News

ജനാധിപത്യ സംവിധാനത്തിനായി ചൈനയില്‍ ക്രൈസ്തവര്‍ നടത്തിയ പ്രാര്‍ത്ഥനാ റാലി ശ്രദ്ധേയമായി

സ്വന്തം ലേഖകന്‍ 07-06-2017 - Wednesday

ഹോങ്കോങ്ങ്: ചൈനയില്‍ ജനാധിപത്യം സ്ഥാപിക്കപ്പെടുന്നതിനായുള്ള നീക്കങ്ങള്‍ക്ക്‌ പരസ്യ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഹോങ്കോങ്ങില്‍ സംഘടിപ്പിച്ച പ്രാര്‍ത്ഥനാ റാലിയില്‍ കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരുമുള്‍പ്പെടെ ആയിരകണക്കിന് ക്രൈസ്തവ വിശ്വാസികള്‍ അണിനിരന്നു. ഫ്രാന്‍സിസ്കന്‍ ജസ്റ്റിസ്‌ പീസ്‌ ഗ്രൂപ്പിന്റേയും, ഹോങ്കോങ്ങിലെ കത്തോലിക്കാ സംഘടനകളുടേയും സംയുക്ത നേതൃത്വത്തില്‍ പെന്തക്കോസ്ത് തിരുനാള്‍ ദിനമായ ജൂണ്‍ 4-ന് വൈകിട്ടായിരുന്നു റാലി.

റാലിയോടനുബന്ധിച്ച് ജാഗരണ പ്രാര്‍ത്ഥനയും ഉണ്ടായിരുന്നു. വൈദികര്‍, കന്യാസ്ത്രീകള്‍, വിവിധ ക്രിസ്ത്യന്‍ സഭാംഗങ്ങള്‍ തുടങ്ങിയവര്‍ ജനാധിപത്യ സംവിധാനത്തിനായി സംഘടിപ്പിക്കപ്പെട്ട റാലിയില്‍ പങ്കെടുത്തു. പ്രതിസന്ധികള്‍ക്കിടയിലും സുവിശേഷ പ്രഘോഷണത്തിനായി പരിശുദ്ധാത്മാവിന്റെ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനയും റാലിക്കിടയില്‍ മുഴങ്ങി.

1989 ജൂണ്‍ 4-ന് ചൈനയില്‍ ജനാധിപത്യം സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ബീജിംഗിലെ ടിയാനന്‍മെന്‍ സ്ക്വയറില്‍ നടന്ന പ്രക്ഷോഭത്തെ അന്നത്തെ ചൈനീസ്‌ സര്‍ക്കാര്‍ സൈന്യത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്തിയിരുന്നു. നിരവധിപേരാണ് അന്ന് കൊല്ലപ്പെട്ടു. ഈ സംഭവത്തിന്റെ 28-മത്തെ വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു ഹോങ്കോങ്ങിലെ ക്രിസ്ത്യാനികളുടെ നേതൃത്വത്തില്‍ ജനാധിപത്യത്തിനായുള്ള പ്രാര്‍ത്ഥനാ റാലി സംഘടിപ്പിക്കപ്പെട്ടത്.

ചൈനയിലെ മുഴുവന്‍ ജനാധിപത്യവാദികളും സുവിശേഷങ്ങളിലും കത്തോലിക്കാ പ്രബോധനങ്ങളിലും അടങ്ങിയിട്ടുള്ള നീതി, ജനാധിപത്യം, സ്വാതന്ത്ര്യം എന്നീ മൂല്യങ്ങളെയാണ് അന്വേഷിക്കുന്നതെന്ന് ഹോങ്കോങ്ങിലെ ഓക്സിലറി ബിഷപ്പ് ജോസഫ്‌ ഹാ പറഞ്ഞു. 1989-ലെ കൂട്ടക്കൊലയുടെ ഈ ഓര്‍മ്മപുതുക്കല്‍ ദൈവത്തിന്റെ സ്നേഹവും പ്രതീക്ഷയും കണ്ടെത്തുവാന്‍ ക്രിസ്ത്യാനികളെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏശയ്യായുടെ പുസ്തകത്തേയും വിശുദ്ധ മത്തായിയുടെ സുവിശേഷഭാഗത്തെ ആസ്പദമാക്കിയുള്ള വിചിന്തനങ്ങളും റാലിയില്‍ നടന്നു.


Related Articles »