News - 2025
ഇറാഖിലെ ക്രൈസ്തവ അഭയാര്ത്ഥികള്ക്കു ഹംഗേറിയന് ഗവണ്മെന്റിന്റെ ധനസഹായം
സ്വന്തം ലേഖകന് 01-06-2017 - Thursday
ബുഡാപെസ്റ്റ്: ഇറാഖിലെ ദുരിതമനുഭവിക്കുന്ന ക്രിസ്ത്യന് അഭയാര്ത്ഥികളുടെ ഉന്നമനത്തിനായി ഹംഗേറിയന് ഗവണ്മെന്റിന്റെ ധനസഹായം. 145 ദശലക്ഷം ഫോറിന്റ്സിന്റെ ($ 5,25,000) സഹായമാണ് ഹംഗറി കൈമാറുന്നത്. ഇതു സംബന്ധിച്ച ഉടമ്പടിയില് ഹംഗേറിയന് മാനവ വിഭവശേഷി മന്ത്രാലയ വകുപ്പ് മന്ത്രി സോള്ട്ടാന് ബലോഗും ഇര്ബിലിലെ കല്ദായന് കത്തോലിക്കാ ബിഷപ്പ് ബാഷര് വാര്ദായും ഒപ്പുവെച്ചു കഴിഞ്ഞു. ഇര്ബിലിലെ സെന്റ് ജോസഫ് ഹോസ്പിറ്റലിനാണ് ഈ തുക നല്കിയിരിക്കുന്നത്. അഭയാര്ത്ഥികള്ക്കിടയില് ആറുമാസത്തേക്കുള്ള ചികിത്സാ ചിലവിന് ഈ തുക ഉപയോഗിക്കാനാണ് പദ്ധതി.
2014-ല് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര് മൊസൂളിന്റെ നിയന്ത്രണം ഏറ്റെടുത്തത് മുതല് തന്റെ അതിരൂപതയില് മാത്രം ഏതാണ്ട് 13,200-ഓളം ക്രിസ്ത്യന് കുടുംബങ്ങള്ക്ക് അഭയം നല്കിയിട്ടുണ്ടെന്ന് ബിഷപ്പ് വാര്ദാ പറഞ്ഞു. ഇതില് പല കുടുംബങ്ങളുടേയും വീടുകള് പൂര്ണ്ണമായും നശിപ്പിക്കപ്പെട്ടതിനാല് അവര്ക്ക് തങ്ങളുടെ നാടുകളിലേക്ക് തിരികെ പോകുവാന് കഴിയാത്ത അവസ്ഥയാണെന്നു മെത്രാപ്പോലീത്ത കൂട്ടിച്ചേര്ത്തു. മധ്യപൂര്വേഷ്യയില് ക്രിസ്ത്യാനികള്ക്ക് എതിരെ നടക്കുന്ന ആക്രമണങ്ങള് വംശഹത്യയാണെന്ന് സോള്ട്ടാന് ബലോഗ് ഉടമ്പടിയില് ഒപ്പ് വെച്ചതിനുശേഷം അഭിപ്രായപ്പെട്ടു.
ഇറാഖിലെ ക്രിസ്ത്യന് ഭൂരിപക്ഷമേഖലയായ ഇര്ബില് ഇപ്പോള് ഒരു വലിയ അഭയാര്ത്ഥി ക്യാമ്പായി മാറി കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഹംഗേറിയന് പ്രധാനമന്ത്രിയായ വിക്ടര് ഒര്ബാനുമായി മെത്രാപ്പോലീത്ത കൂടിക്കാഴ്ച നടത്തിയിരുന്നു. ഏതാണ്ട് 3,000ത്തിലധികം രോഗികള്ക്ക് വേണ്ട മരുന്നും ചികിത്സയും സൗജന്യമായി നല്കുവാന് ഈ തുക സഹായകമാവും എന്ന് പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു കൊണ്ട് ബിഷപ്പ് അറിയിച്ചു.
ലോകമെമ്പാടും പ്രത്യേകിച്ച് മധ്യപൂര്വേഷ്യയില് അടിച്ചമര്ത്തപ്പെടുന്ന ക്രിസ്ത്യാനികളെ സഹായിക്കുവാനായി ഹംഗേറിയന് സര്ക്കാര് മാനവവിഭവശേഷി മന്ത്രാലയത്തിന്റെ കീഴില് കഴിഞ്ഞവര്ഷം ഡെപ്യൂട്ടി സെക്രട്ടറിയേറ്റിനു രൂപം നല്കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില് സിറിയയില് നിന്നും പലായനം ചെയ്ത അഭയാര്ത്ഥികളെ തിരികെ കൊണ്ടുവരുന്നതിനായി ഓര്ത്തഡോക്സ്, കത്തോലിക്കാ സഭകള്ക്ക് ഹംഗേറിയന് ഗവണ്മെന്റ് ഒരു ദശലക്ഷം യൂറോയാണ് സംഭാവനയായി നല്കിയത്.