Meditation. - June 2024
യോഗ്യതയില്ലാത്ത വൈദികൻ കൂദാശകൾ പരികര്‍മ്മം ചെയ്‌താൽ..?
സ്വന്തം ലേഖകന്‍ 08-06-2023 - Thursday
"അവന്റെ പൂർണ്ണതയിൽനിന്നു നാമെല്ലാം കൃപയ്ക്കുമേൽ കൃപ സ്വീകരിച്ചിരിക്കുന്നു" (യോഹ 1:16)
യേശു ഏകരക്ഷകൻ: ജൂൺ 8
നമുക്കുവേണ്ടി മരിച്ച് ഉത്ഥാനം ചെയ്ത ഏകരക്ഷകനായ യേശുവിന്റെ കൃപാവരങ്ങൾ കൂദാശകളിലൂടെ പ്രത്യേകമാം വിധം എല്ലാ മനുഷ്യരിലേക്കും വർഷിക്കപ്പെടുന്നു. എന്നാൽ, ഇന്ന് ഒരുവിഭാഗം വിശ്വാസികൾ കൗദാശിക ജീവിതത്തിൽ നിന്നും അകന്നു കഴിയുന്നതിനു അവർ പറയുന്ന കാരണം ഈ കൂദാശകൾ പരികര്‍മ്മം ചെയ്യുന്ന വൈദികരുടെ പാപവും യോഗ്യതയില്ലായ്‌മയുമാണ്. "കൂദാശകൾ പരികര്‍മ്മം ചെയ്യുന്നത് യോഗ്യതയില്ലാത്ത ആളാണെങ്കില്‍ അതിന് എങ്ങനെ ഫലമുണ്ടാകും?" ചില വിശ്വാസികൾ ചോദിക്കുന്ന ഒരു ചോദ്യമാണിത്.
കൂദാശകൾ ഫലപ്രദമാകുന്നത് വൈദികരുടെ യോഗ്യതയാലല്ല; ക്രിസ്തുവിന്റെ യോഗ്യതയാലാണ്. അതിനാൽ പരികര്‍മ്മം ചെയ്യുന്നത് യോഗ്യതയില്ലാത്ത ആളാണെങ്കിലും കൂദാശകൾ ഫലപ്രദമായിരിക്കും. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, പരികര്‍മ്മിയുടെ ധാര്‍മ്മിക സ്വഭാവത്തെയോ ആധ്യാത്മിക വീക്ഷണത്തെയോ ആശ്രയിക്കാതെ തന്നെ ക്രിസ്തുവിന്റെ യോഗ്യതയാൽ കൗദാശിക പ്രവൃത്തിയുടെ അടിസ്ഥാനത്തില്‍ കൂദാശകള്‍ ഫലപ്രദണ്. തീര്‍ച്ചയായും കൂദാശകളുടെ പരികര്‍മ്മികള്‍ മാതൃകാപരമായി ജീവിക്കുവാന്‍ എല്ലാവിധത്തിലും കടപ്പെട്ടിരിക്കുന്നു. എന്നാല്‍, കൂദാശകള്‍ അവരുടെ വിശുദ്ധി മൂലമല്ല ഫലമുളവാക്കുന്നത് എന്ന സത്യം നാം തിരിച്ചറിഞ്ഞില്ലങ്കിൽ വൈദികരുടെ വീഴ്ച്ചകൾ നമ്മെ കൗദാശിക ജീവിതത്തിൽ നിന്നും അകറ്റുകയും അത് നമ്മുടെ ആത്മീയവളർച്ചക്ക് തടസ്സമാവുകയും ചെയ്യും.
സഭയിൽ കൂദാശകള്‍ ആഘോഷിക്കപ്പെടുമ്പോള്‍, ഓരോ കൂദാശയും സൂചിപ്പിക്കുന്ന കൃപാവരം നല്‍കുന്നതിനുവേണ്ടി ക്രിസ്തു തന്നെ അവയിൽ പ്രവര്‍ത്തിക്കുന്നു. പിതാവ് തന്റെ സ്വപുത്രന്‍റെ സഭയുടെ പ്രാര്‍ത്ഥന സദാ ശ്രവിക്കുന്നു. സഭയാകട്ടെ, ഓരോ കൂദാശയുടെയും റൂഹാക്ഷണ പ്രാര്‍ത്ഥനയില്‍ പരിശുദ്ധാത്മാവിന്‍റെ ശക്തിയിലുള്ള വിശ്വാസം പ്രകടിപ്പിക്കുന്നു. അഗ്നി അത് തൊടുന്നതിനെയെല്ലാം തന്നിലേക്കു രൂപാന്തരപ്പെടുത്തുന്നതുപോലെ പരിശുദ്ധാത്മാവ് അവിടുത്തെ ശക്തിക്കു വിധേയമാക്കപ്പെടുന്ന എന്തിനെയും ദൈവികജീവനായി രൂപാന്തരപ്പെടുത്തുന്നു.
"ഒരു കൂദാശ സഭയുടെ നിയോഗമനുസരിച്ചു ആഘോഷിക്കപ്പെടുന്ന നിമിഷം മുതല്‍ ക്രിസ്തുവിന്‍റെയും അവിടുത്തെ ആത്മാവിന്‍റെയും ശക്തി അതിലും അതിലൂടെയും കാര്‍മികന്‍റെ വ്യക്തിപരമായ വിശുദ്ധിയെ ആശ്രയിക്കാതെ തന്നെ, പ്രവര്‍ത്തിക്കുന്നു. എന്നാലും കൂദാശകളുടെ ഫലങ്ങള്‍ അവ സ്വീകരിക്കുന്ന വ്യക്തിയുടെ മനോഭാവത്തെക്കൂടി ആശ്രയിച്ചിരിക്കുന്നു" (CCC 1128)
വിചിന്തനം
കൂദാശകള്‍ കൃപാവരത്തിന്‍റെ ഫലദായകങ്ങളായ അടയാളങ്ങളാണ്. ക്രിസ്തു സ്ഥാപിച്ചവയും സഭയെ ഏല്പ്പിച്ചവയുമായ കൂദാശകള്‍ വഴി ദൈവികജീവന്‍ നമുക്കു നല്‍കപ്പെടുന്നു. ആവശ്യമായ മനോഭാവങ്ങളോടെ അവയെ സ്വീകരിക്കുന്നവരില്‍ അവ ഫലം പുറപ്പെടുവിക്കുന്നു. അതിനാൽ ഓരോ കൂദാശകളും സ്വീകരിക്കുമ്പോഴുള്ള നമ്മുടെ മനോഭാവം എന്താണ്? നാം വൈദികരുടെ കുറവുകളിലേക്കാണോ നോക്കുന്നത്? അതോ നമ്മുടെ കർത്താവും ലോകരക്ഷകനും ഏകരക്ഷകനുമായ യേശുവിന്റെ അനന്തമായ യോഗ്യതകളിലേക്കാണോ?
ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3)
നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.
സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട് സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.
അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.
എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.
കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.
ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.
പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.
സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.
അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.