Meditation.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വത്തില്‍ വിശ്വസിക്കുക

സ്വന്തം ലേഖകന്‍ 12-06-2022 - Sunday

"സ്‌നാനം കഴിഞ്ഞയുടന്‍ യേശു വെള്ളത്തില്‍ നിന്നു കയറി. അപ്പോള്‍ സ്വര്‍ഗം തുറക്കപ്പെട്ടു. ദൈവാത്മാവ് പ്രാവിന്റെ രൂപത്തില്‍ തന്റെ മേല്‍ ഇറങ്ങിവരുന്നത് അവന്‍ കണ്ടു. ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്ന് ഒരു സ്വരം സ്വര്‍ഗത്തില്‍നിന്നു കേട്ടു" (മത്തായി 3:16-17).

യേശു ഏകരക്ഷകൻ: മെയ് 27
പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ ആണു ക്രിസ്ത്യാനികള്‍ മാമ്മോദീസ സ്വീകരിക്കുന്നത്. മാമ്മോദീസയ്ക്കു മുന്‍പ്, "പിതാവിലും പുത്രനിലും പരിശുദ്ധാത്മാവിലും വിശ്വസിക്കുന്നുവോ?" എന്ന മൂന്നു ഭാഗങ്ങളുള്ള ഒരു ചോദ്യത്തിന്, 'ഞാന്‍ വിശ്വസിക്കുന്നു' എന്നു പറഞ്ഞ് അവര്‍ ഉത്തരം നല്‍കുന്നു. സര്‍വക്രിസ്ത്യാനികളുടെയും വിശ്വാസം പരിശുദ്ധ ത്രിത്വത്തില്‍ അധിഷ്ഠിതമാണ്.

പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവം മൂന്നു വ്യക്തികളായി മനുഷ്യന് ഒരേ അവസരത്തിൽ അനുഭവവേദ്യമാകുന്ന സന്ദർഭങ്ങൾ സുവിശേഷത്തില്‍ നമുക്കു കാണുവാന്‍ സാധിക്കും. ജോര്‍ദ്ദാന്‍ നദിയില്‍ നിന്നും യേശു മാമ്മോദീസ സ്വീകരിച്ചപ്പോഴും, അവിടുന്ന് മലയില്‍ വച്ച് രൂപാന്തരപ്പെട്ടപ്പോഴും ഈ മൂന്നു വ്യക്തികളുടെയും സാന്നിധ്യം നാം കാണുന്നു.

ഈ രണ്ടു സന്ദര്‍ഭങ്ങളിലും "ഇവന്‍ എന്‍റെ പ്രിയപുത്രന്‍" എന്നു പറഞ്ഞുകൊണ്ട് പിതാവായ ദൈവം തന്‍റെ സാന്നിധ്യം വെളിപ്പെടുത്തുന്നു. പുത്രനായ ദൈവത്തെ- യേശുക്രിസ്തുവിനെ ലോകം മാനുഷിക നയനങ്ങള്‍ കൊണ്ടു കാണുന്നു. യേശു മാമ്മോദീസ സ്വീകരിച്ചപ്പോള്‍ പരിശുദ്ധാത്മാവായ ദൈവം പ്രാവിന്‍റെ രൂപത്തില്‍ എഴുന്നള്ളി വരുന്നു. യേശുവിന്‍റെ രൂപാന്തരീകരണ സമയത്ത് പ്രത്യക്ഷപ്പെട്ട 'മേഘം' പരിശുദ്ധാത്മാവിന്‍റെ സാന്നിധ്യമാണെന്ന് സഭ പഠിപ്പിക്കുന്നു. ഇപ്രകാരം യേശുവിന്‍റെ ഭൗമിക ജീവിതകാലത്ത് 'പരിശുദ്ധ ത്രിത്വം' എന്ന രഹസ്യം ലോകത്തില്‍ കൂടുതല്‍ വ്യക്തമായി വെളിപ്പെടുത്തപ്പെട്ടു.

'പരിശുദ്ധ ത്രിത്വം' ഒരു വിശ്വാസ രഹസ്യമാണ്. അതായത്, ദൈവം വെളിപ്പെടുത്തുന്നില്ലെങ്കില്‍ മനുഷ്യര്‍ക്ക് അറിയാന്‍ കഴിയാത്ത, ദൈവത്തില്‍ നിഗൂഢമായിരിക്കുന്ന രഹസ്യങ്ങളില്‍ ഒന്നാണത്. സ്വന്തം സൃഷ്ടികര്‍മ്മത്തില്‍കൂടിയും പഴയനിയമകാലത്തെ വെളിപാടുകളില്‍ക്കൂടിയും ദൈവം തന്‍റെ ത്രിത്വാത്മക അസ്തിത്വത്തിന്‍റെ ചില അടയാളങ്ങള്‍ മനുഷ്യര്‍ക്ക് നല്‍കിയിട്ടുണ്ടെന്നതു തീര്‍ച്ച. എന്നാല്‍ പരിശുദ്ധ ത്രിത്വമെന്ന നിലയിലുള്ള അവിടുത്തെ ആന്തരികാസ്ഥിത്വം ദൈവപുത്രന്‍റെ മനുഷ്യാവതാരത്തിലൂടെയും പരിശുദ്ധാത്മാവിന്‍റെ ആഗമനത്തിലൂടെയുമാണ് കൂടുതൽ വ്യക്തമാക്കപ്പെട്ടത്.

നമ്മള്‍ വിശ്വസിക്കുന്നതു മൂന്നു ദൈവങ്ങളിലല്ല. മൂന്നു വ്യക്തികളായ ഏകദൈവത്തിന്‍റെ ഏകസത്തയോടു കൂടിയ ത്രിത്വത്തിലാണ്. മൂന്നു ദൈവിക വ്യക്തികളും കൂടി ഒരു ദൈവിക സത്തയെ വിഭജിച്ചെടുക്കുകയല്ല ചെയ്യുന്നത്. പ്രത്യുത ത്രിത്വത്തിലെ ഓരോ വ്യക്തിയും പൂര്‍ണ്ണമായും മുഴുവനായും ദൈവമാണ്.

"പുത്രന്‍ എന്തായിരിക്കുന്നുവോ അതുതന്നെയാണ് പിതാവ്.
പിതാവ് എന്തായിരിക്കുന്നുവോ അതുതന്നെയാണ് പുത്രന്‍.
പരിശുദ്ധാത്മാവ് എന്തായിരിക്കുന്നുവോ അതുതന്നെയാണ് പിതാവും പുത്രനും.

അതായത് സ്വഭാവത്തില്‍‍ ഒരു ദൈവമാണ്. ഈ മൂന്നു വ്യക്തികളില്‍ ഓരോരുത്തരും ദൈവികസത്ത, ദൈവിക സാരാംശം അഥവാ ദൈവിക പ്രകൃതി തന്നെയാണ്.

ദൈവികവ്യക്തികള്‍ അന്യോന്യ വ്യതിരിക്തരാണ്.
പുത്രന്‍ ആയിരിക്കുന്നവന്‍ പിതാവല്ല,
പിതാവായിരിക്കുന്നവന്‍ പുത്രനല്ല;
പിതാവോ പുത്രനോ ആയിരിക്കുന്നവന്‍ പരിശുദ്ധാത്മാവ് അല്ല.

അവര്‍ ഉത്ഭവത്തിലെ ബന്ധനത്തില്‍ പരസ്പരം വ്യതിരിക്തരാണ്:
ജനിപ്പിക്കുന്നതു പിതാവാണ്;
ജനിക്കുന്നത് പുത്രനാണ്;
പുറപ്പെടുന്നതു പരിശുദ്ധാത്മാവുമാണ്. ദൈവിക ഏകത്വം ത്രിയേകമാണ്". (CCC 253- 254)

വിചിന്തനം
ലോകം മുഴുവനിലേക്കും വര്‍ഷിക്കപ്പെടുന്ന എല്ലാ നന്മകളുടെയും കാരണവും ഉറവിടവും പരിശുദ്ധ ത്രിത്വമാണ്. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഈ ഏകദൈവമാണ് പ്രപഞ്ചത്തിന്‍റെ മുഴുവന്‍ സൃഷ്ടാവും പരിപാലകനും. ഈ ഏക ദൈവത്തില്‍ വിശ്വസിക്കുന്നവന്‍ സത്യദൈവത്തില്‍ വിശ്വസിക്കുന്നു. അവന്‍ സത്യം തിരിച്ചറിയുകയും കണ്ടെത്തുകയും സത്യത്തില്‍ ചരിക്കുകയും ചെയ്യുന്നു.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3)

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »