Meditation. - June 2024

ലോകത്തിന് യഥാർത്ഥ സ്വാതന്ത്ര്യം നൽകാൻ ക്രിസ്തുവിനു മാത്രമേ സാധിക്കൂ

സ്വന്തം ലേഖകന്‍ 18-06-2021 - Friday

"അതുകൊണ്ട് പുത്രൻ നിങ്ങളെ സ്വതന്ത്രരാക്കിയാൽ നിങ്ങൾ യഥാർത്ഥത്തിൽ സ്വതന്ത്രരാകും" (യോഹ 8:36)

യേശു ഏകരക്ഷകൻ: ജൂണ്‍ 18
ലോകത്തിലെ ചില രാജ്യങ്ങളെ മറ്റു സാമ്രാജ്യശക്തികളുടെ ആധിപത്യത്തിൽ നിന്നു മോചിപ്പിക്കുവാൻ നേതൃത്വം നൽകിയവരെ 'മഹാത്മാക്കൾ' എന്നു ലോകം വിശേഷിപ്പിക്കാറുണ്ട്. അങ്ങനെയെങ്കിൽ ലോകം മുഴുവനെയും പാപത്തിന്റെയും മരണത്തിന്റെയും അടിമത്വത്തിൽ നിന്നും മോചിപ്പിച്ച നസ്രത്തിലെ യേശുവിനെ നാം എന്തു വിളിക്കണം? സകലമനുഷ്യർക്കും വേണ്ടി അവൻ നേടിത്തന്ന സ്വാതന്ത്ര്യവും രക്ഷയും മനുഷ്യബുദ്ധിക്കു ചിന്തിക്കാൻ കഴിയുന്നതിനും അപ്പുറമാണ്.

സ്വാതന്ത്ര്യം എന്ന പദം നമ്മുടെ അനുദിന ജീവിതത്തിൽ നാം നിരവധി തവണ ഉപയോഗിക്കാറുണ്ട്. മനുഷ്യന്‍റെ സ്വാതന്ത്ര്യം പരിമിതവും തെറ്റുപറ്റാവുന്നതുമാണ്. മനുഷ്യന്‍ സ്വതന്ത്രമായി പാപം ചെയ്തുകൊണ്ട് ദൈവത്തിന്‍റെ സ്നേഹപദ്ധതിയെ തള്ളിക്കളയുകയും, തന്നെത്തന്നെ വഞ്ചിക്കുകയും പാപത്തിന് അടിമയായിത്തീരുകയും ചെയ്തു. ആദ്യത്തെ ഈ അന്യവത്ക്കരണം മറ്റ് അസംഖ്യം അന്യവത്ക്കരണങ്ങള്‍ക്കു ഹേതുവായി. സ്വാതന്ത്ര്യം ദുരുപയോഗിച്ചതിന്‍റെ ഫലമായി മനുഷ്യഹൃദയത്തില്‍ നിന്ന് പുറപ്പെടുന്ന ക്ലേശത്തിനും അടിച്ചമര്‍ത്തലിനും മനുഷ്യചരിത്രം അതിന്‍റെ ആരംഭം മുതല്‍ സാക്ഷ്യം വഹിക്കുന്നുണ്ട്.

ലോകം നമ്മുടെ മുൻപിൽ വയ്ക്കുന്ന 'സ്വാതന്ത്ര്യം' നമ്മെ യഥാർത്ഥത്തിൽ നന്മയിലേക്കു നയിക്കുന്നുണ്ടോ? സ്വാതന്ത്ര്യത്തിന്‍റെ വിനിയോഗം എല്ലാം പറയാനും എല്ലാം ചെയ്യാനുമുള്ള അവകാശം ഉള്‍ക്കൊള്ളുന്നില്ല.സ്വതന്ത്രനായ ഒരു വ്യക്തി സ്വയം പര്യാപ്തതയുള്ളവനാണെന്നും, ഭൗതികനന്മകളുടെ ആസ്വാദനത്തില്‍ സ്വന്തം താത്പര്യങ്ങളെ, പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യമാണുള്ളതെന്നും വിചാരിക്കുന്നത് തെറ്റാണ്. കൂടാതെ, സ്വാതന്ത്ര്യത്തിന്‍റെ നീതിയുക്തമായ വിനിയോഗത്തിന് ആവശ്യമായ സാമ്പത്തികവും, സാമൂഹികവും, രാഷ്ട്രീയവും, സാസ്കാരികവുമായ വ്യവസ്ഥകള്‍ മിക്കപ്പോഴും അവഗണിക്കപ്പെടുകയും ലംഘിക്കപ്പെടുകയും ചെയ്യുന്നു. അന്ധതയുടെയും അനീതിയുടെയുമായ ഇത്തരം സാഹചര്യങ്ങള്‍ ധാര്‍മിക ജീവിതത്തെ മുറിപ്പെടുത്തുകയും, ശക്തരെയും ദുര്‍ബലരെയും സ്നേഹത്തിനെതിരേ പാപം ചെയ്യാന്‍ പ്രലോഭിക്കുകയും ചെയ്യുന്നു. ധാര്‍മിക നിയമത്തില്‍ നിന്ന് തന്നെത്തന്നെ അകറ്റിക്കൊണ്ട് മനുഷ്യന്‍ തന്‍റെ തന്നെ സ്വാതന്ത്ര്യത്തിനു ക്ഷതമേല്‍പ്പിക്കുന്നു, തന്നില്‍ത്തന്നെ ബന്ധനസ്ഥനാകുന്നു, സഹജീവികളോടുള്ള സാഹോദര്യം വിച്ഛേദിക്കുന്നു, ദൈവിക സത്യത്തിനെതിരെ പ്രതിഷേധിക്കുന്നു.

