News - 2024

ലെബനോനെയും മധ്യപൂര്‍വ്വേഷ്യയെയും മാതാവിന്റെ വിമല ഹൃദയത്തിനു സമര്‍പ്പിക്കുന്നു

സ്വന്തം ലേഖകന്‍ 24-06-2017 - Saturday

ബെയ്റൂട്ട്: ലെബനനേയും, മധ്യപൂര്‍വ്വേഷ്യയേയും പരിശുദ്ധ കന്യകാ മാതാവിന്റെ അമലോല്‍ഭവ ഹൃദയത്തിനു സമര്‍പ്പിക്കും. മാരോനൈറ്റ് സഭയുടെ തലവനായ കര്‍ദ്ദിനാള്‍ ബെച്ചാര ബൌട്രോസ് റായിയുടെ നേതൃത്വത്തിലാണ് സമര്‍പ്പണം. ലോക പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ പോര്‍ച്ചുഗലിലെ ഫാത്തിമായില്‍ വെച്ചു നാളെയാണ് സമര്‍പ്പണം നടത്തുക. പരിശുദ്ധ കന്യകാമാതാവിന്റെ ദേവാലയത്തില്‍ വെച്ച് പാത്രിയാര്‍ക്കീസിന്റെ നേതൃത്വത്തില്‍ ഇന്ന് അനുബന്ധ പ്രാര്‍ത്ഥനകളും ദിവ്യകാരുണ്യാരാധനയും നടക്കും.

ഇതിനുമുന്‍പും പാത്രിയാര്‍ക്കീസ് റായി, ലെബനോനിനേയും, മധ്യപൂര്‍വ്വേഷ്യയേയും മാതാവിന്റെ അമലോല്‍ഭവ ഹൃദയത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്. ലെബനോനിലെ ഹരീസ്സായിലെ മരിയന്‍ ദേവാലയത്തില്‍ വെച്ചായിരുന്നു സമര്‍പ്പണം നടന്നത്. അന്ന്‍ സമര്‍പ്പണത്തിനിടക്ക് മധ്യപൂര്‍വ്വേഷ്യയിലെ യുദ്ധക്കെടുതികളില്‍ നിന്നും, ആക്രമണങ്ങളില്‍ നിന്നും മേഖലയിലെ മുഴുവന്‍ ജനങ്ങളേയും രക്ഷിക്കുവാനായുള്ള പ്രത്യേക പ്രാര്‍ത്ഥന നടത്തിയിരിന്നു.

ഫാത്തിമാ ശതാബ്ദിയോടനുബന്ധിച്ച് കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ വെസ്റ്റ്മിനിസ്റ്ററിലെ മെത്രാപ്പോലീത്തയായ കര്‍ദ്ദിനാള്‍ വിന്‍സെന്റ്‌ നിക്കോള്‍സ് ഇംഗ്ളണ്ടിനേയും, വെയില്‍സിനേയും മാതാവിന്റെ നിര്‍മ്മല ഹൃദയത്തിനായി സമര്‍പ്പിച്ചിരിന്നു. അതേ സമയം പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയത്തിനു സമര്‍പ്പിക്കുവാന്‍ കാനഡയും തയാറെടുക്കുന്നുണ്ട്. വരുന്ന ജൂലൈ 1-ന് രാജ്യത്തെ എല്ലാ മെത്രാന്‍മാരും ദൈവമാതാവിന്റെ വിമല ഹൃദയത്തിലേക്ക് തങ്ങളുടെ രൂപതയെ സമര്‍പ്പിക്കുവാനാണ് കനേഡിയന്‍ കത്തോലിക്കാ ബിഷപ്സ് കോണ്‍ഫറന്‍സ് തീരുമാനിച്ചിരിക്കുന്നത്.


Related Articles »