Meditation. - June 2024

ഞായറാഴ്ച്ച കര്‍ത്താവിന്‍റെ ദിവസമാണ്; അതു പരിശുദ്ധമായി ആചരിക്കാം

സ്വന്തം ലേഖകന്‍ 01-06-2024 - Saturday

"അവൻ അവരോടു പറഞ്ഞു: സാബത്ത് മനുഷ്യനുവേണ്ടിയാണ്; മനുഷ്യൻ സാബത്തിനുവേണ്ടിയല്ല. മനുഷ്യപുത്രൻ സാബത്തിന്റെയും കർത്താവാണ്" (മർക്കോസ് 2:27-28)

യേശു ഏകരക്ഷകൻ: ജൂണ്‍ 16
ക്രിസ്തുവിന്‍റെ ഉത്ഥാനദിവസം തന്നെ ആരംഭിച്ചതും അപ്പസ്തോലന്‍മാരിലൂടെ കൈമാറിയിട്ടുള്ളതുമായ പാരമ്പര്യം വഴി, എല്ലാ എട്ടാംദിവസവും സഭ പെസഹാരഹസ്യം ആഘോഷിക്കുന്നു. ഈ ദിവസത്തെ കര്‍ത്താവിന്‍റെ ദിവസം അഥവാ ഞായറാഴ്ച എന്നു സമുചിതമായി വിളിക്കുന്നു. ക്രിസ്തുവിന്‍റെ ഉത്ഥാനദിനം ആഴ്ചയുടെ ഒന്നാം ദിവസമാണ്; സൃഷ്ടികര്‍മ്മത്തിന്‍റെ പ്രഥമദിനത്തിന്‍റെ സ്മാരകമാണത്. ക്രിസ്തു തന്‍റെ കല്ലറയിലെ വിശ്രമത്തിനുശേഷം, 'സന്ധ്യയില്ലാത്ത ദിവസത്തെ' ഉദ്ഘാടനം ചെയ്ത എട്ടാം ദിവസവുമാണത്; കര്‍ത്താവിന്‍റെ അത്താഴമാണ് അതിന്‍റെ കേന്ദ്രം. എന്തെന്നാല്‍, അവിടെ, വിശ്വാസികളുടെ സമൂഹം മുഴുവനും ഉത്ഥിതനായ കര്‍ത്താവിനെ കണ്ടുമുട്ടുന്നു. അവിടുന്ന് അവരെ തന്‍റെ വിരുന്നിനു ക്ഷണിക്കുന്നു:

ആ ദിവസം നമ്മുടെ കര്‍ത്താവു വിജയപ്രതാപവാനായി പിതാവിങ്കലേക്ക് ആരോഹണം ചെയ്തു. വിജാതീയര്‍ ആ ദിവസത്തെ 'സൂര്യന്‍റെ ദിവസം' എന്നാണ് വിളിക്കുന്നത്. ഈ ദിവസം ലോകത്തിന്‍റെ പ്രകാശം ഉയര്‍ത്തപ്പെട്ടു. ഈ ദിവസം നീതിസൂര്യന്‍, തന്‍റെ രശ്മികളില്‍ സൗഖ്യദായകത്വവുമായി വെളിവാക്കപ്പെട്ടു.

ആരാധനസമ്മേളനത്തിന് ഏറ്റവും ശ്രേഷ്ഠമായ ദിനം ഞായറാഴ്ചയാണ്. അന്ന്, ദൈവവചനം ശ്രവിക്കാനും, വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കാനും, അങ്ങനെ, കര്‍ത്താവായ യേശുവിന്‍റെ പീഡാസഹനം, പുനരുത്ഥാനം, മഹത്ത്വം എന്നിവയെ അനുസ്മരിച്ചുകൊണ്ട്, മൃതരില്‍നിന്നുള്ള യേശുക്രിസ്തുവിന്‍റെ പുനരുത്ഥാനം വഴി തങ്ങളെ സജീവമായ ഒരു പ്രത്യാശയിലേക്കു 'വീണ്ടും ജനിപ്പിച്ച' ദൈവത്തിനു നന്ദിപറയുവാൻ വിശ്വാസികള്‍ സമ്മേളിക്കുന്നു.

"ഞായറാഴ്ച അനുഗൃഹീതമാണ്. എന്തെന്നാല്‍, അന്നു സൃഷ്ടികര്‍മം... ലോകത്തിന്‍റെ രക്ഷ... മനുഷ്യവംശത്തിന്‍റെ നവീകരണം... എന്നിവ ആരംഭിച്ചു. ഞായറാഴ്ച ആകാശവും ഭൂമിയും സന്തോഷിച്ചു, പ്രപഞ്ചം മുഴുവനും പ്രകാശം കൊണ്ട് പൂരിതമാവുകയും ചെയ്തു. "ഞായറാഴ്ച അനുഗൃഹീതമാണ്. എന്തെന്നാല്‍ ആദവും സകല വിപ്രവാസികളും ഭയംകൂടാതെ പ്രവേശിക്കുന്നതിനുവേണ്ടി അന്ന് പറുദീസയുടെ കവാടങ്ങള്‍ തുറക്കപ്പെട്ടു" (Fanquith, The Syriac Office of Antioch).

വിചിന്തനം
നമ്മുടെ ജീവിതത്തിൽ ഞായറാഴ്ച്ചകൾ കർത്താവിന്റെ ദിവസമായിട്ടാണോ ആചരിക്കുന്നത്? ദൈവത്തിനു മഹത്വം നൽകാതെ, ഈ ലോകത്തിന്റെ വെറും ആഘോഷങ്ങൾക്കു മാത്രമായി ഞായറാഴ്ചകളെ നാം മാറ്റിവയ്‌ക്കുകയാണോ ചെയ്യുന്നത്? നമ്മുക്ക് ആത്മശോധന ചെയ്യാം. ഭക്തിപൂർവ്വം വിശുദ്ധ കുർബ്ബാനയിൽ പങ്കുചേർന്നും, പ്രാർത്ഥനയിലും കാരുണ്യപ്രവർത്തികളിലും വ്യാപരിച്ചുകൊണ്ടും, യേശുക്രിസ്തുവിന്‍റെ പുനരുത്ഥാനം വഴി തങ്ങളെ സജീവമായ ഒരു പ്രത്യാശയിലേക്കു 'വീണ്ടും ജനിപ്പിച്ച' ദൈവത്തിനു നന്ദിപറഞ്ഞു കൊണ്ടും കർത്താവിന്റെ ദിവസം നമ്മുക്കു പരിശുദ്ധമായി ആചരിക്കാം.

ദൈവവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ?

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3)

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »