Meditation. - June 2024

ലോകം അവസാനിക്കുന്നത് എങ്ങനെയായിരിക്കും?

സ്വന്തം ലേഖകന്‍ 12-06-2023 - Monday

"എല്ലാ ജനതകളുടെയും സാക്ഷ്യത്തിനായി രാജ്യത്തിന്റെ ഈ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപ്പെടും. അതിനുശേഷം അന്ത്യം ആഗതമാകും" (മത്തായി 24:14).

യേശു ഏകരക്ഷകൻ: ജൂൺ 12
ലോകം ഉടനെ അവസാനിക്കുമെന്നു പറഞ്ഞുകൊണ്ട് ചില വ്യക്തികളും സംഘടനകളും ഓരോ വർഷവും രംഗത്തുവരാറുണ്ട്. എന്നാൽ ഒന്നും സംഭവിക്കാതെ ഈ ലോകം ഇന്നും മുന്നോട്ടുപോകുന്നു. ഇത്തരം വ്യാജപ്രവചനങ്ങളിൽ നാം ഒരിക്കലും വിശ്വസിക്കരുത്. ഈ ലോകം ഒരുദിവസം അവസാനിക്കുമെന്ന് ബൈബിൾ നമ്മെ പഠിപ്പിക്കുന്നു. എന്നാൽ "ആ ദിവസത്തെക്കുറിച്ചോ മണിക്കൂറിനെക്കുറിച്ചോ പിതാവിനല്ലാതെ മറ്റാർക്കും, സ്വർഗ്ഗത്തിലെ ദൂതൻമാർക്കോ പുത്രനുപോലുമോ അറിഞ്ഞുകൂടാ" (മത്തായി 24:36).

ലോകം അവസാനിക്കുന്നത് എങ്ങനെയായിരിക്കും എന്നതിന്റെ ചില സൂചനകൾ വിശുദ്ധ ലിഖിതം നമ്മുക്കു നൽകുന്നുണ്ട് (ലൂക്കാ 18:8, മത്തായി 24:3-14). ലോകം അവസാനിക്കുമ്പോള്‍ എല്ലാവര്‍ക്കും കാണാന്‍ വേണ്ടി ക്രിസ്തു വരും. വ്യക്തമായിത്തീരുന്ന ദുഷ്ടതയും, പലരുടെയും വിശ്വാസം പരീക്ഷിക്കുന്ന വിസ്താരങ്ങളും, മതപീഡനങ്ങളും ഈ യാഥാര്‍ത്ഥ്യത്തിന്‍റെ ഇരുണ്ട വശം മാത്രമാണ്. അവസാനം, തിന്മയ്ക്കു മേല്‍ ദൈവം നേടുന്ന ആത്യന്തിക വിജയം ദൃശ്യമാകും. ദൈവത്തിന്‍റെ മഹത്വവും സത്യവും നീതിയും പ്രശോഭിച്ചു നില്‍ക്കും. ക്രിസ്തുവിന്‍റെ രണ്ടാം വരവോടെ 'പുതിയ ആകാശവും പുതിയ ഭൂമിയും' ഉണ്ടാകും. അവിടന്ന് അവരുടെ മിഴികളില്‍ നിന്ന് കണ്ണീര്‍ തുടച്ചു നീക്കും. പിന്നീട് മരണമോ, ദുഃഖമോ, മുറവിളിയോ, വേദനയോ ഉണ്ടായിരിക്കുകയില്ല.

ക്രിസ്തു വീണ്ടും വരുന്നതിനു മുന്‍പു സഭ ഒരന്തിമ പരീക്ഷയിലൂടെ കടന്നു പോകേണ്ടതുണ്ട്. അതു പല വിശ്വാസികളുടെയും വിശ്വാസത്തെ പിടിച്ചുകുലുക്കും. ഭൂമിയിലുള്ള അവളുടെ തീര്‍ത്ഥാടനത്തോടൊത്തുപോകുന്ന പീഡനം 'തിന്മയുടെ രഹസ്യത്തെ' വെളിവാക്കും. മനുഷ്യരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാര്‍ഗം വാഗ്ദാനം ചെയ്യുന്ന മതപരമായ ഒരു വഞ്ചനയുടെ രൂപത്തിലായിരിക്കും അതു പ്രത്യക്ഷപെടുക. സത്യത്തെ പരിത്യജിക്കുക എന്ന വില അവര്‍ അതിനു കൊടുക്കേണ്ടിവരും. മതപരമായ പരമവഞ്ചന അന്തിക്രിസ്തുവിന്‍റേതായിരിക്കും. ദൈവത്തിന്‍റെയും മാംസം ധരിച്ചുവന്ന അവിടുത്തെ മിശിഹായുടെയും സ്ഥാനത്ത് മനുഷ്യന്‍ തന്നെത്തന്നെ മഹത്വപ്പെടുത്തുന്ന മിഥ്യയായ മിശിഹാവാദമാണ് അത്.

യുഗാന്ത്യപരമായ വിധിയിലൂടെ ചരിത്രത്തിനതീതമായി യേശുവിലൂടെ മാത്രം സാക്ഷാത്കരിക്കപ്പെടാന്‍ കഴിയുന്നതാണ് മെസയാനിക പ്രത്യാശ. എന്നാൽ ഇത് ചരിത്രത്തില്‍ത്തന്നെ സാക്ഷാത്കരിക്കാമെന്ന് അവകാശപ്പെടുമ്പോഴെല്ലാം അന്തിക്രിസ്തുവിന്‍റെ വഞ്ചനയുടെ നിഴല്‍ ലോകത്തില്‍ പടര്‍ന്നു തുടങ്ങുന്നു. വരാനുള്ള രാജ്യത്തെ സംബന്ധിച്ചു സഹസ്രാബ്ദവാഴ്ചാവാദം (millenarianism) എന്ന പേരിലുള്ള വ്യാജസങ്കല്‍പ്പത്തിന്‍റെ പരിഷ്കൃത രൂപങ്ങളെ, പ്രത്യേകിച്ച് ഒരു ലൗകിക മിശിഹാത്വത്തിന്‍റെ, 'പ്രകൃത്യാ തലതിരിഞ്ഞ' രാഷ്ട്രീയരൂപത്തെ സഭ തള്ളിക്കളഞ്ഞിട്ടുണ്ട്.

കര്‍ത്താവിന്‍റെ, മരണത്തിലും പുനരുത്ഥാനത്തിലും പങ്കു പറ്റുന്ന അന്തിമമായ ഈ പെസഹായിലൂടെ മാത്രമേ സഭ ദൈവരാജ്യത്തിന്‍റെ മഹത്വത്തിലേക്കു പ്രവേശിക്കുകയുള്ളൂ. ഈ രാജ്യം സാക്ഷാത്കരിക്കപ്പെടുന്നതു സഭ ഉത്തരോത്തരം ഉയര്‍ന്നു ചരിത്രപരമായ ഒരു വിജയം കൈവരിക്കുമ്പോഴല്ല. പിന്നെയോ തിന്മയുടെ അന്തിമമായ സ്വതന്ത്രവിഹാരത്തിന്മേല്‍ ദൈവം നേടുന്ന വിജയത്തിലൂടെ മാത്രമാണ്. അത് അവിടുത്തെ വധു സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലേക്ക്‌ വരുന്നതിനു ഇടയാക്കും. തിന്മയുടെ ധിക്കാരത്തിന്‍മേല്‍ ദൈവം കൈവരിക്കുന്ന വിജയം, കടന്നുപോകുന്ന ഈ ലോകത്തിന്‍റെ അന്തിമമായ പ്രാപഞ്ചിക തകിടം മറിച്ചിലിന് ശേഷം നടക്കുന്ന അന്തിമ വിധിയുടെ രൂപം സ്വീകരിക്കും. (cf: CCC 675- 677)

വിചിന്തനം
ലോകാവസാനത്തിൽ, തിന്മയുടെമേൽ നന്മയ്ക്കുള്ള ആത്യന്തികമായ വിജയം നേടുന്നതുനുവേണ്ടി ക്രിസ്തു മഹത്വത്തോടെ വരും. നന്മയും തിന്മയും ആ ദിവസം വരെ കോതമ്പും കളകളും പോലെ ചരിത്ര ഗതിയിൽ ഒരുമിച്ചു വളരും. ജീവനിലേക്കു നയിക്കുന്ന നന്മയുടെ പ്രവർത്തികളോ, മരണത്തിലേക്കു നയിക്കുന്ന തിന്മയുടെ പ്രവർത്തികളോ ചെയ്യുവാൻ ആ ദിവസം വരെ മനുഷ്യനു സ്വാതന്ത്ര്യമുണ്ട്. വിധി ദിവസത്തിൽ ഓരോ മനുഷ്യനും അവന്റെ പ്രവർത്തികൾക്ക് അനുസൃതമായും, കൃപാവരത്തിന്റെ സ്വീകരണത്തിനോ തിരസ്കരണത്തിനോ അനുസൃതമായും പ്രതിഫലം ലഭിക്കും എന്ന സത്യം നാം ഒരിക്കലും മറക്കരുത്.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിനമ്മുക്കു പ്രാർത്ഥിക്കാം
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3)

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »