News - 2025
പെന്തക്കോസ്ത് വിശ്വാസിയായ ഫിലോമിനയ്ക്കു ഫാ. ക്രിസ്പിന്റെ വൃക്കയില്‍ പുതിയ ജീവിതം
സ്വന്തം ലേഖകന്‍ 21-06-2017 - Wednesday
കൊച്ചി: സാഹോദര്യത്തിന്റെയും കാരുണ്യത്തിന്റെയും പുതിയ അധ്യായം കുറിച്ച് കൊണ്ട് കപ്പൂച്ചിൻ സന്യാസസമൂഹത്തിന്റെ കളമശേരി സെന്റ് ഫ്രാൻസിസ് പ്രോവിൻസ് അംഗമായ ഫാ. ക്രിസ്പിൻ, ഫിലോമിന എന്ന വീട്ടമ്മയ്ക്ക് വൃക്ക ദാനം ചെയ്തു. ഇന്നലെ കൊച്ചി കലൂരിലെ പിവിഎസ് ആശുപത്രിയില്‍ സര്‍ജറി വിജയകരമായി പൂര്‍ത്തിയായതോടെ രണ്ടു വർഷത്തോളമായി വൃക്കരോഗത്തിനു ചികിത്സയിലായിരുന്നു ഫിലോമിന വർഗീസ് പുതുജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്. പെന്തക്കോസ്ത് വിശ്വാസികളാണ് ഫിലോമിനയും കുടുംബവും.
ഇരുവൃക്കകളും തകരാറിലായ പുളിങ്കുന്ന് കൊച്ചുവീട്ടില്‍ വര്‍ഗീസ് ദേവസ്യയുടെ ഭാര്യ ഫിലോമിനാ വര്‍ഗ്ഗീസും കുടുംബവും ദാതാവിനെ തേടി മാസങ്ങളോളമാണ് അലഞ്ഞത്. മകൻ ക്രിസ്റ്റിൻ സന്നദ്ധനായെങ്കിലും അമ്മയുടെ വൃക്കയുമായി ചേരാത്തതിനാൽ അതു നടന്നില്ല. ഹിമാചൽ പ്രദേശിൽ സഭയുടെ സ്കൂളിൽ സേവനം ചെയ്തുവന്ന ഫാ. ക്രിസ്പിന് അവധിക്കു നാട്ടില്‍ വന്നപ്പോളാണ് ഫിലോമിനയുടെ അവസ്ഥ വിവരിക്കുന്ന വാര്‍ത്ത നവമാധ്യമങ്ങളില്‍ കണ്ടത്. തുടര്‍ന്നു കാരുണ്യത്തിന്റെ പുതിയ അധ്യായം കുറിക്കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരിന്നു.
അധികം വൈകാതെ തന്നെ വൈദികന് ഫിലോമിനയുടെ മകന് ക്രിസ്റ്റിയെ ഫോണില്‍ ബന്ധപ്പെട്ടു. വൃക്കദാനം ചെയ്യാന്‍ താന്‍ തയാറാണെന്നു ക്രിസ്റ്റിയെ അറിയിച്ച അദ്ദേഹം പുറംലോകത്തെ അറിയിക്കാതെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി ഹിമാചലിലേക്ക് മടങ്ങാനായിരുന്നു തീരുമാനിച്ചിരിന്നത്. എന്നാല്‍ ഇക്കാര്യം പിന്നീട് അറിഞ്ഞ സഹപ്രവര്‍ത്തകര്‍ കാരുണ്യത്തിന്റെ വാര്‍ത്ത പുറംലോകത്തെ അറിയിക്കുകയായിരിന്നു.
വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായിരിന്നുവെന്നും പുതിയ വൃക്കയോടു ഫിലോമിനയുടെ ശരീരം പ്രതികരിക്കുന്നുണ്ടെന്നും പിവിഎസ് ആശുപത്രി അറിയിച്ചു. നെഫ്രോളജിസ്റ്റ് ഡോ. ജോർജി കെ. നൈനാൻ, യൂറോളജിസ്റ്റ് ഡോ. ജോർജ്. പി. ഏബ്രഹാം, ഡോ. വിനോദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
![](/images/close.png)