News - 2025
കര്‍ദ്ദിനാള്‍ ജോവാക്കിം മെസ്നര്‍ അന്തരിച്ചു
സ്വന്തം ലേഖകന്‍ 05-07-2017 - Wednesday
ബെര്‍ലിന്‍: ജര്‍മ്മനിയിലെ കൊളോണ്‍ അതിരൂപതയുടെ മുന്‍ അദ്ധ്യക്ഷനും മാര്‍പാപ്പയുടെ പ്രബോധന രേഖയായ അമോരീസ് ലെത്തീസയില്‍ വിവാഹമോചനം നേടിയവരുടെ കൗദാശിക ജീവിതം സംബന്ധിച്ച കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തണമെന്ന് സംശയങ്ങള്‍ ഉന്നയിച്ച നാലു കര്‍ദ്ദിനാള്‍മാരില്‍ ഒരാളുമായ കര്‍ദ്ദിനാള്‍ ജോവാക്കിം മെസ്നര്‍ അന്തരിച്ചു. 83 വയസ്സായിരിന്നു. ജര്‍മ്മനിയിലെ ബാഡ് ഫുസിംഗനിലായിരുന്നു അന്ത്യം.
1933 ഡിസംബര്‍ 25 ന് ബ്രെസ്ലൗ ലിസയിലാണ് മെസ്നറുടെ ജനനം. 1962-ല്‍ എര്‍ഫുര്‍ട്ട് രൂപതയില്‍ വൈദികനായി അഭിഷിക്തനായി. 1969-ല്‍ റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍ ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹം 1975 മെയ് 17 ന് എര്‍ഫുര്‍ട്ട് രൂപതയുടെ സഹായ മെത്രാനായി ഉയര്‍ത്തപ്പെട്ടു. 1980 മെയ് 17 ന് ബര്‍ലിന്‍ രൂപതയുടെ അദ്ധ്യക്ഷനായി. മൂന്ന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം 1983-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണ് ജോവാക്കിം മെസ്നറിനെ കര്‍ദ്ദിനാളായി ഉയര്‍ത്തിയത്.
എണ്‍പതാമത്തെ വയസിൽ കര്‍ദ്ദിനാള്‍ ജോവാക്കിം, കർദ്ദിനാൾ പദവിയിൽ നിന്നും സ്വയം രാജിവയ്ക്കുകയായിരുന്നു. അമോരിസ് ലെത്തീസിയയിലെ ചില ഭാഗങ്ങളില്‍ വ്യക്തത നല്‍കണമെന്ന ആവശ്യം ഉന്നയിച്ച് മാര്‍പാപ്പയ്ക്ക് കത്ത് നല്‍കിയ നാല് കര്‍ദിനാളുമാരില്‍ ഒരാളായിരിന്നു മെസ്നര്‍. മെസ്നറിനെ കൂടാതെ കര്‍ദിനാളുമാരായ റെയ്മണ്ട് ലിയോ ബുർക്ക്, വാൾട്ടർ ബ്രാൻഡ്മുള്ളർ,കാർലോ കഫാര എന്നിവരാണ് അമോരീസ് ലെത്തീസ്യയിലെ ചില ഭാഗങ്ങളെ പറ്റി സംശയവുമായി രംഗത്തെത്തിയത്.
![](/images/close.png)