News - 2025
പാരമ്പര്യസ്വത്തില്‍ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും അവകാശമുണ്ടെന്ന് ഹൈക്കോടതി
സ്വന്തം ലേഖകന്‍ 09-06-2017 - Friday
കൊച്ചി: പാരമ്പര്യമായി ലഭിക്കുന്ന പിതൃസ്വത്തില് വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും അവകാശമുണ്ടെന്ന് ഹൈക്കോടതി. മാതാപിതാക്കൾ വിൽപത്രം തയാറാക്കുന്നതിനു മുൻപു വൈദികനായതിനാൽ പിതൃസ്വത്തിൽ അവകാശമില്ലെന്ന കൊച്ചി പ്രിൻസിപ്പൽ സബ് കോടതിയുടെ ഉത്തരവിനെതിരേ മോണ്‍. സേവ്യർ ചുള്ളിക്കൽ, സഹോദര പുത്രന്മാരായ സി.ജി. മാത്യു സിപ്രിയൻ, സി.ജി. അഗസ്റ്റിൻ എന്നിവർ നൽകിയ അപ്പീലിലാണു ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
ദാരിദ്ര്യം വ്രതമായി സ്വീകരിച്ച് സന്യസിക്കുന്നവര്ക്ക് സ്വത്തിന് അവകാശമില്ലാതാകുമെന്ന വാദവും വൈദികന് സ്വത്തില്‍ അവകാശത്തിനര്‍ഹതയില്ലെന്ന കൊച്ചി പ്രിന്‍സിപ്പല്‍ സബ് കോടതിയുടെ വിധിയും അംഗീകരിക്കാനാവില്ലെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. പൗരോഹിത്യം സ്വീകരിക്കുന്നവർ കുടുംബ ബന്ധം ഉപേക്ഷിക്കണമെന്ന വാദം ശരിയായിരിക്കുമെന്നു കോടതി വിലയിരുത്തി. എന്നാൽ ഇവർക്ക് 1925 ലെ ഇന്ത്യൻ പിന്തുടർച്ചാവകാശ നിയമവും 1956 ലെ ഹിന്ദു പിന്തുടർച്ചാവകാശ നിയമവുമനുസരിച്ചു പിതൃസ്വത്തിൽ അവകാശമുണ്ട്.
കാനോന്‍ നിയമപ്രകാരം വൈദികനോ സന്ന്യാസിയോ ആകുന്നതോടെ വീട്ടുകാരുമായുള്ള ബന്ധം വിച്ഛേദിക്കുമെന്നത് ശരിയാകാം. അതുകൊണ്ട് സിവില്‍ നിയമപ്രകാരമുള്ള അവകാശം ഇല്ലാതാകുന്നില്ല.ക്രിസ്ത്യന്‍ വൈദികന്റെ സ്വത്തവകാശം 1925-ലെ ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശനിയമപ്രകാരമാണ് നിശ്ചയിക്കേണ്ടത്. ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ക്ക് ഇന്ത്യന്‍ പിന്തുടര്ച്ചാവകാശ നിയമമാണ് ബാധകമെന്ന് മേരി റോയ് കേസില്‍ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
നിയമം വൈദികരെ വേര്‍തിരിച്ചുകാണുന്നില്ല. ഒസ്യത്തുള്ളതോ എഴുതിവെയ്ക്കാത്തതോ ആകട്ടെ കുടുംബസ്വത്തില്‍ വൈദികനും കന്യാസ്ത്രീക്കും അവകാശമുണ്ടെന്ന് കര്‍ണാടക, മദ്രാസ് ഹൈക്കോടതികളുടെ വിധികളുമുണ്ട്. ശമ്പളംപറ്റി ജോലിചെയ്യാനവകാശമുള്ള വൈദികനും കന്യാസ്ത്രീക്കും പിന്തുടര്ച്ചാവകാശത്തിന്റെ കാര്യത്തില്‍മാത്രം സ്വത്ത് സ്വീകരിക്കാന്‍ അധികാരമില്ലാതാകുന്നത് എങ്ങനെയെന്ന് മനസ്സിലാകുന്നില്ല. കുടുംബത്തില്‍നിന്നു കിട്ടുന്ന സ്വത്ത് സ്വമേധയാ നിയമപ്രകാരം മഠത്തിനോ ആശ്രമത്തിനോ എഴുതിവെയ്ക്കണോ എന്നത് വ്യക്തിപരമായ തീരുമാനമാണ്. ഉത്തരവില്‍ പറയുന്നു.
വൈദികന്റെ മൂത്തസഹോദരന്റെ മൂന്നു മക്കളാണ് വൈദികന്റെ സ്വത്തവകാശത്തെ ചോദ്യംചെയ്ത് അനുകൂലവിധി നേടിയത്. ഇതിനെ ചോദ്യംചെയ്ത് വൈദികനും സഹോദരന്റെ മറ്റു മൂന്നു മക്കളും ചേര്‍ന്നു നല്കിയ അപ്പീലിലാണ് ഹൈക്കോടതി വിധി. ഭൂമിയില്‍ ഒരുഭാഗം 1995-ല്‍ വൈദികന് വില്‍പ്പന നടത്തിയിരുന്നു. വില്‍പ്പന റദ്ദാക്കണമെന്നും ആ ഭൂമികൂടി ഉള്‍പ്പെടുത്തി മറ്റുള്ളവര്‍ക്കായി സ്വത്ത് ഭാഗിക്കണമെന്നുമായിരിന്നു വാദിഭാഗത്തിന്റെ ആവശ്യം.