അങ്ങനെയെങ്കിൽ എന്താണ് നന്മയിലേക്കു നയിക്കുന്ന സ്വാതന്ത്ര്യം? ക്രിസ്തു തന്‍റെ മഹത്ത്വപൂര്‍ണ്ണമായ കുരിശുവഴി എല്ലാ മനുഷ്യരുടെയും രക്ഷ നേടി. അടിമത്വത്തില്‍ പിടിച്ചു നിറുത്തിയിരുന്ന പാപത്തില്‍ നിന്ന്‍ അവരെ അവിടുന്ന് വീണ്ടെടുത്തു. ഇപ്രകാരം ലോകരക്ഷകനായ ക്രിസ്തു, അവിടുത്തെ കുരിശുമരണത്താലും ഉത്ഥാനത്താലും നമ്മെ സ്വതന്ത്രരാക്കി. സ്വർഗ്ഗാരോഹണം ചെയ്ത നമ്മുടെ കർത്താവ് തന്റെ ആത്മാവിനെ നമ്മുടെമേൽ സമൃദ്ധമായി ചൊരിയുന്നു. പൗലോശ്ലീഹാ പഠിപ്പിക്കുന്നതുപോലെ, കര്‍ത്താവിന്‍റെ ആത്മാവ് എവിടെയുണ്ടോ അവിടെ സ്വാതന്ത്ര്യമുണ്ട് (2 കോറി 3:17). യേശുക്രിസ്തുവിൽ വിശ്വസിച്ചുകൊണ്ട് ഒരു മനുഷ്യൻ ദൈവമക്കളുടെ സ്വാതന്ത്ര്യത്തിലേക്ക് എപ്പോൾ കടന്നുവരുന്നുവോ, അപ്പോൾ മുതൽ അവൻ യഥാർത്ഥ സ്വാതന്ത്ര്യം അനുഭവിച്ചു തുടങ്ങും. ഈ സ്വാതന്ത്യ്രത്തിനു മാത്രമേ ലോകം മുഴുവനെയും നന്മയിലേക്കു നയിക്കുവാൻ സാധിക്കൂ.

വിചിന്തനം
നമ്മുടെ അനുദിന ജീവിതത്തിൽ, ലോകത്തുനിന്നുള്ള ഞെരുക്കളും നിയന്ത്രണങ്ങളും നേരിടുന്ന തരത്തിലുള്ള നിരവധി പരീക്ഷഞങ്ങളിലൂടെ നാം കടന്നുപോകുന്നു. ലോകം നമ്മുക്കു നൽകുന്ന സ്വാതന്ത്ര്യം ഉപയോഗിച്ച് ഒരിക്കലും ഈ പരീക്ഷകളെ അതിജീവിക്കാൻ സാധ്യമല്ല. ക്രിസ്തുവിന്റെ ആത്മാവു നൽകുന്ന കൃപാവരത്തിന്‍റെ പ്രചോദനങ്ങളോടു നാം എത്ര കൂടുതല്‍ വിധേയരായിരിക്കുന്നുവോ അത്രകൂടുതല്‍ ആന്തരിക സ്വാതന്ത്ര്യത്തിലും ആത്മവിശ്വാസത്തിലും നാം വളരും. ഈ സ്വാതന്ത്ര്യം എല്ലാവിധ പരീക്ഷണങ്ങളെയും അതിജീവിച്ചുകൊണ്ട് നന്മയിലേക്കു വളരാൻ നമ്മെ ശക്തരാക്കുന്നു. കൃപാവരത്തിന്‍റെ പ്രവര്‍ത്തനം വഴി പരിശുദ്ധാത്മാവ് നമ്മെ ആധ്യാത്മിക സ്വാതന്ത്ര്യത്തില്‍ പരിശീലിപ്പിക്കുന്നു. ലോകം മുഴുവൻ ഈ സ്വാതന്ത്ര്യം അനുഭവിക്കുന്നതിനുവേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം.

ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3)

നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.

സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.

അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.

എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.

കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.

ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.

പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.

സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.

അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.


Related Articles »