദൈവസ്നേഹത്താല്‍ നാം നിറയണം. ദൈവസ്നേഹത്താല്‍ നാം നിറയുമ്പോള്‍ ദൈവത്തെ നാം പൂര്‍ണ്ണമായും സ്നേഹിക്കുമ്പോള്‍ നമ്മുടെ ജീവിതം തന്നെ ഒരു നന്ദിയായ് മാറും. കാഴ്ചവയ്പ്പിന്‍റെ സമയത്ത് ഒരു ഗാനം എന്നെ ആഴമായി സ്പര്‍ശിച്ചു.
കനിവോടെ സ്വീകരിക്കേണമേ
നിറയുമീ ജീവിത താലത്തില്‍
സന്തോഷ സന്താപമാലിക
വൈദികന്‍ തന്‍തിരു കൈകളില്‍
ഏന്തുന്ന പാവന പാത്രം പോല്‍
നിര്‍മ്മലമല്ലേലും ജീവിതം
അര്‍ച്ചനയാകണം ദൈവമേ
ഈ ഗാനത്തിന്‍റെ അര്‍ത്ഥം മനസ്സിലാക്കിക്കൊണ്ട് നമ്മുടെ ജീവിതത്തെത്തന്നെ ഈശോയുടെ ശരീരരക്തങ്ങളോടൊപ്പം സമര്‍പ്പിക്കുമ്പോള്‍ നമ്മുടെ ജീവിതത്തില്‍ വളരെ മാറ്റങ്ങള്‍ സംഭവിക്കുന്നു. ദിവ്യകാരുണ്യ ഈശോയോട് ചേര്‍ന്നുള്ള ജീവിതം. ആ ഈശോയുടെ സ്നേഹത്തിന്‍റെ പൂര്‍ണ്ണതയിലേക്ക്‍ നമ്മെ എത്തിക്കും. ഈശോയില്‍ നിന്ന് നാം സ്വീകരിച്ച സ്നേഹം നമ്മിലൂടെ മറ്റുള്ളവരിലേക്കും പകര്‍ന്നു കൊണ്ടിരിക്കും. സ്നേഹത്തിന്‍റെ പൂര്‍ണ്ണതയില്‍ എത്തിയാല്‍ നമുക്ക് പാപം ചെയ്യാനാവില്ല. എല്ലാവരെയും സ്നേഹിക്കാതിരിക്കാനാവില്ല.
സ്നേഹിച്ചു കൊള്ളുക. എന്നിട്ട് നിങ്ങള്‍ക്കിഷ്ടമുള്ളത് ചെയ്തു കൊള്ളുക എന്നു വിശുദ്ധ അഗസ്റ്റിന്‍ പറയാന്‍ കാരണമിതാണ്. വി. ബര്‍ണാര്‍ഡ് ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു, സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള എല്ലാ സ്നേഹത്തെയും അതി ലംഘിക്കുന്ന സ്നേഹമാണ് ദിവ്യകാരുണ്യം. ഈ സ്നേഹം നാം അനുദിനം അനുഭവിക്കണം അപ്പോള്‍ നമുക്കും പത്രോസ് ശ്ലീഹായെപ്പോലെ പറയാനാകും, "കര്‍ത്താവേ ഞങ്ങള്‍ ആരുടെ അടുത്തേക്ക് പോകും. നിത്യജീവന്‍റെ വചനം നിന്‍റെ പക്കലുണ്ട്. നീയാണ് ദൈവത്തിന്‍റെ പരിശുദ്ധന്‍ എന്ന് ഞങ്ങള്‍ വിശ്വസിക്കുകയും അറിയുകയും ചെയ്തിരിക്കുന്നു." (യോഹ. 6:68-69).
ഈ വിശ്വാസത്തിലും അറിവിലും നാം വളരുമ്പോള്‍ നമുക്ക് ഈശോയെ കൂടാതെ ജീവിക്കാനാവില്ല എന്ന സത്യം നാമറിയും. ഈയൊരറിവാണ് എന്നെ അനുദിന ദിവ്യബലിയിലേക്ക് അടുപ്പിക്കുന്നത്. ഒരു സത്യം തുറന്നെഴുതട്ടെ പരിശുദ്ധ കുര്‍ബ്ബാനക്കെതിരായിട്ടാണ് പെന്തക്കോസ്ത സഹോദരന്മാര്‍ നമ്മോടു സംസാരിക്കുന്നത്.
കുര്‍ബ്ബാന അനുഭവമില്ലാത്തവര്‍ക്ക് അത് ശരിയായി തോന്നാം. എന്നാല്‍, കുര്‍ബ്ബാനയെക്കുറിച്ചുള്ള വിശ്വാസവും അറിവും ഉള്ളവര്‍ക്ക് ഈശോയെ അനുഭവിച്ചറിയുന്നവര്‍ക്ക് ഈശോയെ കൂടാതെ ജീവിക്കാനാവില്ല. ഞാന്‍ ക്രിസ്തുവിലും ക്രിസ്തു എന്നിലും. അതിലും വലിയ ഒരു ഭാഗ്യമില്ല. ഓ ക്രിസ്ത്യാനി ഇത്ര ഭാഗ്യവാന്‍.
.................തുടരും.................
വിശുദ്ധ കുര്‍ബാന- സകല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം - ഭാഗം I വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാൻ ഈശോയോട് സമയം ചോദിച്ചു വാങ്ങിയപ്പോൾ- ഭാഗം II വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വിശുദ്ധ കുര്‍ബാനയില്‍ 'ആമ്മേന്‍' പറയുമ്പോള്‍...! ഭാഗം III വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വിശുദ്ധ കുർബ്ബാന സ്വീകരിക്കുന്ന നാം എതിര്‍ സാക്ഷ്യം നല്‍കാറുണ്ടോ? - ഭാഗം IV വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജീവിതത്തിന്റെ തിരക്കു വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിന് തടസ്സമാകുന്നുണ്ടോ? എങ്കില്‍...! - ഭാഗം V വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
നമ്മുടെ ജീവിതത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കു ഒന്നാം സ്ഥാനം കൊടുത്താല്‍...! - ഭാഗം VI വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വിശുദ്ധ കുര്‍ബാന സ്വീകരിച്ചാല്‍ ഞാനും ഈശോയാകില്ലേ? - ഭാഗം VII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരെ അനുകരിക്കുന്നത് നല്ലതാണ്: പക്ഷേ....! - ഭാഗം VIII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വൈദികനോട് ചില പാപങ്ങള്‍ പറഞ്ഞാല്‍ അദ്ദേഹം എന്തു കരുതും...! - ഭാഗം IX വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്താല്‍ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകില്ല? - ഭാഗം X വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
വിശുദ്ധ കുര്‍ബാനയുടെ വില മനസ്സിലാക്കിയവര്‍ ഒരിക്കലും ബലി മുടക്കുകയില്ല...! - ഭാഗം XI വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജീവിച്ചിരിക്കുമ്പോള്‍ വിശുദ്ധ ബലിയില്‍ പങ്കെടുത്താല്‍...! - ഭാഗം XII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ജീവിതത്തില്‍ ദൈവത്തിന് മഹത്വം നല്‍കാന്‍ തയാറാണോ? എങ്കില്‍......! - ഭാഗം XIII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
#repost