News - 2025

പോളിഷ് നേഴ്സുള്‍പ്പെടെ എട്ടോളം പേരുടെ നാമകരണ നടപടികള്‍ക്ക് മാര്‍പാപ്പയുടെ അംഗീകാരം

സ്വന്തം ലേഖകന്‍ 08-07-2017 - Saturday

വത്തിക്കാന്‍ സിറ്റി: രണ്ടാം ലോക മഹായുദ്ധക്കാലത്ത് ആക്രമണങ്ങള്‍ക്കിരയായവര്‍ക്കിടയില്‍ നിസ്സ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയും പിന്നീട് കാന്‍സര്‍രോഗത്തിനടിമയായി മരണമടകയും ചെയ്ത പോളണ്ടിലെ നേഴ്സ് ഹന്നാ ക്രിസനോവ്സ്കാ അടക്കം എട്ടോളം പേരുടെ നാമകരണ നടപടികള്‍ക്ക് മാര്‍പാപ്പയുടെ അംഗീകാരം.

കൊളംമ്പിയായില്‍ നിന്നുള്ള ബിഷപ്പ് ജീസസ് എമിലിയോ ജാരമില്ലോ, വൈദികനായ ഫാ. പീറ്റര്‍ റാമിറേസ് എന്നിവരുടെ രക്തസാക്ഷിത്വവും 5പേരുടെ വീരോചിത പുണ്യങ്ങളും മാര്‍പാപ്പ അംഗീകരിച്ചിട്ടുണ്ട്. ഇന്നലെ (ജൂലൈ 7) നാമകരണ നടപടികള്‍ക്കായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ ആഞ്ചെലോ അമാട്ടോ ഫ്രാന്‍സിസ് പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആണ് ഇവരുടെ തുടര്‍ നാമകരണ നടപടികള്‍ക്ക് അംഗീകാരം നല്കിയത്. ഹന്നാ ച്രസ്സാനോവ്സ്കായെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന തീയതി പിന്നീട് തീരുമാനിക്കും.

1902-ല്‍ പോളണ്ടിലെ വാഴ്സോവിലാണ് ഹന്നാ ക്രിസനോവ്സ്കാ ജനിച്ചത്. ക്രാക്കോവില്‍ ഉര്‍സുലിന്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സ്കൂളിലാണ് അവള്‍ തന്റെ ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 1922-ല്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയതിനു ശേഷം ഹന്നാ വാഴ്സോവിലെ നേഴ്സിംഗ് സ്കൂളില്‍ ചേര്‍ന്നു. അധികം താമസിയാതെ വിശുദ്ധ ബെനഡിക്ടിന്റെ പ്രബോധനങ്ങള്‍ക്കനുസൃതമായി ജീവിക്കുന്ന ഉര്‍സുലിന്‍ കന്യാസ്ത്രീകള്‍ക്കൊപ്പം അവളും തന്റെ ജീവിതം സേവനത്തിനായി സമര്‍പ്പിക്കുകയായിരിന്നു. 1926-1929 കാലയളവില്‍ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് നേഴ്സസില്‍ പരിശീലകയായി അവള്‍ സേവനം ചെയ്തു.

ഇക്കാലയളവിലാണ് അവള്‍ ദൈവവുമായി കൂടുതല്‍ അടുക്കുന്നത്. 1937 ലാണ് ഹന്നാ പോളണ്ടിലെ കത്തോലിക്കാ നേഴ്സുമാരുടെ അസോസിയേഷനില്‍ ചേരുന്നത്. 1939-ല്‍ രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലത്ത് ഹന്നാ ക്രാക്കോവില്‍ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മറ്റെര്‍ണിറ്റി ആന്‍ഡ്‌ നേഴ്സിംഗ് എന്ന നേഴ്സിംഗ് പരിശീലന കേന്ദം സ്ഥാപിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയും അവര്‍ക്കൊപ്പം പാവപ്പെട്ട രോഗികളുടെ വീടുകളില്‍ പോയി ശുശ്രൂഷിച്ചും ഹന്നാ തന്റെ ജീവിതം ധന്യമാക്കി. യുദ്ധത്തില്‍ അകപ്പെട്ടവര്‍ക്ക് സ്വാന്തനവും പരിചരണവും നല്‍കുന്നതിലും അവള്‍ ആനന്ദം കണ്ടെത്തി.

1966-ലാണ് അവള്‍ക്ക് കാന്‍സര്‍ പിടിപെടുന്നത്. നിരവധി ശസ്ത്രക്രിയകള്‍ നടത്തിയെങ്കിലും രോഗം മൂര്‍ച്ഛിച്ച് 1973 ഏപ്രില്‍ 23-ന് ക്രാക്കൊവില്‍ വെച്ച് അവള്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെടുകയായിരിന്നു. 1997-ല്‍ ഹന്നാ ക്രിസനോവ്സ്കായെ ദൈവദാസിയായി പ്രഖ്യാപിച്ചു. 2015 സെപ്റ്റംബര്‍ 30-നാണ് ഫ്രാന്‍സിസ് പാപ്പാ അവളെ ധന്യയായി പ്രഖ്യാപിച്ചത്.

കൊളംബിയന്‍ ആര്‍ച്ച് ബിഷപ്പ് ഇസ്മായേല്‍ പെര്‍ടോമോ, പോളണ്ടില്‍ നിന്നുള്ള ലൂയിഗി കൊസിബ, ഇറ്റലിയന്‍ സന്യാസിനികളായ മരിയ ഗാര്‍ഗനി, എലിസബത്ത് മസ്സ, സ്പാനിഷ് സന്യാസി ഗില്‍ ഗാനോ തുടങ്ങിയവരുടെ വീരോചിത പുണ്യങ്ങളാണ് മാര്‍പാപ്പ ഇന്നലെ അംഗീകരിച്ചത്.


Related Articles »