News - 2025

അബുദാബിയിലെ മസ്ജിദിന് 'മേരി, മദര്‍ ഓഫ് ജീസസ്' എന്നു പുനര്‍നാമകരണം

സ്വന്തം ലേഖകന്‍ 15-06-2017 - Thursday

അബുദാബി: അബുദാബി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് മോസ്‌കിന് നല്‍കിയ പുതിയ പേര് ശ്രദ്ധേയമാകുന്നു. 'മേരി, മദര്‍ ഓഫ് ജീസസ്' എന്ന നാമമാണ് മോസ്ക്കിന് നല്‍കിയിരിക്കുന്നത്. അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേനാ ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഇത് സംബന്ധിച്ചു ഉത്തരവ് പുറപ്പെടുവിച്ചത്. വ്

വ്യത്യസ്ത മതങ്ങളുമായുള്ള സാമൂഹികബന്ധം പ്രോത്സാഹിപ്പിക്കാനും മതങ്ങള്‍ക്കിടയിലെ പൊതുവായ കാര്യങ്ങളെ ശക്തിപ്പെടുത്താനുമാണ് പുതിയ നാമകരണം. അബുദാബി എയര്‍പോര്‍ട്ട് റോഡിലാണ് മോസ്ക്ക് സ്ഥിതി ചെയ്യുന്നത്.

യു.എ.ഇ.യുടെ സഹിഷ്ണുതയും സഹവര്‍ത്തിത്വവും പ്രതിഫലിപ്പിക്കുന്ന നടപടിക്ക് നിര്‍ദേശം നല്‍കിയ ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെ നടപടിയില്‍ യു.എ.ഇ. സഹിഷ്ണുതാകാര്യ സഹമന്ത്രി ശൈഖ് ലുബ്‌ന ബിന്‍ത് ഖാലിദ് അല്‍ ഖാസിമിയും ഔഖാഫ് ചെയര്‍മാന്‍ മുഹമ്മദ് മതാര്‍ അല്‍ കഅബിയും ഇതിനോടകം നന്ദി പ്രകടിപ്പിച്ചിട്ടുണ്ട്.

200 രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാര്‍ക്ക് സുരക്ഷിതത്വവും സമാധാനവും സഹവര്‍ത്തിത്വവും നല്‍കുന്ന രാഷ്ട്രമാണ് യു.എ.ഇയെന്നും നീതി നടപ്പാക്കുന്നതിനും മറ്റുള്ളവരെ സഹായിക്കുന്നതിനും ബഹുമാനിക്കുന്നതിനും പ്രശംസനീയമായ ഈ നടപടി സഹായിക്കുമെന്നും അല്‍ കഅബി പറഞ്ഞു.

കഴിഞ്ഞ സെപ്തംബറില്‍ അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍ വത്തിക്കാനില്‍ എത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരിന്നു.

യുഎഇയിലെ മന്ത്രിമാരും നയതന്ത്രപ്രമുഖരും അടങ്ങുന്ന വലിയ സംഘത്തോടൊപ്പമാണ് രാജകുമാരന്‍ വത്തിക്കാനില്‍ എത്തി ഫ്രാന്‍സിസ് മാര്‍പാപ്പയെ കണ്ടത്. സമാധാനത്തിനു വേണ്ടിയും ആരാധന സ്വാതന്ത്ര്യത്തിനു വേണ്ടിയും യോജിച്ച പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാനുള്ള ചര്‍ച്ചകളാണ് അന്ന്‍ പ്രധാനമായും നടന്നത്.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള ഇടവക സ്ഥിതി ചെയ്യുന്നത് ദുബായിലാണ്. ആഴ്ചതോറും എണ്‍പതിനായിരത്തോളം വിശ്വാസികളാണ് ഇവിടെ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നത്. വിശേഷ ദിവസങ്ങളില്‍ ഇത് ഒരു ലക്ഷത്തിനും രണ്ട് ലക്ഷത്തിനും ഇടയില്‍ വരും. പതിമൂന്നില്‍ പരം ഭാഷകളിലാണ് ഇവിടെ വിശുദ്ധ ബലിയര്‍പ്പണം നടക്കുന്നത്.


Related Articles »