News
വിശ്വാസ തീക്ഷ്ണതയാല്‍ ജീവിതം ധന്യമാക്കിയ 7 പേരുടെ നാമകരണ നടപടികള്‍ക്ക് അംഗീകാരം
സ്വന്തം ലേഖകന്‍ 19-06-2017 - Monday
വത്തിക്കാന്‍ സിറ്റി: ഫാസിസത്തിനെതിരെ ശക്തമായി നിലകൊള്ളുകയും ജയില്‍ ക്യാമ്പില്‍ ക്രൂരമര്‍ദ്ദനങ്ങളേറ്റു വാങ്ങി മരണം വരിക്കുകയും ചെയ്ത ധന്യന്‍ തെരോസിയോ ഒലിവെല്ലിയുള്‍പ്പെടെയുള്ള ഏഴ് പേരുടെ നാമകരണ നടപടികള്‍ക്കു മാര്‍പാപ്പ അംഗീകാരം നല്‍കി. നാമകരണ നടപടികള്‍ക്കുള്ള തിരുസംഘത്തിന്റെ തലവന്‍ കര്‍ദിനാള്‍ ആഞ്ചലോ അമാട്ടോയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് മാര്‍പാപ്പ നാമകരണത്തിന് അംഗീകാരം നല്‍കിയത്.
ശക്തമായ വിശ്വാസത്താല്‍ ഫാസിസ്റ്റ് നടപടികള്‍ക്ക് എതിരെ ശബ്ദമുയര്‍ത്തിയ തെരോസിയോ ഒലിവെല്ലിയുടെ രക്തസാക്ഷിത്വവും ശേഷിക്കുന്ന ആറുപേരുടെ വീരോചിത പുണ്യങ്ങളുമാണ് അംഗീകരിക്കപ്പെട്ടത്.
1916-ല്‍ ആണ് തെരോസിയോ ഒലിവെല്ലി ജനിച്ചത്. നിയമത്തില്‍ ബിരുദം നേടിയ ഒലിവെല്ലി, രണ്ടാം ലോക മഹായുദ്ധകാലത്തും സ്പാനിഷ് ആഭ്യന്തര യുദ്ധം നടക്കുന്ന സമയത്തും സൈന്യത്തില്‍ സേവനം ചെയ്തിരുന്നു. യുദ്ധത്തിനിടെ ബെനിറ്റോ മുസോളിനിയുടെ ഫാസിസ്റ്റ് നയങ്ങളില്‍ അദ്ദേഹം ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. ഇതിനിടെ കത്തോലിക്കാ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി ഒരു പത്രം തന്നെ അദ്ദേഹം ആരംഭിച്ചു.
തീവ്രഫാസിസ നിയമപ്രകാരം യഹൂദരെ നാടുകടത്തലിന് വിധേയമാക്കിയ സമയത്ത് അദ്ദേഹം മാധ്യമപ്രവര്‍ത്തം പൂര്‍ണ്ണമായും ഉപേക്ഷിച്ച് മിലാനിലെ ഇറ്റാലിയന്‍ റെസിസ്റ്റന്റ് സംഘത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തനമാരംഭിച്ചു. ഇതിനെ തുടര്‍ന്നു അതിക്രൂരപീഡനങ്ങളാണ് ഒലിവെല്ലിയ്ക്ക് നേരിടേണ്ടി വന്നത്. മരണത്തെ മുഖാമുഖം കണ്ട അനവധി അവസരങ്ങള്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഉണ്ടായി.
1945-ല്‍ ജര്‍മ്മനിയിലെ ഒരു ക്യാമ്പില്‍ കഴിയവേ ഉക്രേനിയന്‍ അഭയാര്‍ത്ഥിയ്ക്ക് നേരെയുണ്ടായ ആക്രമണത്തെ തടഞ്ഞ സമയത്ത് ഉദരത്തിനേറ്റ പ്രഹരംമൂലമാണ് ഒലിവെല്ലി മരണപ്പെട്ടത്. 1988-ല്‍ ആണ് ഇദ്ദേഹത്തിന്റെ നാമകരണ നപടികള്‍ ഔദ്യോഗികമായി ആരംഭിച്ചത്.
തെരോസിയോ ഒലിവെല്ലിയെ കൂടാതെ പോര്‍ച്ചുഗല്‍ സ്വദേശിയായ ബിഷപ്പ് അന്തോണിയൊ ജൊസേജ് സൂസ ബറോസൊ, യേശുവിന്‍റെ തിരുഹൃദയത്തിന്‍റെ സഹോദരികള്‍ എന്ന സന്ന്യാസിനി സമൂഹത്തിന്‍റെ സ്ഥാപകനും മെത്രാനുമായ ഹെസു ലോപെസ് യി ഗൊണ്‍സാലെസ്, ഇറ്റലിയില്‍ ഫ്രാന്‍സിസ്ക്കന്‍ സമൂഹാംഗമായിരുന്ന ബിഷപ്പ് അഗോസ്തീനൊ എര്‍ണേസ്തൊ കസ്ത്രീല്ലൊ, ഇറ്റലി സ്വദേശി തന്നെയായ കപ്പൂച്ചിന്‍ വൈദികന്‍ ജാക്കൊമൊ ദ ബല്‍ദുവീന, ടൂറിനിലെ വിശുദ്ധ ത്രേസ്യയുടെ കര്‍മ്മലീത്താസഹോദരികള്‍ എന്ന സന്ന്യാസിനിസമൂഹത്തിന്‍റെ സ്ഥാപകയായ ഇറ്റലി സ്വദേശിനി മരിയ ദേലി ആഞ്ചലി, മെക്സിക്കന്‍ സന്യാസിനി ഹുമില്‍ദാ പത്ലാന്‍ സാഞ്ചസ് എന്നിവരുടെ നാമകരണത്തിനാണ് മാര്‍പാപ്പ അംഗീകാരം നല്‍കിയത്.
![](/images/close.png)