News - 2025

വത്തിക്കാന്‍ വിശ്വാസതിരുസംഘത്തിന് പുതിയ തലവന്‍

സ്വന്തം ലേഖകന്‍ 02-07-2017 - Sunday

വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ വിശ്വാസകാര്യ തിരുസംഘത്തിന്‍റെ പുതിയ തലവനായി ആര്‍ച്ച്ബിഷപ്പ് ലൂയിസ് ഫ്രാന്‍സിസ്ക്കോ ലദാറിയ ഫെറെറിനെ ഫ്രാന്‍സിസ് പാപ്പാ നിയമിച്ചു. സ്പെയിന്‍ സ്വദേശിയായ ആര്‍ച്ച്ബിഷപ്പ് ലൂയിസ് ഈശോസഭാംഗമാണ്. ഇന്നലെ ശനിയാഴ്ചയാണ് (01/07/17) മാര്‍പാപ്പ പുതിയ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. കര്‍ദ്ദിനാള്‍ ജെറാള്‍ഡ് ലുഡ്വിഗ് മുള്ളര്‍ 5 വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് പുതിയ നിയമനം. വിശ്വാസകാര്യസംഘത്തിന്‍റെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികെയാണ് ആര്‍ച്ച്ബിഷപ്പ് ഫെറെറിന് പുതിയ ദൗത്യം ലഭിക്കുന്നത്.

പൗരനിയമത്തില്‍ ബിരുദമുള്ള ആര്‍ച്ച്ബിഷപ്പ് ഫെറെര്‍ ദൈവവിജ്ഞാനീയത്തില്‍ റോമിലെ ഗ്രിഗോറിയന്‍ പൊന്തിഫിക്കല്‍ സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.ബൈബിള്‍ പൊന്തിഫിക്കല്‍ സമിതിയുടെയും, അന്താരാഷ്ട്ര ദൈവവിജ്ഞാനീയ സമിതിയുടെയും എക്ലേസിയദ ദേയി പൊന്തിഫിക്കല്‍ സമിതിയുടെയും ചുമതലയും അദ്ദേഹത്തിനുണ്ട്. 1944 ഏപ്രില്‍ 19നു സ്പെയിനിലെ അന്നാട്ടിലെ മനകോര്‍ എന്ന സ്ഥലത്താണു ജനനം. 1973 ജൂലൈ 29 ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം 2008 ജൂലൈ 26നാണ് ആര്‍ച്ചുബിഷപ്പായി അഭിഷിക്തനായത്.


Related Articles »