Meditation. - June 2024

രക്ഷപ്രാപിക്കാൻ ക്രിസ്തുവിലുള്ള വിശ്വാസം അത്യാവശ്യമാണെങ്കിലും, അതിനായി ആരെയും നിർബന്ധിക്കുന്നില്ല

സ്വന്തം ലേഖകന്‍ 15-06-2024 - Saturday

"അപ്പോൾ അപ്പസ്തോലൻമാർ കർത്താവിനോടു പറഞ്ഞു: ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ!" (ലൂക്കാ 17:5)

യേശു ഏകരക്ഷകൻ: ജൂൺ 15
രക്ഷപ്രാപിക്കാൻ ക്രിസ്തുവിൽ വിശ്വസിക്കേണ്ടത് അത്യാവശ്യമാണെങ്കിലും നിര്‍ബന്ധിത മതപരിവർത്തനത്തെ സഭ ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. മനുഷ്യന്‍ നല്‍കുന്ന വിശ്വാസത്തിന്‍റെ പ്രത്യുത്തരം സ്വതന്ത്രമായിരിക്കണം എന്നു സഭ പഠിപ്പിക്കുന്നു. ഇക്കാരണത്താല്‍, സ്വന്തം ഇഷ്ടത്തിനു വിരുദ്ധമായി വിശ്വാസം സ്വീകരിക്കാന്‍ ആരിലും സമ്മര്‍ദം ചെലുത്താന്‍ പാടില്ല എന്നു സഭ നിർദ്ദേശിക്കുന്നു; പ്രകൃത്യാതന്നെ വിശ്വാസപ്രഖ്യാപനം ഒരു സ്വതന്ത്ര പ്രവര്‍ത്തനമാണ്.

ആത്മാവിലും സത്യത്തിലും തന്നെ സേവിക്കുവാന്‍ ദൈവം മനുഷ്യനെ വിളിക്കുന്നു. തന്മൂലം ഇത് സ്വീകരിക്കുവാന്‍ മനുഷ്യന്‍ തന്‍റെ മന:സാക്ഷിയില്‍ ചുമതലപ്പെട്ടവനാണെങ്കിലും അതിനായി അവന്‍ നിര്‍ബന്ധിക്കപ്പെടുന്നില്ല. ഈ സത്യം അതിവിശിഷ്ടമായി യേശുക്രിസ്തുവില്‍ പ്രകടമായി. വിശ്വാസത്തിലേക്കും മാനസാന്തരത്തിലേക്കും ക്രിസ്തു ജനങ്ങളെ ക്ഷണിച്ചു. പക്ഷേ യാതൊരുവിധ സമ്മര്‍ദവും അവരുടെമേല്‍ ചെലുത്തിയില്ല. അവിടുന്നു സത്യത്തിനു സാക്ഷ്യം വഹിച്ചു; എങ്കിലും അതിനെ എതിര്‍ത്തവരുടെമേല്‍ അത് അടിച്ചേല്‍പ്പിക്കാന്‍ അവിടുന്ന് ആഗ്രഹിച്ചില്ല. ക്രിസ്തുവിന്‍റെ രാജ്യം വളരുന്നതു മനുഷ്യൻ വിഭാവനം ചെയ്യുന്ന ഏതെങ്കിലും പദ്ധതികൾകൊണ്ടല്ല; പിന്നെയോ, കുരിശില്‍ ഉയര്‍ത്തപ്പെട്ട അവിടുന്നു എല്ലാ മനുഷ്യരെയും തന്നിലേക്ക് ആകര്‍ഷിക്കുന്ന സ്നേഹം കൊണ്ടാണ്.

ഏകരക്ഷകനായ യേശുക്രിസ്തുവിലും, നമ്മുടെ രക്ഷയ്ക്കായി അവിടുത്തെ അയച്ചവനിലും വിശ്വസിക്കുക നിത്യരക്ഷാപ്രാപ്തിക്ക് ആവശ്യമാണ്‌. കാരണം, ദൈവത്തെ പ്രസാദിപ്പിക്കുന്നതിനും, അവിടുത്തെ മക്കളുടെ സംസര്‍ഗത്തിലേക്ക് വരുന്നതിനും വിശ്വാസംകൂടാതെ മനുഷ്യര്‍ക്കു സാധ്യമല്ല; വിശ്വാസംകൂടാതെ ആരും നീതീകരണം നേടിയിട്ടില്ല. അവസാനംവരെ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കാത്ത ആരും നിത്യരക്ഷ പ്രാപിക്കുകയുമില്ല.

ദൈവം മനുഷ്യനു നല്‍കുന്ന സൗജന്യമായ ഒരു ദാനമാണ് വിശ്വാസം. അമൂല്യമായ ഈ ദൈവദാനം നമുക്കു നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. വിശ്വാസത്തോടും നല്ല മന:സാക്ഷിയോടുംകൂടെ നന്നായി പൊരുതുവാൻ വിശുദ്ധ പൗലോസ് തിമോത്തിയോസിനെ ഉദ്ബോദ്ധിപ്പിക്കുന്നു; അതോടൊപ്പം, മന:സാക്ഷിയുടെ സ്വരം നിരസിച്ചതിനാല്‍ ചിലരുടെ വിശ്വാസനൗക തകര്‍ന്നു പോയതിനെക്കുറിച്ച് വിശുദ്ധൻ മുന്നറിയിപ്പു നൽകുന്നുമുണ്ട്. വിശ്വാസത്തില്‍ ജീവിക്കുവാനും വളരുവാനും അന്ത്യം വരെ ഉറച്ചു നില്‍ക്കുവാനും ദൈവവചനം കൊണ്ട് നാം അതിനെ പരിപോഷിപ്പിക്കണം; നമ്മുടെ വിശ്വാസം വര്‍ദ്ധിപ്പിക്കണമേയെന്ന് കര്‍ത്താവിനോടു നാം യാചിക്കണം. വിശ്വാസം സ്നേഹത്താല്‍ പ്രവര്‍ത്തനനിരതമാകണം, പ്രത്യാശയാല്‍ നിലനിര്‍ത്തപ്പെടണം, സഭയുടെ വിശ്വാസത്തില്‍ രൂഢമൂലമാകണം.

വിചിന്തനം
ഏകരക്ഷകനായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവൻ ജീവിതത്തിൽ ശരിയായ പാതയിൽ ചരിക്കുന്നു. ഈ വിശ്വാസം മറ്റുള്ളവരിലേക്കു പകർന്നു കൊടുക്കാൻ ഓരോരുത്തർക്കും കടമയുണ്ട്. കുരിശില്‍ ഉയര്‍ത്തപ്പെട്ട ക്രിസ്തു എല്ലാ മനുഷ്യരെയും തന്നിലേക്ക് ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. ക്രിസ്തുവിന്റെ ഈ സ്നേഹം വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും നാം മറ്റുള്ളവരിലേക്കു പകർന്നുകൊടുക്കുന്നതിലൂടെയാണ് ക്രിസ്തുവിന്‍റെ രാജ്യം വളരുന്നത്. ഇപ്രകാരം പകർന്നുകൊടുക്കാൻ ഓരോ ക്രൈസ്തവനും വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുകയും ആഴപ്പെടുകയും ചെയ്യണം. അതിനായി അപ്പസ്തോലൻമാർ ക്രിസ്തുവിനോടു അപേക്ഷിച്ചതുപോലെ നമ്മുടെ വിശ്വാസം വർദ്ധിപ്പിക്കണമേ എന്നു നമ്മുക്കും പ്രാർത്ഥിക്കാം.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3)

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.

കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?


Related Articles »