News
ഫാ. മാര്‍ട്ടിന്‍ വാഴച്ചിറയുടെ മരണത്തില്‍ ദുരൂഹത തുടരുന്നു
സ്വന്തം ലേഖകന്‍ 24-06-2017 - Saturday
ലണ്ടന്‍: സ്‌കോട്ട്‌ലന്‍ഡില്‍ മരിച്ച മലയാളി വൈദികന്‍ ഫാ. മാര്‍ട്ടിന്‍ സേവ്യര്‍ വാഴച്ചിറയുടെ മരണത്തില്‍ ദുരൂഹത തുടരുന്നു. ഫാ. മാര്‍ട്ടിന്‍ സേവനം ചെയ്തു കൊണ്ടിരിന്ന ക്രിസ്റ്റോർഫിൻ സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് റോമൻ കത്തോലിക്ക പള്ളിയില്‍ നിന്ന് ഏതാണ്ട് മുപ്പതു മൈല്‍ അകലെ എഡിന്‍ബര്‍ഗിലെ ഡന്‍ബാര്‍ കടല്‍ത്തീരത്തു നിന്നുമാണ് മൃതദേഹം ലഭിച്ചെതെന്ന്‍ ഇന്ത്യന്‍ കോണ്‍സല്‍ നല്‍കുന്ന വിവരം. ഇത്രയും ദൂരത്ത് ഫാ. മാര്‍ട്ടിന്‍ എത്തിയതിന് പിന്നില്‍ ദുരൂഹത വര്‍ദ്ധിപ്പിക്കുകയാണ്.
ഫാ.മാർട്ടിൻ വാഴച്ചിറയെ ചൊവ്വാഴ്ച മുതൽ കാണാനില്ലായിരിന്നുവെന്നാണ് സ്കോട്‌ലൻഡിൽ നിന്നുള്ള വിവരം. അതേ സമയം ബുധനാഴ്ച രാവിലെ ഫാ.മാർട്ടിന്റെ സഹോദരൻ ആന്റണി സേവ്യറിനു വൈദികന്‍റെ ഫോണിൽ നിന്ന കോൾ വന്നിരിന്നു. ഈ കോള്‍ എടുക്കാന്‍ തങ്കച്ചന് സാധിച്ചിരിന്നില്ല. ഇത് ആര് വിളിച്ചതായിരിക്കും എന്ന ചോദ്യമാണ് പുതുതായി ഉയരുന്നത്. ബുധൻ രാവിലെ കുർബാനയ്ക്കെത്തിയവർ ഫാ. മാർട്ടിന്റെ മുറിയിൽ അന്വേഷിച്ചപ്പോഴാണ് അദ്ദേഹത്തെ കാണാനില്ലെന്ന് അറിഞ്ഞത്.
എന്നാൽ ബുധനാഴ്ച രാവിലെ ഉപഭോക്തൃ കോടതി ജീവനക്കാരനായ തങ്കച്ചൻ ഫാ.മാർട്ടിനെ വിളിച്ചിരുന്നു. അന്നേരം ഫോൺ ബെല്ലടിച്ചെങ്കിലും ആരും എടുത്തില്ല. തങ്കച്ചൻ ജോലിക്കു കയറിയശേഷം ഫാ.മാർട്ടിന്റെ ഫോണിൽ നിന്നു തങ്കച്ചന്റെ ഫോണിലേക്കു വിളി വന്നു. അന്നേരം എടുക്കാൻ കഴിയാത്തതിനാൽ അൽപം കഴിഞ്ഞു തങ്കച്ചൻ തിരിച്ചു വിളിച്ചപ്പോൾ ഫോൺ ബെല്ലടിക്കുന്നുണ്ടായിരുന്നു. ആരും എടുത്തില്ല. ചൊവ്വാഴ്ച മുതൽ ഫാ.മാർട്ടിനെ കാണാനില്ലെങ്കിൽ ബുധനാഴ്ച ആരാകും തന്റെ ഫോണിലേക്കു തിരികെ വിളിച്ചതെന്ന സംശയമാണ് തങ്കച്ചന്‍ പങ്കുവെക്കുന്നത്.
വൈദികന്‍റെ മൊബൈല്‍ അപ്രത്യക്ഷമായതിലും ചോദ്യങ്ങള്‍ തുടരുകയാണ്. നേരത്തെ ബുധനാഴ്ച രാവിലെ ദിവ്യബലിക്കെത്തിയ വിശ്വാസികള്‍ വൈദികനെ കാണാത്തതിനെ തുടര്‍ന്നു പള്ളി മുറി പരിശോധിച്ചപ്പോള്‍ മുറി തുറന്ന്‍ കിടക്കുന്നതായാണ് കണ്ടത്. വൈദികന്റെ പേഴ്സും, പാസ്പോര്‍ട്ടും മൊബൈലും മറ്റു വസ്തുക്കളും മുറിയില്‍ ഉണ്ടായിരുന്നു. തുടര്‍ന്നു വിശ്വാസികള്‍ മടങ്ങുകയായിരിന്നു.
ഉച്ചയ്ക്ക് വൈദികനെ അന്വേഷിച്ച് ആളുകള്‍ വീണ്ടും പള്ളിമുറിയില്‍ എത്തിയപ്പോള്‍ മൊബൈല്‍ ഫോണ്‍ അപ്രത്യക്ഷമായിരിന്നുവെന്നാണ് സ്കോട്ട്ലണ്ടില്‍ നിന്ന്‍ ലഭിക്കുന്ന വിവരം. ഇതും കൂടുതല്‍ ദുരൂഹതയിലേക്ക് വഴി തെളിയിക്കുകയാണ്. അതേ സമയം വൈദികന്‍റെ മൃതശരീരം ചൊവ്വാഴ്ച പോസ്റ്റമോര്‍ട്ടം നടത്തുമെന്നു സ്‌കോട്ട്‌ലന്‍ഡിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അഞ്ജു രഞ്ജന്‍ ഇതിനോടകം അറിയിച്ചിട്ടുണ്ട്.
പുളിങ്കുന്ന് കണ്ണാടി വാഴച്ചിറയിൽ തോമസ് സേവ്യറിന്റെയും(മാമ്മച്ചൻ) പരേതയായ മറിയാമ്മയുടെയും ഇളയ മകനാണു മരിച്ച ഫാ. മാർട്ടിൻ വാഴച്ചിറ. പുളിങ്കുന്ന് അമലോത്ഭവ എൽപി സ്കൂളിലും സെന്റ് ജോസഫ്സ് ഹൈസ്കൂളിലുമായി പത്താം ക്ലാസ് വരെ പഠിച്ചശേഷം സെമിനാരിയിൽ ചേർന്ന ഫാ.മാർട്ടിൻ മാന്നാനം കെഇ സ്കൂളിൽ നിന്നു പ്ലസ് ടു പാസായി. തുടർന്ന് ചങ്ങനാശേരി എസ്ബി കോളജിൽ നിന്ന് ഇംഗ്ലിഷ് സാഹിത്യത്തിലും ബെംഗളൂരു ധർമാരം വിദ്യാക്ഷേത്രത്തിൽ നിന്നു ദൈവശാസ്ത്രത്തിൽ ബിരുദം നേടി.
സെമിനാരി പഠന കാലത്ത് കൊൽക്കത്ത, മഹാരാഷ്ട്രയിലെ വാർധ തുടങ്ങിയ സ്ഥലങ്ങളിൽ സാമൂഹിക സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡീക്കൻ പട്ടം സ്വീകരിച്ചശേഷം ആലപ്പുഴ പൂന്തോപ്പ് പള്ളിയിൽ ഡീക്കനായി ഒരു വർഷത്തോളം സേവനമനുഷ്ഠിച്ചു. 2013 ഡിസംബർ 28 ന് തക്കല ബിഷപ് ഡോ.ജോർജ് രാജേന്ദ്രനിൽ നിന്നുമാണ് വൈദികപട്ടം സ്വീകരിച്ചത്.
ചെത്തിപ്പുഴ പള്ളിയിൽ അസിസ്റ്റന്റ് വികാരിയായിരിക്കെ കഴിഞ്ഞവർഷം ജൂലൈയിലാണ് ഉപരിപഠനത്തിനായി സ്കോട്‌ലൻഡില്‍ എത്തിയത്. ജൂലൈയിൽ ഫാൽകിര്‍ക്ക് ഇടവകയിൽ എത്തിയ അദ്ദേഹം ഒക്ടോബർ മുതലാണ് ക്രിസ്റ്റോർഫിന്‍ സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ്’ റോമൻ കാത്തലിക് പള്ളിയുടെ ചുമതലയേറ്റെടുത്തത്.
പരേതയായ ആൻസമ്മ സേവ്യർ, മറിയാമ്മ സേവ്യർ(ജയമ്മ), തോമസുകുട്ടി സേവ്യർ (ലാലിച്ചന്‍), ജോസഫ് സേവ്യർ(ജോച്ചൻ), ആന്റണി സേവ്യർ (തങ്കച്ചൻ), റോസമ്മ സേവ്യർ, റീത്താമ്മ സേവ്യർ എന്നിവരാണു സഹോദരങ്ങൾ.